ബാംഗ്ലൂർ: ചില്ലറ വിൽപ്പന രംഗത്ത് ഇന്ത്യയിൽ വൻ വിപ്ലവമാകാനിരിക്കുന്ന ഇ-ടെയ്ൽ വെബ്‌സൈറ്റുകൾ പരമ്പരാഗത ചില്ലറ വിൽപ്പന സ്ഥാപനങ്ങൾക്ക് വെല്ലുവിളിയായി മാറിയിരിക്കുന്നുവെന്നത് ഒരു യാഥാർത്ഥ്യമാണ്. സാധാരണ ഷോപ്പുകളിൽ ഉപഭോക്താക്കൽ നേരിട്ട് ചെന്ന് വാങ്ങുന്ന വസ്തുക്കളാണ് ഇപ്പോൾ ഫ്‌ളിപ്പ്കാർട്ട്, സ്‌നാപ്ഡീൽ പോലുള്ള ഇ-ടെയിൽ സൈറ്റുകളിലൂടെ ചൂടപ്പം പോലെ വിറ്റു പോകുന്നതെന്ന പുതിയ റിപ്പോർട്ട് ഈ യാഥാർത്ഥ്യത്തെ ശരിവയ്ക്കുന്നു. മൊബൈൽ ഫോണും അനുബന്ധ ഉപകരണങ്ങളുമാണ് ഓൺലൈൻ വിൽപ്പനയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നതെന്ന് ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ റിപ്പോർട്ട് പറയുന്നു.

ഈ ഇനത്തിൽ 9,936 കോടി രൂപയുടെ കച്ചവടമാണ് ഓൺലൈനിൽ നടന്നത്. മൊത്തം ഇ-ടെയിൽ വിൽപ്പനയുടെ 41 ശതമാനം വരുമിത്. വസ്ത്രങ്ങൾ, പാദരക്ഷകൾ, വ്യക്തിഗത ഉപയോഗത്തിനുള്ള വസ്തുക്കൾ എന്നിവയാണ് രണ്ടാമതായി ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്നത്. മൊത്തം വിൽപ്പനയുടെ 20 ശതമാനം വരുന്ന ഈ ഇനത്തിൽ 4,699 കോടി രൂപയുടെ കച്ചവടം നടക്കുന്നു. 3,404 കോടി രൂപയുടെ വിൽപ്പനയുള്ള അടുക്കള ഉപകരണങ്ങൾ അടക്കമുള്ളവയാണ് മൂന്നാമത്. ഇത് മൊത്തം വിൽപ്പനയുടെ 14 ശതമാനം വരും. 2,780 കോടി രൂപയുടെ ലാപ്‌ടോപ്/നെറ്റ്ബുക്ക്/ ടാബ്ലെറ്റുകളും 1059 കോടി രൂപയുടെ വീട് അലങ്കാര വസ്തുക്കളും 648 കോടി രൂപയുടെ പുസ്‌കങ്ങളും ഇ-ടെയ്ൽ സൈറ്റുകളിലൂടെ വിറ്റഴിഞ്ഞിട്ടുണ്ടെന്നും ഐഎഎംഎഐ റിപ്പോർട്ട് പറയുന്നു. പണം നൽകാൻ കൂടുതൽ പേരും തെരഞ്ഞെടുക്കുന്നത് ക്യാഷ് ഓൺ ഡെലിവറി സംവിധാനമാണ്.

2014 ഡിസംബർ വരെയുള്ള കണക്കുകൾ പ്രകാരം ഇന്ത്യയിലെ ഇ-ടെയ്ൽ സൈറ്റുകളടക്കമുള്ള ഇ-കൊമേഴ്‌സ് വിപണിയുടെ മൂല്യം 81,525 കോടി രൂപയാണ്. ഇതിൽ സിംഹ ഭാഗമായ 61 ശതമാനവും ഓൺലൈൻ ട്രാവൽ രംഗമാണ് കൈയടക്കിവച്ചിരിക്കുന്നത്. ഓൺലൈൻ ചില്ലറ വിൽപ്പന പിന്നീടെ വരുന്നുള്ളൂ. 2015 അവസാനമാകുന്നതോടെ ഈ രംഗം അതിവേഗം വളർന്ന് ഒരു ലക്ഷം കോടി രൂപയുടെ വലിയ വിപണിയായി മാറുമെന്നും കണക്കാക്കപ്പെടുന്നു.