കൊരട്ടി: വികാരിയെയും കൈക്കാരെയും മാറ്റി നിർത്തി കൊരട്ടി പള്ളിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള രൂപതയുടെ നീക്കത്തിന് തുടക്കത്തിലെ കല്ലുകടി. തങ്ങൾ എഴുതി നൽകിയ ആവശ്യങ്ങൾ അംഗീകരിക്കാതെ അരമനയിൽ നിന്നും നിയോഗിക്കുന്ന വൈദികനെ വികാരിയായി ചുമതല ഏൽക്കാൻ അനുവദിക്കില്ലന്ന് ഇടവക കൂട്ടായ്മ. ഇത് വ്യക്തമാക്കി കൂട്ടായ്മയുടെ പേരിൽ പല സ്ഥലത്തും ഫ്‌ളക്‌സ് ബോർഡുകൾ ഉയർന്നു.

പള്ളിയുടെ പണവും സ്വർണ്ണവും കൊള്ളയടിച്ചെന്ന് ഇടവക കമ്മീഷനും അരമന കമ്മീഷനും കണ്ടെത്തിയ വികാരി മാത്യു മണവാളനെയും കൂട്ടാളികളെയും മാർ സൈബാസ്റ്റ്യൻ എടയന്ത്രത്തും ജോസ് മാർ പുത്തൻ വീട്ടിലും സംരക്ഷിക്കുന്നത് വീതം ലഭിച്ചിട്ടാണോ എന്നുള്ള ചോദ്യവും ബോർഡുകളിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

നിലവിലെ സാഹചര്യത്തിൽ പ്രശ്‌നം പരിഹരിക്കുന്നതിന് രൂപത ആരംഭിച്ചിട്ടുള്ള നീക്കം ഫലപ്രാപ്തിയിലെത്തുമോ എന്ന ആശങ്ക വ്യാപകമായിട്ടുണ്ട്. സാമ്പത്തിക തട്ടിപ്പും സ്വർണം മറിച്ചുവിറ്റതായും മറ്റും ആരോപണം നേരിടുന്ന വികാരി ഫാ.മാത്യൂ മണവാളനെ തൽസ്ഥാനത്തുനിന്നും മാറ്റി നിർത്തുമെന്ന് കഴിഞ്ഞ ദിവസം രൂപതാ നേതൃത്വം വിശ്വാസികളെ അറിയിച്ചിരുന്നു. രൂപതയെ പ്രതിനിധീകരിച്ച് പള്ളിയിലെത്തിയ ഫാ.മാർട്ടിൻ കല്ലുങ്കൽ ആണ് ഇക്കാര്യം വിശ്വാസികളെ അറിയിച്ചത്.

പഴയതെല്ലാം മറന്ന് മുന്നോട്ട് പോകണമെന്ന ആഹ്വാനത്തിനൊപ്പം സോഷ്യൽ മീഡിയ വഴി പള്ളിയെപറ്റിയുള്ള ഒന്നും പ്രചരിപ്പിക്കരുതെന്ന നിർദ്ദേശവും നൽകിയാണ് ഫാ.മാർട്ടിൻ രൂപത ആസ്ഥാനത്തേയ്ക്ക് തിരിച്ചത്. ഇതിന് പിന്നാലെയാണ് വിമത വിഭാഗം നിലപാട് വ്യക്തമാക്കി ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളത്. ഇപ്പോഴത്തെ വികാരി മാത്യു മണവാളനെ ഔദ്യോഗിക വികാരി സ്ഥാനത്ത് നിന്നും മാറ്റി പകരം പ്രീസ്റ്റ് ഇൻ ചാർജ് എന്ന തസ്തികയിൽ മറ്റൊരു വൈദികനെ നിയമിക്കുമെന്നായിരുന്നു രൂപതയുടെ അറിയിപ്പ്.

ഇടവകയുടെ മൊത്തം ചാർജ് പ്രീസ്റ്റ് ഇൻ ചാർജിനു ആയിരിക്കുമെന്നും അറിയിപ്പിൽ വ്യക്തമാക്കിയിരുന്നു. ഇത് ആരാണെന്ന കാര്യത്തിൽ രൂപതയിൽ നിന്നും ഇതുവരെ പള്ളിയിലേക്ക് അറിയിപ്പ് ലഭിച്ചിട്ടില്ല. ഇടവകയിൽ സ്വർണം വിറ്റത്തിൽ ക്രമക്കേട് നടന്നിരിക്കുന്നു എന്ന് ബോദ്ധ്യപ്പെട്ട സാഹചര്യത്തിൽ ഇപ്പോഴത്തെ കമ്മറ്റിക്ക് തുടരാൻ അർഹതയില്ലെന്നും ഇതിന് ബദലായി രൂപതാ പുതിയ ഇടക്കാല കമ്മിറ്റി രൂപീകരിക്കുമെന്നും ഫാ.മാർട്ടിൻ കല്ലുങ്കൽ യോഗത്തിൽ വ്യക്തമാക്കിയിരുന്നു. ഈ കമ്മറ്റിയെ അംഗീകരിക്കണമെങ്കിൽ തങ്ങൾ മുന്നോട്ടുവച്ചിട്ടുള്ള വ്യവസ്ഥകൾ രൂപത ആദ്യം അംഗീകരിക്കണമെന്നാണ് ബോർഡിൽ ഉൾക്കൊള്ളിച്ചിട്ടുള്ള മറ്റൊരാവശ്യം.

