തിരുവനന്തപുരം: എസ്എസ്എൽസി പ്ലസ് ടു ക്ലാസുകളിലെ ഫോക്കസ് ഏരിയ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുറച്ചതിൽ വിദ്യാർത്ഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും വ്യാപകമായ പരാതികളാണ് ഉയരുന്നത്. നോൺ ഫോക്കസ് ഏരിയ ചോദ്യങ്ങൾക്ക് ചോയ്‌സ് കുറച്ചതും വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. ഈ വിഷയത്തിലെ തുറന്ന അഭിപ്രായ പ്രകടനത്തിന് പയ്യന്നൂരിലെ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപകൻ പി. പ്രേമചന്ദ്രന് സർക്കാർ കാരണം കാണിക്കൽ നോട്ടീസ് അയച്ചിരിക്കുകയാണ്. ഇടതുപക്ഷ അദ്ധ്യാപക സംഘടനയുടെ സജീവപ്രവർത്തകനായ അദ്ധ്യാപകനാണ് പ്രേമചന്ദ്രൻ എന്നതൊന്നും നോട്ടീസ് അയയ്ക്കാതിരിക്കാൻ കാരണമായില്ല. വിദ്യാഭ്യാസ വകുപ്പും, വിദ്യാഭ്യാസ മന്ത്രിയും നല്ല കലിപ്പിലാണെന്ന് ചുരുക്കം.

1960ലെ സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തിലെ 60 എ വകുപ്പ് ലംഘിച്ചു എന്നാണ് പ്രേമചന്ദ്രന് ലഭിച്ച പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നോട്ടീസിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. വിദ്യാർത്ഥികൾക്കിടയിലും സമൂഹത്തിലും ഫോക്കസ് ഏരിയയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ആശയക്കുഴപ്പമുണ്ടാക്കി എന്നാണ് നോട്ടീസിൽ ആരോപിച്ചിരിക്കുന്നത്. നോട്ടീസ് വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥൻ നേരിട്ട് പ്രേമചന്ദ്രനെ ഏൽപ്പിച്ചു എന്ന് പറയുമ്പോൾ കലിപ്പ് കുറച്ചൊന്നുമല്ല എന്ന് കാണാം.

ഇങ്ങോട്ട് ഒന്നും പറയേണ്ട...പറയുന്നത് അങ്ങോട്ട് കേട്ടാൽ മതി...അല്ലെങ്കിൽ അദ്ധ്യാപകർ പഠിപ്പിച്ചാൽ മതി, അഭിപ്രായം പറയേണ്ട എന്നൊരു ലൈനാണ് വിദ്യാഭ്യാസ വകുപ്പിന്. വിദ്യാഭ്യാസ മന്ത്രി ശിവൻ കുട്ടിയുടെ ചൂടറിയാൻ അടുത്തിടെ നടത്തിയ വാർത്താ സമ്മേളനം മാത്രം നോക്കിയാൽ മതി. 'അദ്ധ്യാപകരെ സർക്കാർ നിയോഗിക്കുന്നത് ഉത്തരവാദിത്വത്തിന്റെ അടിസ്ഥാനത്തിലാണ്. അദ്ധ്യാപകരുടെ ജോലി പഠിപ്പിക്കുക എന്നതാണ്. വിദ്യാഭ്യാസ വകുപ്പിലെ ഓരോ ഉദ്യോഗസ്ഥനും ചുമതലകൾ നിശ്ചയിച്ചുണ്ട്. എല്ലാവരും ചേർന്ന് ചുമതലകൾ നിർവഹിക്കേണ്ട' മന്ത്രി വിമർശിച്ചു. എ പ്ലസ് നേടുക എന്നത് മാത്രമല്ല വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്നാണ് വിദ്യാഭ്യാസമന്ത്രിയുടെ വിശദീകരണം.

