ഹുസ്റ്റൺ: പ്രളയം തീർത്ത കെടുതികൾ ഒഴിയാതെ അമേരിക്കയിലെ വലിയ നാലാമത്തെ സിറ്റിയായ ഹൂസ്റ്റൺ. പ്രളയം മുക്കിയ വീടുകളും ഹൈവേകളുമെല്ലാം അതേ നിലയിൽ തന്നെ തുടരുന്നു. മഴയ്ക്ക് അല്പം ശമനം ഉണ്ടായതൊഴിച്ചാൽ ഹൂസ്റ്റൺ ഇപ്പോഴും പ്രളയക്കെടുതിയിൽ വലയുകയാണ്.

അതേസമയം പ്രളയക്കെടുതിക്ക് പെട്ടെന്നൊരു പരിഹാരം കണ്ടെത്താൻ സാധിക്കുന്നില്ലെന്ന് ഹൂസ്റ്റൺ മേയർ വ്യക്തമാക്കി. കാലാവസ്ഥയെ നിയന്ത്രിക്കാൻ നമുക്ക് സാധിക്കില്ലെന്നും ഇനിയും മഴയ്ക്കുള്ള സാധ്യത തള്ളിക്കളയാൻ പറ്റില്ലെന്നും മേയർ സിൽവെസ്റ്റർ ടർണർ പറഞ്ഞു. ഹൂസ്റ്റണിൽ വെള്ളപ്പൊക്കം എല്ലാ വർഷവും സംഭവിക്കുന്ന കാര്യമായി തീർന്നിരിക്കുകയാണെന്നും പ്രളയമെന്ന മഹാവിപത്ത് ഹൂസ്റ്റണിൽ നാശനഷ്ടം വിതയ്ക്കുകയാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. കഴിഞ്ഞ വർഷം മെമോറിയൽ ഡേ വാരാന്ത്യത്തിലുണ്ടായ വെള്ളപ്പൊക്കം ഹൂസ്റ്റണിൽ വൻ നാശം വിതച്ചിരുന്നു. വെള്ളപ്പൊക്കത്തിൽ പരിക്കേൽക്കാനും മരിക്കാനും സാധ്യതയുള്ള അമേരിക്കിലെ നമ്പർ വൺ നഗരമാണ് ഹൂസ്റ്റൺ എന്ന് ടെക്സാസ് എ ആൻഡ് എം യൂണിവേഴ്സിറ്റിയിലെ എൻവയൺമെന്റൽ പ്ലാനിങ് ആൻഡ് സസ്‌റ്റൈനബിലിറ്റി റിസർച്ച് യൂണിറ്റിന്റെ ഡയറക്ടർ സാമുവൽ ബ്രോഡി നിരീക്ഷിച്ചു.

ഹുസ്റ്റണിലെ ചില മേഖലകളിൽ 20 ഇഞ്ചോളമാണ് വെള്ളപ്പൊക്കം ഉണ്ടായിരിക്കുന്നത്. ഒരു അടിയോളം വെള്ളം പൊങ്ങിയ സ്ഥലങ്ങൾ ഏറെയാണ് ഹൂസ്റ്റണിൽ. മിക്ക സ്‌കൂളുകളും ഇതുവരെ തുറന്നു പ്രവർത്തിച്ചിട്ടില്ല. പതിനായിരത്തിലധികം കുടുംബങ്ങൾക്ക് വൈദ്യുതി ഇനിയും തിരിച്ചു ലഭിച്ചിട്ടില്ല.