ഇപ്പോൾ കമ്മിറ്റിയിൽ ഉള്ളതോ കഴിഞ്ഞ കമ്മിറ്റിയിൽ ഉണ്ടായിരുന്നതോ ആയ ആരും ഇടക്കാല കമ്മറ്റിയിൽ ഉണ്ടാവില്ലന്നും ഈ കമ്മിറ്റിയുടെ മേൽനോട്ടം സീനിയർ ആയ കൊച്ചച്ഛനായിരിക്കുമെന്നും ജൂൺ വരെ കുടുംബയൂണിറ്റുകൾ പ്രവർത്തിക്കുന്നതല്ലന്നും പുതിയ വികാരിയും പള്ളി കമ്മറ്റിയും ജൂണിൽ ചാർജ് എടുക്കത്തക്ക രീതിയിലാണ് നിലവിൽ കാര്യങ്ങൾ മുന്നോട്ട് പോകുന്നതെന്നും ഫാ.മാർട്ടിൻ വ്യക്തമാക്കിയിരുന്നു.

സഭയെ വെട്ടിലാക്കി ക്രിമിനൽ കേസ് നൽകണമെന്ന ആവശ്യവും

വൻ തട്ടിപ്പുകൾ കണ്ടെത്തിയതോടെ മണവാളനെതിരെ ക്രിമിനൽ കേസ് നൽകണമെന്ന ആവശ്യവും നേരത്തെ വിശ്വാസികൾ ഉയർത്തിയിരുന്നു. എന്നാൽ ഉന്നത ബന്ധങ്ങൾ പുറത്തുവരുമെന്ന ഭയത്താൽ സഭ ഇതിന് തയ്യാറാകുന്നില്ലെന്ന ആക്ഷേപമാണ് ഇടവകാംഗങ്ങളിൽ ഒരു വിഭാഗം ഉയർത്തുന്നത്. സഭയുടെ വസ്തു ഇടപാടിൽ മാർ ആലഞ്ചേരിയിക്കെതിരെ ആദ്യവെടി ഉതിർത്തത് മാത്യൂ മണവാളനായിരുന്നു. ഇക്കാര്യം മനസ്സിൽ വച്ച് കൊരട്ടി പള്ളി വിഷയത്തിൽ നിഷ്പക്ഷ നിലപാടുമായി മാർ ആലഞ്ചേരി മുന്നോട്ടുപോയാൽ ഫാ.മാത്യൂ മണവാളൻ ഊരക്കുരുക്കിലകപ്പെടുമെന്ന് ഉറപ്പ്. പള്ളിയുടെ കണക്കിന്റെ 25 ശതമാനം പരിശോധിച്ചപ്പോൾ 4 കോടിയിൽപ്പരം രൂപയുടെ ക്രമക്കേട് കണ്ടെത്തിയെന്നാണ് പരാതിക്കാർ പുറത്ത് വിട്ടിട്ടുള്ള വിവരം.

സാമ്പത്തിക തട്ടിപ്പ് പുറത്ത് വന്നതിനെത്തുടർന്ന് വികാരി ഫാ.മാത്യൂസ് മണവാളൻ പള്ളിയിൽ നിന്നും നേരെ പോയത് രൂപത ആസ്ഥാനത്തേയ്്ക്ക് ആയിരുന്നെന്നാണ് പരക്കെ ഉയർന്നിട്ടുള്ള പ്രചാരണം. സഭ ആസ്ഥാനത്ത് പത്ത് വർഷത്തോളം പൊക്യൂറേറ്ററായിരുന്ന ഇദ്ദേഹം എടയന്ത്രത്തിൽ പിതാവിന്റെ വിശ്വസ്തനാണെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. കൊരട്ടി മാതാവിന് ഭക്തർ നല്കിയ സ്വർണ്ണ മാലയും വളയും ആണ് കാണാതായത്.

സ്വർണം വിറ്റതിനെക്കുറിച്ച് അന്വേഷിക്കാൻ ഇടവക വികാരി തന്നെ നിയോഗിച്ച അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടുകളുടെ പകർപ്പ് മറുനാടന് ലഭിച്ചിരുന്നു. കൂടുതൽ സാമ്പത്തിക തട്ടിപ്പുകൾ നടന്നു എന്ന വിവരമാണ് ഇതോടെ പുറത്തുവന്നത്. സ്വർണ വിൽപ്പനയുമായി ബന്ധപ്പെട്ടാണ് പരാതി ഉയർന്നതെങ്കിലും കൂടുതൽ തട്ടിപ്പുകൾ നടന്നെന്നാണ് സൂചന. ഇടവകയ്ക്ക് കീഴിലുള്ള സ്‌കൂളുകളിലെ നിയമനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും സ്ഥലം വിൽപ്പനയെ കുറിച്ചുള്ള വിവരങ്ങളും അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. പള്ളിയിൽ പണം വാങ്ങി നിയമനം നടത്തിയിട്ടില്ലെന്ന് വാദിച്ച വികാരി അന്വേഷണ കമ്മീഷൻ മുമ്പാകെ പണം വാങ്ങിയെന്ന് സമ്മതിച്ചു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നും വ്യക്തമാണ്.

സ്‌കൂൾ അദ്ധ്യാപക നിയമനുമായി ബന്ധപ്പെട്ട് പരിശോധ നടത്തിയ അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നത്. 70 ലക്ഷം രൂപ പത്തു പേരുടെ കയ്യിൽ നിന്നായി വാങ്ങിയിട്ടുണ്ടെന്നാണ്. പള്ളിയിൽ ഇതിന് മാത്രമായി സൂക്ഷിക്കുന്ന കണക്കും വികാരി കാണിച്ചു നൽകി. ഇതിൽ 67 ലക്ഷം രൂപ മാത്രമാണ് കണക്കു വെച്ചിരിക്കുന്നത്. ഈ നിയമനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംശയാസ്പദമാണെന്ന വിധത്തിലേക്ക് വിരൾ ചൂണ്ടുന്നുണ്ട് അന്വേഷണ കമ്മീഷൻ.