ഫോക്കസ് ഏരിയെ മാത്രം പഠിച്ചാൽ എ പ്ലസ് കിട്ടില്ല

ഫോക്കസ് ഏരിയമാത്രം പഠിച്ചാൽ എ പ്ലസ് ലഭിക്കില്ല. ഹയർസെക്കൻഡറിക്കും സമാനചോദ്യഘടനയാണ് നിശ്ചയിച്ചിട്ടുള്ളത്. 80 മാർക്കിന്റെ പരീക്ഷയ്ക്ക് 56 മാർക്കാണ് ഫോക്കസ് ഏരിയയിൽനിന്ന് വരുക. 24 മാർക്ക് പുറത്തുനിന്നായിരിക്കും. 40 മാർക്കിന്റെ പരീക്ഷയ്ക്ക് 28 മാർക്ക് ഫോക്കസ് ഏരിയയിൽ നിന്നും 12 മാർക്ക് അതിനുപുറത്തുനിന്നുമായിരിക്കും. ശരിയായരീതിയിൽ ഒരിടത്തും ക്ലാസുകൾ പൂർത്തിയാക്കാൻ പറ്റാത്ത സാഹചര്യത്തിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും ഫോക്കസ് ഏരിയയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ആകെയുള്ള പാഠഭാഗത്തിന്റെ 60 ശതമാനമാണ് നേരത്തേ ഫോക്കസ് ഏരിയ. ഇതിൽനിന്ന് എഴുപതുശതമാനം ചോദ്യങ്ങൾ മാത്രമേ ചോദിക്കുകയുള്ളു. ഇക്കുറി എ, എ പ്ലസ് ഗ്രേഡുകൾ ലഭിക്കണമെങ്കിൽ 24 മാർക്ക് ഫോക്കസ് ഏരിയയ്ക്ക് പുറത്തുനിന്ന് നേടേണ്ടിവരും.

പി.പ്രേമചന്ദ്രന്റെ കുറ്റം

2022 മാർച്ചിൽ നടക്കേണ്ട എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയുടെ ചോദ്യഘടനയെക്കുറിച്ച് കുട്ടികളിലും രക്ഷാകർത്താക്കളിലും ഉത്കണ്ഠ ഉളവാക്കുംവിധം എഴുതുകയും അവരെ സർക്കാരിനെതിരായി തിരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു എന്നും അത് തെളിയിക്കപ്പെട്ടിക്കുന്നും എന്നുമാണ് നോട്ടീസിൽ പറയുന്നത്. ഇതിന്റെ പേരിലുള്ള അച്ചടക്ക നടപടിക്ക് അദ്ധ്യാപകൻ യോഗ്യനാണെന്നും പറയുന്നു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾക്കായുള്ള ഫോക്കസ് ഏരിയ നിശ്ചയിക്കുന്നതിലും ചോദ്യപേപ്പർ തയ്യാറാക്കുന്നതിലും സംഭവിച്ചിട്ടുള്ള പാകപ്പിഴ, പരീക്ഷയെഴുതുന്ന കുട്ടികൾക്ക് വലിയതോതിൽ ഗ്രേഡ് നഷ്ടപ്പെടുത്തുമെന്നും അത് സിബിഎസ്ഇയെ സഹായിക്കുന്ന നടപടിയാണെന്നുമുള്ള അഭിപ്രായപ്രകടനമാണ് പ്രേമചന്ദ്രനെതിരായ പ്രതികാര നടപടിക്കിടയാക്കിയത്.

കോവിഡ് പശ്ചാത്തലത്തിൽ അദ്ധ്യയന ദിവസങ്ങൾ ചുരുങ്ങിയ പശ്ചാത്തലത്തിൽ ഫോക്കസ് ഏരിയ എന്ന സങ്കൽപം തന്നെ അട്ടിമറിക്കുന്നതാണ് ചോദ്യഘടന എന്ന് പ്രേമചന്ദ്രൻ ആരോപിക്കുന്നു. പുതിയ ചോദ്യപേപ്പർ പ്രകാരം നന്നായി പഠിച്ച ഒരു കുട്ടിക്കും പരമാവധി ലഭിക്കുക 80ൽ 56 മാർക്ക് മാത്രമാണെന്ന് പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടുന്നു.

