വെള്ളത്തിലൂടെ ഒഴുകി നടക്കുന്ന ഒരു നഗരം ഒരുപക്ഷെ മുത്തശ്ശിക്കഥകളിൽ മാത്രം കേട്ടിട്ടുള്ളതായിരിക്കും. എന്നാൽ അത് യാഥാർത്ഥ്യമാകാൻ പോവുകയാണ്. ലോകത്തിലെ ആദ്യത്തെ ഒഴുകുന്ന നഗരത്തിലെ (ഫ്ളോട്ടിങ് സിറ്റി) വീടുകൾ വില്ല്പനയാരംഭിച്ചു. 25,000 ഡോളർ മുതൽ 1.ഗ് കോടി ഡോളർ വരെയാണ് വില. കരീബിയൻ കടലിൽ ഒഴുകിനടക്കുന്ന മനുഷ്യനിർമ്മിത ബ്ലൂ എസ്റ്റേറ്റ് ഐലൻഡിലെ വീടുകളാണ് വിൽപനയ്ക്ക് വച്ചിരിക്കുന്നത്. ഏറ്റവും വിലകുറഞ്ഞ റിങ് ലെവൽ സ്റ്റുഡിയോ അപ്പാർട്ട്മെന്റുകൾക്ക് 25,000 ഡോളറാണ് വില. കൂടുതൽ ആഡംബരങ്ങൾ ആവശ്യമെങ്കിൽ വില ഇനിയും ഉയരും. ഏറ്റവും വിലകൂടിയ സൗധത്തിന്റെ വില 1.5 കോടി ഡോളർ വരും.

അൾട്രാ ഹൈ പെർഫോർമൻസ് കോൺക്രീറ്റ് മോഡ്യുളുകൾ ഉപയോഗിച്ച് പണിയുന്ന ഈ ദ്വീപിന് 4921 അടി നീളവും 3280 അടി വീതിയും ഉണ്ടായിരിക്കും. അതായത് മോണാക്കോയുടെ വലിപ്പത്തിന്റെ പകുതി വലിപ്പം വരും. വീടുകൾ മുൻകൂറായി വിൽപനയ്ക്ക് വച്ചിട്ടുണ്ടെങ്കിലും ദ്വീപിന്റെ പണി 2022 ൽ മാത്രമേ ആരംഭിക്കുകയുള്ളു. 2025 ഓടെ പണിപൂർത്തിയാക്കി ഉടമകൾക്ക് കൈമാറുമെന്നാണ് പറയുന്നത്. 2023 ഓടെ തന്നെ ചെറിയ ചെറിയ വീടുകൾ കൈമാറാൻ കഴിയുമെന്നും പ്രതീക്ഷിക്കുന്നു.

ഈ ദ്വീപിന്റെ നിർമ്മാതാക്കളായ ബ്ലൂ എസ്റ്റേറ്റ് പറയുന്നത് ഈ ദ്വീപിൽ 15,000 സ്ഥിരതാമസക്കാർ ഉണ്ടായിരിക്കും എന്നാണ്. അതുകൂടാതെ വിവിധ കച്ചവട സ്ഥാപനങ്ങൾ, ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരു ഹെൽത്ത് കെയർ ക്ലിനിക്, അതോടൊപ്പം ഒരു ഇന്റർനാഷണൽ സ്‌കൂളും. മിയാമിയിൽ നിന്നും ബഹാമിയൻ ദ്വീപുകളിൽ നിന്നും അധികം ദൂരെയല്ലാതുള്ള ഒരു സ്ഥലത്താണ് ഈ നഗരം വരുന്നതെന്നാണ് ഇതിന്റെ നിർമ്മാതാക്കൾ പറയുന്നത്. മാത്രമല്ല, ഇതിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം ഇവിടത്തെ താമസക്കാർക്ക് എല്ലാ വർഷവും പരമാവധി 340 ദിവസം വരെ നല്ല വെയിൽ കായുവാനുള്ള അവസരം നൽകും എന്നും അവർ പറയുന്നു.

വലിയ ആഡംബര നൗകകളേക്കാൾ സ്ഥിരത ഈ ഒഴുകുന്ന നഗരത്തിന് ഉണ്ടായിരിക്കും എന്നാണ് നിർമ്മാതാക്കൾ പറയുന്നത്. ഒരു ചെറിയ അനക്കം പോലും അനുഭവപ്പെടില്ലത്രെ! ഇതിനു ചുറ്റുമായുള്ള 160 അടി ഉയരത്തിലുള്ള അതിർത്തി മതിൽ എത്ര വലിയ തിരമാലയിൽ നിന്നും നഗരത്തെ സംരക്ഷിക്കുമെന്നും ഇവർ പറയുന്നു. കൊടുങ്കാറ്റ് പോലുള്ള പ്രകൃതി പ്രതിഭാസങ്ങൾ ഉണ്ടാകുമ്പോൾ ഹറിക്കെയ്ൻ ഷട്ടറുകൾ തന്നെതാനെ അടഞ്ഞ് അന്തേവാസികളെ സംരക്ഷിക്കും. മാത്രമല്ല, കൊടുങ്കാറ്റിന്റെ പാതയിൽനിന്നും ഇതിനെ മാറ്റിക്കൊണ്ടു പോകാനും സാധിക്കും.

സമ്പൂർണ്ണ കാർബൺ ഡൈ ഓക്സൈഡ് വിമുക്തമായിരിക്കും നഗരം. പുനരുപയോഗം ചെയ്യാവുന്ന സ്രോതസ്സുകളിൽ നിന്നായിരിക്കും ദ്വീപിലേക്ക് വേണ്ട വൈദ്യൂതി ഉദ്പാദിപ്പിക്കുക. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഹരിത സമൂഹമായിരിക്കും ദ്വീപിലേതെന്നാണ് ഇപ്പോൾ നിർമ്മാതാക്കൾ പറയുന്നത്.