ഡബ്ലിൻ: ഫ്‌ലൂറൈഡേറ്റഡ് വെള്ളം ലഭ്യമാകുന്ന മേഖലകളിൽ ജീവിക്കുന്നവരുടെ ദന്താരോഗ്യം മെച്ചപ്പെട്ടതായിരിക്കുമെന്ന് പുതിയ കണ്ടുപിടുത്തം. ട്രിനിറ്റി കോളേജ് ഡബ്ലിൻ നടത്തിയ പഠനത്തിലാണ് താഴ്ന്ന ലെവലിൽ ഫ്‌ലൂറൈഡ് കലർന്ന ശുദ്ധ ജലം ലഭ്യമാകുന്ന മേഖലകളിൽ താമസിക്കുന്നവരുടെ ദന്താരോഗ്യം മെച്ചപ്പെട്ടതായിരിക്കുമെന്ന് കണ്ടെത്തിയിരിക്കുന്നത്. ഇത്തരത്തിൽ അയ്യായിരം മുതിർന്നവരെ ഉൾപ്പെടുത്തിയാണ് പഠനം സംഘടിപ്പിച്ചത്.

ദന്താരോഗ്യം കാത്തുസൂക്ഷിക്കുന്നതിൽ ഫ്‌ലൂറൈഡിന് നല്ല പങ്കുണ്ടെന്ന് ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുകയാണെന്ന് ഡബ്ലിൻ ഡെന്റൽ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ പ്രഫ. ബ്രയാൻ ഒ കോനൽ വ്യക്തമാക്കി. ഐറീഷ് ലോംജിറ്റിയൂഡിനൽ സ്റ്റഡി ഓൺ ഏജിങ് ആയ ടിൽഡയിലും പങ്കെടുത്തിട്ടുള്ളവരായിരുന്നു മുതിർന്നവർ. 2006-ൽ സ്ഥാപിതമായ ടിൽഡയിൽ 50നു മേൽ പ്രായമുള്ള എണ്ണായിരത്തിലധികം പേരാണ് അംഗങ്ങളായിട്ടുള്ളത്.

പത്തുവർഷമായി ഇവരുടെ ആരോഗ്യപരമായും സാമൂഹിക, സാമ്പത്തിക അവസ്ഥകൾ ടിൽഡ ചാർട്ട് ചെയ്തുവരുന്നു. 2006-ലെ സെൻസസ് അനുസരിച്ച് 84 ശതമാനത്തോളം വീടുകളിൽ ഫ്‌ലൂറൈഡേറ്റഡ് വെള്ളമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ടിൽഡയിൽ അംഗമായവരുടെ ദന്താരാഗ്യോവും ബോൺ ഡെൻസിറ്റിയും പരിശോധനയ്ക്കു വിധേയമാക്കുകയും ചെയ്തു.

1964-ലാണ് അയർലണ്ടിൽ വാട്ടർ ഫ്‌ലൂറൈഡേഷൻ തുടങ്ങിയത്. കുട്ടികളിലെ ദന്താരോഗ്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് നേരിയ തോതിൽ വെള്ളത്തിൽ ഫ്‌ലൂറൈഡ് കലർത്തിയത്. എന്നാൽ ഫ്‌ലൂറൈഡേഷൻ പിന്നീടുള്ള ജീവിതത്തിൽ എന്തുമാറ്റം സംഭവിപ്പിക്കും എന്ന കാര്യത്തിൽ പിന്നീട് പഠനങ്ങൾ ഒന്നും അരങ്ങേറിയിട്ടില്ലെന്ന് പ്രഫ. ഒ കോനൽ വ്യക്തമാക്കുന്നു. വാട്ടർ ഫ്‌ലൂറൈഡേഷനെ ചില ആൾക്കാർ എതിർക്കുകയും ചില കൗൺസിലുകൾ ഇതിനെതിരേ വോട്ടുരേഖപ്പെടുത്തുകയും ചെയ്തു. ആരോഗ്യകാരണങ്ങൾ നിരത്തിയാണ് ഇവർ ഇതിനെ എതിർത്തത്.

ഇത്തരത്തിലുള്ള എതിർപ്പിനെ തുടർന്ന് സർക്കാർ ഹെൽത്ത് റിസർച്ച് ബോർഡിനോട് ഫ്‌ലൂറൈഡേഷനെ കുറിച്ച് പഠനം നടത്താൻ ആവശ്യപ്പെട്ടിട്ടിരുന്നു. ഇതിന്റെ റിപ്പോർട്ട് അടുത്ത മാസം മധ്യത്തോടു കൂടി പ്രസിദ്ധീകരിക്കും.