ഫോക്കസ് ഏരിയയുടെ വ്യാപ്തി 40 ശതമാനത്തിൽനിന്ന് 60 ശതമാനമാക്കി കൂട്ടിയും ഫോക്കസ് ഏരിയ, നോൺ ഫോക്കസ് ഏരിയ എന്നിങ്ങനെ ചോദ്യങ്ങളെ തിരിച്ചുകൊണ്ടും ചോദ്യപേപ്പറിൽ അട്ടിമറി നടത്തി. ഇതുപ്രകാരം എത്ര പഠിക്കുന്ന വിദ്യാർത്ഥിക്കും പരമാവധി ലഭിക്കുക ബി ഗ്രേഡ് മാത്രമായിരിക്കും. കുട്ടികൾക്ക് ഫോക്കസ് ഏരിയയിൽ ഓപ്ഷൻ കൊടുക്കുകയും ലോ ഫോക്കസ് ഏരിയയിൽ ഓപ്ഷൻ അനുവദിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണുള്ളത്.

മുൻ വർഷങ്ങളിൽ കേരള സിലബസ് പഠിക്കുന്ന കുട്ടികൾക്ക് ലഭിച്ചിരുന്ന ഉയർന്ന ഗ്രേഡ് അട്ടിമറിക്കുക എന്നതാണ് ഇതിന്റെ പിന്നിലുള്ള ലക്ഷ്യമെന്നാണ് പ്രേമചന്ദ്രൻ ഉന്നയിക്കുന്ന ആരോപണം. സി.ബി.എസ്.ഇയും വിദ്യാഭ്യാസവകുപ്പിലെ ഉദ്യോഗസ്ഥ ലോബിയും തമ്മിലുള്ള ഒത്തുകളിയാണെന്നും അദ്ദേഹം ആരോപിക്കുന്നു. കേരള സിലബസ് വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന ഉയർന്ന സ്‌കോറിന് തടയിടാനുള്ള സിബിഎസ്ഇ വിദ്യാഭ്യാസ ലോബിയുടെ നീക്കമായാണ് ഇതിനെ അദ്ദേഹം കാണുന്നത്.

പ്രേമചന്ദ്രന് പിന്തുണയുമായി സോഷ്യൽ മീഡിയ

അദ്ധ്യാപകരുടെ വായ് മൂടി കെട്ടാനുള്ള നീക്കത്തിനെതിരെ അദ്ധ്യാപക സമൂഹത്തിൽ വ്യാപക പ്രതിഷേധമുണ്ട്. അക്കാദമിക് കാര്യങ്ങളിൽ അദ്ധ്യാപകർ അല്ലെങ്കിൽ പിന്നെ ആരാണ് അഭിപ്രായം പറയുക എന്ന് അദ്ധ്യാപകർ ചോദിക്കുന്നു. സോഷ്യൽ മീഡിയയിൽ വരുന്ന ഇടതുസഹയാത്രികരുടെ പോസ്റ്റും ഇക്കാര്യത്തിലെ തുറന്ന അഭിപ്രായ പ്രകടനങ്ങളാണ്.

അദ്ധ്യാപികയും, എഴുത്തുകാരിയുമായ എസ്.ശാരദക്കുട്ടിയുടെ പോസ്റ്റ്:

