- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രളയത്തിന്റെ പേരിൽ നാട്ടിൽ നിന്നും പുറംനാട്ടിൽ നിന്നും കോടികൾ പിരിച്ചെടുത്തു; പിന്നാലെ റീബിൽഡ് കേരളയുടെ പേരിലും നടന്നത് ധൂർത്ത്; എല്ലാം കഴിഞ്ഞപ്പോൾ വീണ്ടും വിവര ശേഖരണം നടത്താൻ സർക്കാർ; കൂടുതൽ തുക ലഭ്യമാക്കാനെന്ന് വിശദീകരണം
കൊല്ലം: 2018-ലെയും 2019-ലെയും പ്രളയത്തിൽ തകർന്ന വീടുകളുടെ വിവരശേഖരണം സർക്കാർ വീണ്ടും നടത്തുന്നതിൽ വിമർശനം ഉയരുന്നു. പ്രളയം കഴിഞ്ഞ് ഇതിന്റെ പേരിൽ കോടികൾ പിരിച്ചെടുക്കുകയും ചെയ്ത ശേഷമാണ് ഇപ്പോൾ സർക്കാർ വീണ്ടും വിവരശേഖരണം നടത്തുന്നത് എന്നതിലാണ് വിമർശനം ഉയരുന്നത്. നേരത്തെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നും ധനസഹായം നൽകിയിരുന്നു. പൂർണമായി തകർന്നതോ വാസയോഗ്യമല്ലാത്തതോ ആയ വീടുകൾക്ക് നാലുലക്ഷം രൂപയാണ് പരമാവധി നൽകുന്നത്. വീടിന്റെ നാശനഷ്ടം 75 ശതമാനത്തിൽ കൂടുതലാണെങ്കിലാണ് ഈ തുക. എന്നാല്, ഈ തുക അപര്യാപ്തമാണെന്ന് പലരും ചൂണ്ടിക്കാട്ടുകയുണ്ടായി
നാശനഷ്ടം കുറവാണെങ്കിൽ ആനുപാതികമായി തുക കുറയും. കുറഞ്ഞനിരക്കിൽ ലഭിച്ച ധനസഹായംകൊണ്ട് പലർക്കും വീട് വാസയോഗ്യമാക്കാൻ കഴിഞ്ഞില്ലെന്നാണ് സർക്കാരിനു ലഭിച്ച റിപ്പോർട്ട്. ഇവർക്ക് വീട് പുനർനിർമ്മിക്കുമ്പോൾ അധികസഹായം നൽകാനാണ് തീരുമാനം. ദുരന്ത പ്രതികരണനിധിയിൽനിന്ന് ഇതിനകം നൽകിയ ധനസഹായം കഴിഞ്ഞുള്ള തുക തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽനിന്നാകും നൽകുക. മൊത്തംതുക നാലുലക്ഷം രൂപയിൽ കൂടരുത്. ഈ കുടുംബങ്ങൾ ലൈഫ് ഭവനനിർമ്മാണ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെങ്കിലും ധനസഹായം നൽകുന്നതിന് വികേന്ദ്രീകൃതാസൂത്രണസമിതി തീരുമാനിച്ചിട്ടുണ്ട്.
ഇത്തരത്തിൽ അർഹതയുള്ള വീടുകൾ കണ്ടെത്താനാണ് വീണ്ടും കണക്കെടുപ്പ് നടത്തുന്നത്. വാസയോഗ്യമല്ലാത്ത വിധം തകർന്നതും നാലുലക്ഷം രൂപ ധനസഹായം ലഭിക്കാത്തതുമായ എത്ര വീടുകളുണ്ടെന്നാണ് പരിശോധിക്കുന്നത്. വീട് പൂർണമായി തകർന്നിട്ടും സർക്കാർ നിശ്ചയിച്ച നിരക്കിൽ നാലുലക്ഷം രൂപ ലഭിക്കാത്ത ഗുണഭോക്താക്കളുടെ വിവരവും ശേഖരിക്കുന്നുണ്ട്.
പഞ്ചായത്ത്, നഗരകാര്യ ഡയറക്ടർമാർക്കാണ് വിവരശേഖരണത്തിന്റെ ചുമതല. ജില്ലാതലത്തിൽ തകർന്ന വീടുകളുടെ എണ്ണം, പുനർനിർമ്മിക്കാൻ പൂർണമായും ധനസഹായം നൽകിയവ, പുനർനിർമ്മാണം ആവശ്യമുള്ളതും ഭാഗികമായി ധനസഹായം ലഭിച്ചതുമായ വീടുകൾ, ലഭിച്ച ധനസഹായം, ഇനി ലഭിക്കേണ്ട തുക എന്നീ വിവരങ്ങളാണ് രേഖപ്പെടുത്തേണ്ടത്.
തകർച്ചയുടെ തോതനുസരിച്ച് അഞ്ചുവിഭാഗമായാണ് നഷ്ടപരിഹാരം നൽകിയത്. തകർച്ച 15 ശതമാനംവരെ-10,000 രൂപ, 16-29 ശതമാനം-60,000 രൂപ, 30-59 ശതമാനം-1,25,000 രൂപ, 60-74 ശതമാനം-2,50,000 രൂപ, 75 ശതമാനത്തിനുമുകളിൽ-4,00,000 രൂപ എന്നിങ്ങനെയായിരുന്നു അനുവദിച്ചത്. 2018-ലെ പ്രളയത്തിൽ 17,067 വീടുകൾ പൂർണമായും തകർന്നെന്നും 3,06,766 വീടുകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചെന്നുമാണ് റീബിൽഡ് കേരളയുടെ കണക്ക്. 60-74 ശതമാനം നാശനഷ്ടമുണ്ടായത് 17,571 വീടുകൾക്കാണ്. 2019-ലെ പ്രളയത്തിൽ 63,332 വീടുകൾക്ക് നാശനഷ്ടം നേരിട്ടെന്നാണ് കണക്ക്. 75 ശതമാനത്തിനുമേൽ നാശനഷ്ടമുണ്ടായത് 3,482 വീടുകൾക്കും 60-74 ശതമാനം നാശനഷ്ടമുണ്ടായത് 1371 വീടുകൾക്കുമാണ്.
മറുനാടന് മലയാളി ബ്യൂറോ