മെൽബൺ: രാജ്യത്ത് ഫ്‌ലൂ ഈ വർഷം ശക്തമായി പിടിമുറുക്കിയതായി ആരോഗ്യവകുപ്പ്. ജനുവരി മുതൽ മെയ്‌ വരെയുള്ള കാലയളവിൽ രാജ്യവ്യാപകമായി 8914 ഫ്‌ലൂ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഈ വർഷം ആദ്യ അഞ്ചു മാസം ഫ്‌ലൂ കേസുകളിലുണ്ടായ റെക്കോർഡ് വർധനയിൽ ആശങ്ക രേഖപ്പെടുത്തിയിരിക്കുകയാണ് അധികൃതർ.

ഫ്‌ലൂ രോഗബാധ മുൻ വർഷത്തേ അപേക്ഷിച്ച് 43 ശതമാനമാണ് ആദ്യ അഞ്ചു മാസത്തിലുണ്ടായിരിക്കുന്നത്. കഴിഞ്ഞ മാസം തന്നെ ഓരോ ഒരു ലക്ഷം പേരിലും 109 ഇൻഫ്‌ലുവൻസാ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പൊതുവേ മേസ് മാസങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഫ്‌ലൂകേസുകളെക്കാൾ കൂടുതലാണിത്. 2009-ൽ  സ്വൈൻ ഫ്‌ലൂ പിടിപെട്ടതു മാത്രമാണ് ഇതിന് ഒരു അപവാദമായിട്ടുള്ളത്.

അതേസമയം ഫ്‌ലൂ സംബന്ധിച്ച് രേഖപ്പെടുത്തിയ റിപ്പോർട്ടുകൾ ലാബ് പരിശോധനകളുടെ അടിസ്ഥാനത്തിലായതിനാൽ യഥാർഥ കണക്കുകൾ ഇതിനെക്കാൾ ഭീകരമായിരിക്കുമെന്നാണ് പറയപ്പെടുന്നത്. ഫ്‌ലൂ ലക്ഷണത്തെ തുടർന്ന്‌നിരവധി പേർ ജിപിയെ സന്ദർശിക്കാൻ പോകുമെങ്കിലും അതിൽ ചെറിയൊരു ശതമാനം മാത്രമാണ് ലാബ് ടെസ്റ്റുകൾക്കു വിധേയമാകുന്നത്. മറ്റു ചിലരാകട്ടെ ജിപികളെ സന്ദർശിക്കുക പോലുമില്ലാതെ സ്വയം ചികിത്സ നടത്താറുമുണ്ട്. അതുകൊണ്ടു തന്നെ ഫ്‌ലൂ സംബന്ധിച്ച കണക്കുകൾ മഞ്ഞുമലയുടെ മുകൾഭാഗം പോലെയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

സാധാരണയായി ഓസ്‌ട്രേലിയയിൽ ഫ്‌ലൂ സീസൺ മെയ്‌ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിലാണ് രേഖപ്പെടുത്താറുള്ളത്. വിന്റർ ആകുമ്പോഴേയ്ക്കും ഇതിന്റെ ആധിക്യം പാരമ്യതയിൽ എത്തിയിരിക്കും. കഴിഞ്ഞവർഷം ഓഗസ്റ്റിലായിരുന്നു ഏറ്റവുമധികം ഫ്‌ലൂ രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഓഗസ്റ്റിൽ തന്നെ 27,000 പേർക്കായിരുന്നു ഫ്‌ലൂ പിടിപെട്ടത്. 72 പേരിൽ ഒരാൾ എന്നായിരുന്നു അന്നത്തെ തോത്. ഇതിനെ കടത്തിവെട്ടും വിധമാണ് ഈ വർഷം ഫ്‌ലൂ ബാധ രേഖപ്പെടുത്തുന്നത്. അതുകൊണ്ടു തന്നെ ഫ്‌ലൂവിനെതിരേ ആരോഗ്യവകുപ്പ് സ്വീകരിക്കേണ്ട നടപടികൾ ത്വരിതപ്പെടുത്തണമെന്നാണ് ആവശ്യമുയർന്നിരിക്കുന്നത്.

എന്നാൽ പഴയതു പോലെ ഫ്‌ലൂവിനെതിരേയുള്ള വാക്‌സിനുകൾ ഇപ്പോൾ ഫലവത്താകുന്നില്ലെന്നും പരാതിയുണ്ട്. ഇപ്പോൾ കണ്ടുവരുന്ന ഇൻഫ്‌ലൂവൻസയെ പ്രതിരോധിക്കാൻ നിലവിലുള്ള ഫ്‌ലൂ വാക്‌സിന് കഴിയില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. എന്നിരുന്നാലും കഴിവതും പേർ ഫ്‌ലൂ വാക്‌സിൻ സ്വീകരിക്കണമെന്നും രോഗം കലശാകാതിരിക്കാൻ ഇതുകൊണ്ടു സാധിക്കുമെന്നുമാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്.