വിദ്യാർത്ഥികളുടെ പക്ഷത്തു നിന്നുകൊണ്ടു ചിന്തിച്ച ഒരധ്യാപകന് കാരണം കാണിക്കൽ നോട്ടീസയച്ചിരിക്കുന്നു പൊതു വിദ്യാഭ്യാസവകുപ്പ് . അതും ഇടതുപക്ഷ സർക്കാർ ഭരണനേതൃത്വം വഹിക്കുന്ന കാലയളവിൽ . ട്രൂ കോപി തിങ്കിൽ P. പ്രേമചന്ദ്രൻ എഴുതിയ ലേഖനം വായിച്ച ആർക്കും ആ അദ്ധ്യാപകനെ അതിലേക്കു നയിച്ച ഉത്കണ്ഠയെ ചോദ്യം ചെയ്യാനാവില്ല. രോഗകാലത്തെ പരിമിതമായിരുന്ന അദ്ധ്യാപന - അധ്യയന സാഹചര്യങ്ങളെ നേരിടാനും കുട്ടികളുടെ മാനസിക പിരിമുറുക്കം പരമാവധി കുറയ്ക്കാനുമായി രൂപകൽപന ചെയ്ത ഒരു സംവിധാനത്തെ തകിടം മറിച്ച്‌കൊണ്ട് വന്ന ചോദ്യമാതൃകകളെയാണ് , അതിന്റെ പിന്നിലെ സംശയങ്ങളെയാണ് അദ്ധ്യാപകൻ ലേഖനത്തിൽ ചൂണ്ടിക്കാണിച്ചത്. രക്ഷിതാക്കളും കുട്ടികളും അദ്ധ്യാപകരുമുൾപ്പെടെ പരക്കെ സ്വാഗതം ചെയ്ത ഒരു ലേഖനമായിരുന്നു അത്.

എന്നും ഇടതുപക്ഷ ആശയങ്ങൾക്കൊപ്പം നിൽക്കുന്ന ഈ അദ്ധ്യാപകൻ എന്തായാലും സർക്കാരിന്റെയോ പൊതു വിദ്യാഭ്യാസ സംവിധാനങ്ങളുടെയോ ഭദ്രത തകർക്കാനാവില്ല ഇത് ചെയ്തത്. തിരുത്തലുകൾ ഉണ്ടാകേണ്ടയിടങ്ങളിൽ അതുണ്ടാകുവാൻ ഏതറ്റം വരെയും പൊരുതണമെന്ന് ഞങ്ങളെയൊക്കെ പരിശീലിപ്പിച്ചത് ഇടതുപക്ഷ അദ്ധ്യാപക പ്രസ്ഥാനങ്ങൾ തന്നെയാണ്. ' മിണ്ടരുത്, പണിയെടുത്താൽ മതി ' എന്ന് ഏതു മുഖത്തു നിന്നാണ് നമ്മൾ പ്രതീക്ഷിക്കുക ? അതിനെ ചെറുക്കാനല്ലേ നിരന്തര സമരങ്ങൾക്ക് നമ്മൾ ഇടതുപക്ഷത്തുറച്ചു നിന്ന് ആഹ്വാനം ചെയ്തു കൊണ്ടിരിക്കുന്നത് ?

ഈ ഫാസിസം കൊള്ളാം , ആ ഫാസിസം മ്ലേച്ഛം എന്നെങ്ങനെ നിന്നനിൽപ്പിൽ തകിടംമറിയും ?ഒരു ഫാസിസത്തിനെതിരെയല്ല, എല്ലാത്തരം ഫാസിസങ്ങൾക്കും എതിരെയാണ് ചിന്താശക്തിയുള്ളവർ സമരം ചെയ്യുന്നത്. അന്നാ അഖ്മത്തോവയും മറിന സ്വെറ്റേവയും ഒരു സ്റ്റാലിന് എതിരെയാണ് കവിത എഴുതിയതെങ്കിലും അത് എല്ലാക്കാലത്തെയും എല്ലാ സ്റ്റാലിന്മാർക്കും എതിരെ ആകുന്നുണ്ട്.

