റാഞ്ചി: കാലിത്തീറ്റ കുംഭകോണ കേസിൽ മുൻ ബിഹാർ മുഖ്യമന്ത്രിയും ആർജെഡി നേതാവുമായ ലാലു പ്രസാദ് യാദവ് ശിക്ഷിക്കപ്പെടുമ്പോഴും കോൺഗ്രസ് ആത്മവിശ്വാസം. ഈ കേസിൽ ആരോപണ വിധേയനായിരുന്ന മുൻ ബിഹാർ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ജഗനാഥ് മിശ്ര കുറ്റവിമുക്തനായതാണ് കോൺഗ്രസിനെ ആഹ്ലാദിപ്പിക്കുന്നത്. ലാലു നേരത്തെ തന്നെ കേസിൽ ശിക്ഷിക്കപ്പട്ടതിനാൽ ഇപ്പോഴത്തെ വിധിയിൽ കോൺഗ്രസിനും കാര്യമായ ആശങ്കകളില്ല. ബിഹാറിൽ ആർജെഡിയും ലാലുവും ഒരുമിച്ചാണ് നിലനിൽക്കുന്നതെങ്കിലും മക്കളുടെ കൈയിലേക്ക് പാർട്ടിയിലെ അധികാരം ലാലു ഏതാണ്ട് കൈമാറിയിട്ടുണ്ട്. അതുകൊണ്ട് തന്നെ മക്കളുമായി കൈകോർത്ത് കോൺഗ്രസിന് മുന്നോട്ടു പോകുകയും ചെയ്യാം.

രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനായ ശേഷം ഭാഗ്യവശാൽ എന്നു തോന്നിപ്പിക്കുന്ന വിധത്തിലാണ് കാര്യങ്ങളുടെ പോക്ക്. കോൺഗ്രസിനെ അധികാരത്തിൽ നിന്നും തൂത്തെറിഞ്ഞ ടു ജി സ്‌പെക്ട്രം കേസിൽ ആരോപണ വിധേയരെ കുറ്റവിമുക്തരാക്കി. പിന്നാലെ ആദർശ് ഫ്‌ളാറ്റ് കേസിലും കോൺഗ്രസ് നേതാക്കൾക്ക് അനുകൂലമായി വിധിയുണ്ടായി. ഇതിന് ശേഷമാണ് ഇപ്പോൾ ബിഹാറിലെ കോൺഗ്രസ് നേതാവിനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള കോടതി വിധിയുമെത്തിയത്. തുടർച്ചയായി നീതിപീഠത്തിൽ നിന്നുമുണ്ടാകുന്ന ആശ്വസ വിധിയാണ് ഇന്നുമുണ്ടായത്.

ആദ്യ കേസിനു സമാനമായ രീതിയിലുള്ള കണ്ടെത്തലുകളും സാക്ഷിമൊഴികളും തെളിവുകളുമാണ് കോടതിയിൽ എത്തിയിരുന്നതിനാൽ കേസിൽ വലിയ പ്രതീക്ഷയിൽ ആയിരുന്നില്ല ലാലു ഇന്ന് കോടതിയിൽ എത്തിയത്. താൻ ഇല്ലെങ്കിലും പാർട്ടിയെ നയിക്കാൻ തന്റെ രണ്ട് മക്കളും പ്രാപ്തരാണെന്ന് ലാലു പറഞ്ഞിരുന്നു. ലാലുവിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ ഝാർഖണ്ഡ് പൊലീസ് കസ്റ്റഡിയിൽ എടുത്തു. ജനുവരി മൂന്നിനാണ് ശിക്ഷാവിധി വരിക. കടുത്ത ശിക്ഷ വന്നാൽ ലാലു ജയിലിൽ തുടർന്ന് അപ്പീൽ നൽകേണ്ടിവരും. കുറഞ്ഞ ശിക്ഷയാണെങ്കിൽ ജാമ്യത്തിൽ ഇറങ്ങി അപ്പീൽ നൽകുന്നതിനുള്ള സാവകാശവും ലഭിക്കും.

മകൻ തേജസ്വി യാദവിലാണ് ആർജിഡിയുടെ പുതിയ അധികാര കേന്ദ്രം. അതുകൊണ്ടു തന്നെ അഴിമതി കേസിൽ ശിക്ഷിക്കപ്പെട്ട ലാലു പ്രസാദ് യാദവിനൊപ്പം പ്രവർത്തിക്കുന്നതിനേക്കാൾ കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുലിന് താൽപ്പര്യം തേജസ്വിയിലാകും. തേജസ്വിയുമായി നിലവിലെ സഖ്യം സുഗമമായി മുന്നോട്ടു പോകാമെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ.

നേരത്തെ ഛായ്ബാസ ട്രഷറിയിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ലാലുവിനെ അഞ്ചു വർഷം കഠിന തടവിനു വിധിച്ചിരുന്നു. കുറച്ചുനാൾ ജയിൽ ശിക്ഷ അനുഭവിച്ചശേഷം ലാലു ജാമ്യത്തിൽ ഇറങ്ങുകയായിരുന്നു. 1991 മുതൽ 1994 വരെ നടന്ന കാലിത്തീറ്റ ഇടപാടുമായി ബന്ധപ്പെട്ട് സി.എ.ജി 1995ൽ പുറത്തുവിട്ട റിപ്പോർട്ടിലാണ് കോടികളുടെ തട്ടിപ്പ് കണ്ടെത്തിയത്. 1996ൽ സിബിഐ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. ഈ കേസിലെ അന്വേഷണത്തിൽ 89 ലക്ഷം രൂപയുടെ ക്രമക്കേടാണ് പുറത്തുവന്നത്. 21 വർഷത്തിനു ശേഷമാണ് ശിക്ഷ വരുന്നത്.

2 ജി സ്പെക്ട്രം കേസിലും ആദർശ് ഹൗസിങ് സൊസൈറ്റി കുംഭകോണക്കേസിലൂം കഴിഞ്ഞ ദിവസങ്ങളിൽ കോടതികളിൽ നിന്ന് ആശ്വാസകരമായ നടപടിയാണ് കോൺഗ്രസിന് ലഭിച്ചിരുന്നത്. മിശ്രയും കൂടി കുറ്റവിമുക്തനായതോടെ കോൺഗ്രസിന് വലിയ ആത്മവിശ്വാസമാണ് തിരിച്ചുകിട്ടിയിരിക്കുന്നത്. ബിഹാറിൽ പാർട്ടിക്കെതിരായ ആരോപണം കൂടിയാണ് ഇല്ലാതാകുന്നത്. അതുകൊണ്ട് തന്നെ പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്താനും ഈ വിധി ഉപകരിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.