ന്യൂഡൽഹി: ഭൂമിയിൽനിന്ന് പറന്നുപൊങ്ങിയാൽ വിമാനത്തിനുള്ളിലെ സുരക്ഷ ആര് നിർവഹിക്കും? ഏതെങ്കിലും യാത്രക്കാർ അപകടകരമായ രീതിയിൽ പ്രവർത്തിച്ചാൽ വിമാനത്തിനുള്ളിലെ വിരലിലെണ്ണാവുന്ന എയർ ഹോസ്റ്റസ്സുമാർ എന്തുചെയ്യും? വിമാനത്തിന്റെ കോക്പിറ്റിലേക്ക് അതിക്രമിച്ചുകടന്നാൽ എന്താവും സ്ഥിതി?

വിമാനത്തിനുള്ളിലെ പൊലീസ് വിമാന ജീവനക്കാർ തന്നെയാണ്. പാശ്ചാത്യരാജ്യങ്ങളിൽ മുമ്പുതന്നെയുള്ള ഇത്തരം നിയന്ത്രണങ്ങൾ ഇന്ത്യൻ വിമാനക്കമ്പനികളും സ്വീകരിക്കുകയാണ്. വിമാനത്തിൽ അലമ്പുണ്ടാക്കുന്നതുവരെ നിയന്ത്രിക്കാനുള്ള നിർദ്ദേശങ്ങൾ നടപ്പാക്കാൻ വ്യോമയാന മന്ത്രാലയം ഡയറക്ടറേറ്റ് സ്വകാര്യ വിമാനക്കമ്പനികൾ ഉൾപ്പെടെയുള്ളവർക്ക് അനുവാദം നൽകി.

തെറ്റുകൾക്ക് അനുസരിച്ചാണ് വിമാനത്തിനുള്ളിലെ ശിക്ഷ. വിമാനജീവനക്കാരെയോ സഹയാത്രക്കാരെയോ അസഭ്യം പറയുന്നവർക്ക് വിമാന ജീവനക്കാർ മുന്നറിയിപ്പ് നൽകും. മറ്റൊരാളെ ദേഹത്ത് തൊട്ട് ഭീഷണിപ്പെടുത്തുകയോ കൈകാര്യം ചെയ്യുകയോ ചെയ്താൽ ഇത്തരക്കാരെ നിയന്ത്രിക്കാൻ ക്യാപ്റ്റൻ ഇടപെടും. പരസ്യ ശാസന നൽകുകയും വിമാനത്താവളത്തിൽ എത്തുമ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറുകയും ചെയ്യും.

വധഭീഷണി മുഴക്കുകയോ ആ നിലയ്ക്ക് പെരുമാറുകയോ ചെയ്യുന്നവരെ പിടികൂടി കീഴ്‌പ്പെടുത്താൻ ജീവനക്കാർക്ക് അധികാരമുണ്ട്. വിമാനം ലാൻഡ് ചെയ്യുന്ന മുറയ്ക്ക് ഇയാളെ പൊലീസിന് കൈമാറും. കോക്പിറ്റിലേക്ക് ഇരച്ചുകയറാൻ ശ്രമിക്കുകയാണെങ്കിൽ വിമാനം റാഞ്ചാനുള്ള നീക്കമായി കരുതി അക്രമിയെ കീഴ്‌പ്പെടുത്തും. പ്ലാസ്റ്റിക് വിലങ്ങുകൾ അണിയിച്ച് നിയന്ത്രിക്കാനും ജീവനക്കാർക്ക് അധികാരമുണ്ട്.

ഇന്ത്യയിൽ പുതിയതായി നടപ്പാക്കുകയാണെങ്കിലും, പാശ്ചാത്യ രാജ്യങ്ങളിൽ ഈ അധികാരം നേരത്തെ മുതൽക്ക് വിമാന ജീവനക്കാർക്കുണ്ട്. നാലുതലത്തിലാണ് ഭീഷണി പരിഗണിക്കപ്പെടുന്നത്. കൈയേറ്റവും കോക്പിറ്റിലേക്ക് കടക്കുന്ന തരത്തിലുള്ള അക്രമവും ഗുരുതരമായ കുറ്റങ്ങളായാണ് പരിഗണിക്കുക. ഇവരെ കീഴ്‌പ്പെടുത്താൻ മറ്റു യാത്രക്കാരുടെ സഹായവും തേടാനാവും. ഇത്തരത്തിൽ വിമാനത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് തോന്നുന്ന യാത്രക്കാരെ വിലങ്ങണിയിച്ച് നിയന്ത്രിക്കാനുള്ള അധികാരവും ജീവനക്കാർക്കുണ്ടാവും.