പ്രേമചന്ദ്രൻ മാഷിനെതിരെ ഇക്കാര്യത്തിൽ ചോദ്യം ചെയ്യലുണ്ടായിക്കൂടാ . ആ ലേഖനം വിദ്യാഭ്യാസമന്ത്രി മനസ്സിരുത്തി വായിക്കണം. അതിന്റെ കാതൽ എന്തെന്നുൾക്കൊള്ളണം. പരിചയസമ്പന്നരായ അദ്ധ്യാപകരെ വിശ്വസിക്കണം. അവരുടെ സദുദ്ദേശങ്ങളെ മാനിക്കണം. അതിനെ അംഗീകരിക്കണം.അതാണ് അന്തസ്സ്.
എസ്.ശാരദക്കുട്ടി .

ശ്രീചിത്രൻ എംജെയുടെ പോസ്റ്റ്:

വാഴ്‌ത്തല്ല, വസ്തുനിഷ്ഠവിമർശനമാണ് ഇടതുപക്ഷത്തിന്റെ ബലം. പ്രേമചന്ദ്രൻ മാഷ് ട്രൂ കോപ്പിയിലെഴുതിയത് വായിച്ചവർക്കറിയാം, അത് വസ്തുനിഷ്ഠ വിമർശനമാണ്. വസ്തുനിഷ്ഠ വിമർശനത്തിനെതിരെ വസ്തുനിഷ്ഠമായി പ്രതികരിക്കാം. വ്യക്തിയെ നടപടിയെടുക്കുമെന്ന സമ്മർദ്ദത്തിലും ഭീഷണിയിലും വിമർശനത്തെ നേരിടുക എന്നത് ഇടതുപക്ഷ രീതിയല്ല. ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിൽ വിമർശനത്തെ വിദ്യാഭ്യാസവകുപ്പ് നടപടി ഭീഷണി കൊണ്ട് നേരിടുന്നതിനൊപ്പം നിൽക്കാനാവില്ല. ഇക്കാര്യത്തിൽ നിരുപാധികം പ്രേമചന്ദ്രൻ മാഷിനൊപ്പമാണ്.

കോവിഡ് കാലത്തിലെ ഗത്യന്തരമില്ലായ്മയിൽ നിന്ന് സൃഷ്ടിച്ചെടുത്ത ഫോക്കസ് കേരളയുടെ ചോദ്യമാതൃകയിലെ പ്രശ്‌നങ്ങളെ വിമർശനാത്മകമായി സമീപിക്കുകയാണ് പ്രസ്തുതലേഖനം ചെയ്യുന്നത്. അത് നവ മാധ്യമങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കുന്നത്? ആശയവ്യക്തത വരുത്തണം എന്ന ആവശ്യം ആശയക്കുഴപ്പമുണ്ടാക്കും എന്ന ആരോപണം ആശയപരമായി നേരിടാനാവില്ല എന്ന ഭീരുത്വമായി മാത്രമേ മനസ്സിലാക്കാനാവൂ.

ഞാൻ മനസ്സിലാക്കിയിടത്തോളം ലേഖകൻ ഇടതു വിരുദ്ധനല്ല. നിർമ്മാണാത്മകമായ വിമർശനങ്ങൾ നടത്തുന്നവരെല്ലാം ഇടതു വിരുദ്ധരും എന്തു കണ്ടാലും സ്തുതിഗീതമെഴുതി കൈകൊട്ടിക്കളി നടത്തുന്നവർ ഇടതു ചിന്തകരുമായാൽ ഇടതുപക്ഷം വലതുപക്ഷമാവുന്നു എന്നാണർത്ഥം.നാവടക്കൂ പണിയെടുക്കൂ എന്ന് പറയാനല്ല, നാവു തോൽക്കില്ല എന്നുറപ്പിക്കാനാണ് ഇടതുഭരണകൂടം ശ്രമിക്കേണ്ടത്. വിദ്യാഭ്യാസ വകുപ്പ് പ്രേമചന്ദ്രൻ മാഷ് എഴുതിയ ലേഖനം വായിച്ചോ എന്നു തന്നെ എനിക്ക് സംശയമാണ്.
നിസ്സംശയം ക്രിട്ടിക്കൽ ഇൻസൈഡിനൊപ്പം. പ്രേമചന്ദ്രൻ മാഷിനൊപ്പം.