ചെന്നൈ: മനുഷ്യരാശി തുടങ്ങിയ കാലം മുതൽ മഹാദുരന്തങ്ങൾ ഉണ്ടായിട്ടുണ്ട്. അതിനെയൊക്കെ സംഖശക്തിയുടെ ബലത്തിൽ തോൽപ്പിച്ചാണ് മനുഷ്യന്റെ അതിജീവനം. രണ്ട് ദിവസങ്ങളായി ചെന്നൈ നഗരം കനത്ത മഴയിൽപ്പെട്ട് ദുരിതം പേറുകയാണ്. വെള്ളവും ഭക്ഷണവും ലഭിക്കാതെ ചേരികളിൽ കഴിയുന്നത് തന്നെ ലക്ഷക്കണക്കിന് ആളുകളാണ്. എന്നാൽ, ഈ പ്രളയം ചെന്നൈ നഗരവാസികളെ ഒരുമിപ്പിക്കുകയാണ്. കിടക്കാൻ ഇടമില്ലാതെ ബുദ്ധിമുട്ടുന്നവർക്ക് താൽക്കാലികമായി താമസ സൗകര്യം ഒരുക്കാൻ തയ്യാറായി നിരവധി പേർ രംഗത്തെത്തി. സിനിമാ താരങ്ങൾ അടക്കമുള്ളവരും സഹായവാഗ്ദാനവുമായി എത്തിയിട്ടുണ്ട്.

ചെന്നൈ നഗരം ഇതുവരെ കണ്ടതിൽവച്ച് ഏറ്റവും വലിയ പ്രളയത്തെയാണ് അഭിമുഖീകരിക്കുന്നത് എന്നതിനാൽ ഫേസ്‌ബുക്കില്ലൂടെയും മറ്റും സഹായം അറിയിച്ചുകൊണ്ട് നിരവധി പേർ രംഗത്തെതി. പ്രളയാബാധ സാരമായി ബാധിക്കാത്തവാണ് മറ്റുള്ളവരെ സഹായിക്കാൻ സന്നദ്ധത അറിയിച്ചത്. മലയാളികൾ അടക്കമുള്ളവർ തങ്ങളുടെ ടെറസും റൂമുകളും ഒരു പരിചയവും ഇല്ലാത്തവർക്ക് തുറന്നു കൊടുത്തു. പ്രളയത്തെ തുടർന്ന് കടുത്ത ഭക്ഷണ ദാരിദ്ര്യമാണ് ചെന്നൈ അനുഭവിക്കുന്നത്. അതുകൊണ്ട് തന്നെ ഉള്ള ഭക്ഷണം ഷെയർ ചെയ്യാമെന്ന ഓഫറും ഇവർ മുന്നോട്ടു വെക്കുന്നുണ്ട്. ഫേസ്‌ബുക്കിലൂടെ ഫോൺനമ്പറും മറ്റു വിവരങ്ങളും നൽകിയാണ് ദുരിതത്തെ നേരിടാൻ ചെന്നൈ നഗരം ഒരുമിച്ചിരിക്കുന്നത്.

നടൻ മമ്മൂട്ടിയും തന്റെ വീട് ദുരിതബാധിതർക്ക് വേണ്ടി തുറന്നുകൊടുത്തു. തന്റെ വീട് കൂടാതെ പ്രളയത്തിൽ ദുരിതം അനുഭവിക്കുന്നവർക്ക് എവിടെ റൂം ലഭിക്കുമെന്ന് കാണിച്ച് അഡ്രസും ഫോൺ നമ്പറും അടക്കം താരം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് ചെന്നൈയിൽ കുടുങ്ങിയ പലർക്കും ഏറെ സഹായകരമായിട്ടുണ്ട്. മമ്മൂട്ടിയുടെ ശ്രമത്തെ ആയിരങ്ങളാണ് അഭിനന്ദിച്ചത്. മമ്മൂട്ടിക്ക് ലഭിച്ചതു പോലെ തന്നെയാണ് സ്വന്തംവീട് അന്യർക്കായി തുറന്നു കൊടുത്തവർക്ക് ലഭിച്ചത്.

ചെന്നൈയിൽ എത്തി കുടുങ്ങിയ മലയാളികൾ അടക്കമുള്ളവർക്ക് സഹായവാഗ്ദാനവുമായി ചെന്നൈ മലയാളികളും രംഗത്തുണ്ട്. ഇത് കൂടാതെ സിനിമാ രംഗത്തുള്ളവരും താരജാഢകൾ വെടിഞ്ഞ് ജനങ്ങളെ സഹായിക്കാൻ രംഗത്തുണ്ട്. തമിഴ്‌നാട്ടിലെ മിക്ക താരങ്ങളും പണം ദുരിതാശ്വാസ ഫണ്ടിലേക്ക് പണം നൽകിയിട്ടുണ്ട്. മലയാളത്തിൽനിന്നും നടി മഞ്ജു വാര്യരാണ് സഹായവാഗ്ദാനം നൽകി രംഗത്തെത്തിയത്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്കാണ് മഞ്ജു ഒരു ലക്ഷം രൂപ സമ്മാനിച്ചത്. കേരളത്തിൽ നിന്ന് ആദ്യമായി സഹായധനം നൽകുന്ന കാര്യം പ്രഖ്യാപിച്ചത് മഞ്ജു വാര്യരാണ്.

ATTENTION PLEASE... Spread this message.People in Chennaifor accommodation contact: People who are stuck near...

Posted by Mammootty on Wednesday, December 2, 2015

അതേസമയം കോളിവുഡിലെ താരങ്ങളും നഗരവാസികൾ എല്ലാവരും ഒരുമിച്ച് നിൽക്കണമെന്ന് ആഹ്വാനം ചെയ്ത് രംഗത്തുണ്ട്. താരജാഢകളൊന്നുമില്ലാതെയാണ് വെള്ളിത്തിരയിലെ നക്ഷത്രങ്ങൾ പ്രളയബാധിതകരെ സഹായിക്കാൻ രംഗത്തുള്ളത്. നടൻ സിദ്ധാർത്ഥ് ചെന്നൈയിൽ താമസിക്കാൻ ലഭിക്കുന്ന ഇടങ്ങളെ കുറിച്ചും മറ്റുള്ള കാര്യങ്ങൾ ഷെയർ ചെയ്യുന്നുണ്ട്. ഗതാഗത സൗകര്യം ആവശ്യമുള്ളവരെ സഹായിക്കാൻ താൻ തയ്യാറാണെന്ന് സിദ്ധാർത്ഥ് വ്യക്തമാക്കിയിട്ടുണ്ട്. സിദ്ധാർത്ഥിന്റെ പാതയിൽ മറ്റ് താരങ്ങളും ചെന്നൈയിൽ കുടുങ്ങിയവരെ സഹായിക്കാൻ മുന്നോട്ടു വന്നു. ഭക്ഷണവും താമസ സൗകര്യങ്ങളും വാഗ്ദാനം ചെയ്ത് താരങ്ങൾ രംഗത്തുണ്ട്.