സിഡ്‌നി: മൂന്നു ദിവസമായി തുടരുന്ന പേമാരിയിൽ ന്യൂ സൗത്ത് വേൽസ് മുങ്ങി. വെള്ളപ്പൊക്കം മൂലം മിക്കയിടങ്ങളിൽ നിന്നും ആളുകളെ ഒഴിപ്പിക്കാൻ തുടങ്ങിയിരിക്കുകയാണ്. റോഡുകൾ തോടുകളായി മാറിയതോടെ ഗതാഗത തടസവും നേരിട്ടിരിക്കുകയാണ്. മഴയ്‌ക്കൊപ്പം കാറ്റും വീശുന്നതിനാൽ വൈദ്യുതി ബന്ധവും പരക്കെ വിഛേദിക്കപ്പെട്ടു.

ഈസ്റ്റ് കോസ്റ്റിനെ ഉലച്ചു കൊണ്ട് തകർത്തു പെയ്യുന്ന മഴയെ തുടർന്ന് സിഡ്‌നിയുടെ പലഭാഗങ്ങളിലും മിന്നൽ പ്രളയം ശക്തമായി. ന്യൂ സൗത്ത് വേൽസിന്റെ ഹണ്ടർ മേഖലയാണ് വെള്ളപ്പൊക്ക കെടുതി മൂലം ഏറെ ബുദ്ധിമുട്ടുന്നത്. 150 വർഷത്തിനിടയ്ക്ക് ജനുവരി മാസത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും കൂടിയ തോതിലുള്ള മഴയാണ് ന്യൂകാസിലിൽ രേഖപ്പെടുത്തിയത്. ചില പ്രദേശങ്ങളിലാകട്ടെ ഒരു മാസത്തെ മഴ രണ്ടു ദിവസത്തിനുള്ളിൽ പെയ്തു തീരുകയായിരുന്നു. ന്യൂകാസിലിൽ തന്നെ  24 മണിക്കൂറിനുള്ളിൽ 200 മില്ലി മീറ്റർ മഴയാണ് രേഖപ്പെടുത്തിയത്.

വെള്ളപ്പൊക്കം ശക്തമായതിനെ തുടർന്ന് റേയ്മണ്ട് ടെറസിലുള്ള 30 കുടുംബങ്ങളെ ഒഴിപ്പിച്ചിട്ടുണ്ട്. ബുൾഗ മേഖലയിൽ 24 മണിക്കൂറിനുള്ളിൽ 130 മില്ലി മീറ്റർ മഴയാണ് പെയ്തത്. തുടർന്ന് വോളോംബി ബ്രൂക്കിൽ പ്രളയ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വാഹനങ്ങളുമായി ബന്ധപ്പെട്ട അപകടങ്ങളെ തുടർന്ന് ചൊവ്വാഴ്ച തന്നെ 100-ലധികം കോളുകളാണ് പാരാമെഡിക്കൽ ആംബുലൻസ് സർവീസിന് ലഭിച്ചത്.

മഴ ഇനിയും തുടരുമെന്നതിനാൽ കൂടുതൽ രക്ഷാപ്രവർത്തനങ്ങൾക്കായി സജ്ജമായിരിക്കുകയാണ് ആംബുലൻസ് സർവീസ്. ഈർപ്പമാർന്ന കാലാവസ്ഥ മൂലം കാഴ്ചയ്ക്ക് മങ്ങൽ സൃഷ്ടിക്കുമെന്നും റോഡുകളിൽ വെള്ളമുള്ളതിനാൽ വാഹനയാത്ര അപകടകരമാണെന്നും മുന്നറിയിപ്പുണ്ട്. വാഹനവുമായി കഴിവതും പുറത്തിറങ്ങരുതെന്നാണ് നിർദ്ദേശം. ഹണ്ടർ മേഖളയിലുള്ള വില്യം ടൗണിൽ 24മണിക്കൂറിനുള്ളിൽ 200 മില്ലി മീറ്റർ മഴയാണ് രേഖപ്പെടുത്തിയത്.

ശക്തമായ മഴയെ തുടർന്ന് ന്യൂകാസിൽ എയർപോർട്ട് നാലു മണിക്കൂർ നേരത്തേക്ക് അടച്ചിട്ടിരുന്നു. റൺവേയിൽ വെള്ളം കയറിയതിനെ തുടർന്നാണ് എയർപോർട്ട് താത്ക്കാലികമായി അടച്ചത്. നദികളിലെജലനിരപ്പും അപകടകരമായ നിലയിൽ ഉയർന്നുകൊണ്ടിരിക്കുകയാണ്. ഗ്ലൗസെസ്റ്റർ നദിയിൽ ജലനിരപ്പ് 4.2 മീറ്റർ ആയി ഉയരുകയാണ്. താഴ്ന്ന പ്രദേശങ്ങളായ ഡൺഗോഗ് പോലെയുള്ള ഇടങ്ങളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്. സ്‌റ്റേറ്റ് എമർജൻസി സർവ്വീസിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനങ്ങൾ നടക്കുന്നത്. ഹണ്ടർ വാലിയിലെ പല വീടുകളിൽ നിന്നും സാധനങ്ങൾ ഒഴുകിപോയി. ഇന്ന് അപകടകരമായ നിലയിൽ മണിക്കൂറിൽ 90 കിലോമീറ്റർ വേഗതയിൽ കാറ്റ് ആഞ്ഞു വീശാൻ സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കുന്നു.

പല പ്രധാന റോഡുകളും വെള്ളപ്പൊക്കം രൂക്ഷമായതിനെ തുടർന്ന് അടച്ചിട്ടിരിക്കുകയാണ്. ഡെയ്റ്റ്‌സ്‌ഹെഡിലെ ലെയ്ക്ക് സ്ട്രീറ്റിനും ഓക്ക്‌ഡെയ്ൽ റോഡുമായി ബന്ധപ്പെട്ട പസഫിക് ഹെവേ അടച്ചിട്ടിരിക്കുകയാണ്. റെഡ്‌ഹെഡിലെ സീസാന്റ്‌സിനടുത്തുള്ള കലാരൂ റോഡ്, റെയ്മണ്ട് ടെറാക് റോഡ് തുടങ്ങി പല പ്രധാന റോഡുകളും വെള്ളപ്പൊക്ക ഭീഷണിയെ തുടർന്ന് ഗതാഗതം നിർത്തിവച്ചിരിക്കുകയാണ്.