മെരിലാൻഡ്: അമേരിക്കയിലെ നാല് സംസ്ഥാനങ്ങളെ തൂത്തെറിയുമെന്ന ആശങ്കയോടെ ഫ്‌ളോറൻസ് കൊടുങ്കാറ്റ് ശക്തിപ്രാപിക്കുന്നു. പത്തുലക്ഷത്തിലധികം ജനങ്ങളെയാണ് കൊടുങ്കാറ്റിന് മുന്നോടിയായി ഒഴിപ്പിക്കുന്നത്. കാറ്റഗറി നാലിൽ ഉൾപ്പെടുന്ന ഫ്‌ളോറൻസ് കൊടുങ്കാറ്റ് നോർത്ത്, സൗത്ത് കരോലിന സംസ്ഥാനങ്ങൾക്ക് അരികിലെത്തിയതായി കാലാവസ്ഥാ മുന്നറിയിപ്പുകളുണ്ട്. വ്യാഴാഴ്ചയോടെ തീരമേഖലകളിൽ കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്നാണ് കരുതുന്നത്.

നോർത്ത്, സൗത്ത് കരോലിനകളിലും വിർജീനിയ, മെരിലാൻഡ് എന്നീ സംസ്ഥാനങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. പത്തുലക്ഷത്തോളം പേരെ നിർബന്ധിതമായി ഒഴിപ്പിച്ചുകഴിഞ്ഞു. സൗത്ത് കരോലിന സംസ്ഥാനം അതിന്റെ തീരമേഖലയിലെ ജനവാസം പൂർണമായും നിരോധിച്ചു. നോർത്ത് കരോലിനയും തീരപ്രേദേശമായ ഡെയർ കൗണ്ടി മേഖലയിൽനിന്ന് രണ്ടരലക്ഷത്തോളം പോരോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഫ്‌ളോറൻസ് മണിക്കൂറിൽ 130 മൈലിലേറെ വേഗത്തിൽ ആഞ്ഞുവീശുമെന്നാണ് കരുതുന്നത്. ഇതോടൊപ്പമുണ്ടാകുന്ന കനത്തമഴ പ്രദേശത്ത് വെള്ളപ്പൊക്കത്തിനും കാരണമാകുമെന്നും കരുതുന്നു.

നിലവിൽ 130 മൈൽ വേഗമാണ് ഫ്‌ളോറൻസിന് പ്രതീക്ഷിക്കുന്നതെങ്കിലും അതിലേറെ ശക്തിപ്രാപിക്കാനും സാധ്യതയുണ്ടെന്ന് നാഷണൽ ഹറിക്കേൻ സെന്റർ വ്യക്തമാക്കി. കനത്ത നാശനഷ്ടമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അത് നേരിടാൻ പൂർണസജ്ജമായിക്കഴിഞ്ഞതായും സൗത്ത് കരോലിനയിലെ ദുരന്ത നിവാരണ ഏജൻസി വ്യക്തമാക്കി. തീരമേഖലയിലുള്ള ജാസ്പർ, ബ്യൂഫോർട്ട്, കലട്ടൺ, ചാർലെസ്റ്റൺ, ഡോർചെസ്റ്റർ, ജോർജ്ടൗൺ, ഹോരി, ബെർക്ക്‌ലി എന്നീ കൗണ്ടികളിൽനിന്നുള്ളവരോട് നിർബന്ധമായയും ഒഴിഞ്ഞുപോകാൻ ഗവർണർ ഹെന്റി മക്മാസ്റ്റർ ആവശ്യപ്പെട്ടു.

നാല് സംസ്ഥാനങ്ങളിലെയും ഗവർണർമാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. നോർത്ത്, സൗത്ത് കരോലിന മേഖലയിലെയും ഈസ്റ്റ് കോസ്റ്റിലെയും സ്ഥിതിഗതികൾ വളരെ മോശമാണെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ട്വീറ്റ് ചെയ്തു. ഇവിടങ്ങളിലുള്ളവരോട് വേണ്ട മുൻകരുതലുകളെടുക്കാനും അധികൃതരുടെ നിർദേശങ്ങൾ പാലിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. കാലാവസ്ഥാ മുന്നറിയിപ്പുകൾ നിർബന്ധമായും പാലിക്കണമെന്നും ഫെഡറൽ ഗവൺമെന്റ് ആവശ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും ട്രംപ് പറഞ്ഞു.

തീരത്ത് പത്തടി ഉയരത്തിലെങ്കിലും തിരമാലകൾ ആഞ്ഞടിക്കാൻ സാധ്യതയുള്ളതായും കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൊടുങ്കാറ്റ് അടിക്കുമെന്ന പാതയിൽ ആറോളം ന്യൂക്ലിയർ റിയാക്ടറുകളുള്ളതും കൽക്കരിയുടേതുൾപ്പെടെ ഒട്ടേറെ വ്യവസായ മാലിന്യ സംസ്‌കരണ പ്ലാന്റുകളുള്ളതും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ചരിത്രത്തിലെ ഏറ്റവും വലിയ കൊടുങ്കാറ്റാണ് ഫ്‌ളോറൻസെന്ന് നാഷണൽ ഹറിക്കേൻ സെന്റർ ഡയറക്ടർ കെൻ ഹ്രഹാം മുന്നറിയിപ്പ് നൽകി.

വാഷിങ്ടണിലും പരിസരങ്ങളിലും ഒരാഴ്ചയോളമായി കനത്ത മഴ പെയ്യുന്നുണ്ട്. അലക്‌സാൻഡ്രിയ, വിർജീനീയ തുടങ്ങിയ ഭാഗങ്ങളിൽ വെള്ളപ്പൊക്കവുമുണ്ട്.. ഞായറാഴ്ച വെള്ളപ്പൊക്കത്തിൽപ്പെട്ട് ഒരാൾ മരിച്ചു. ഫ്ളോറിഡയിലെ ഡെയ്‌റ്റോണ ബീച്ചിൽ സർഫിങ് നടത്തുകയായിരുന്ന രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.