- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഫൊക്കാന കേസിൽ നിർണ്ണായക വഴിത്തിരിവ്
അമേരിക്കൻ മലയാളികളുടെ ദേശീയ സംഘടനയായ ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക (ഫൊക്കാന) യുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച വിഷയങ്ങളിൽ ന്യൂയോർക്ക് ക്വീൻസ് കൗണ്ടി സുപ്രീം കോടതിയിൽ ലീലാ മാരേട്ട്, ജോസഫ് കുരിയപ്പുറം, അലക്‌സ് തോമസ് എന്നിവർ ചേർന്ന് ഫയൽ ചെയ്ത ഹർജി പ്രകാരം ഏർപ്പെടുത്തിയ താത്ക്കാലിക വിലക്കിനെതിരെ എതിർ കക്ഷികളായ മാമ്മൻ സി ജേക്കബ്, ജോർജി വർഗീസ്, ഫിലിപ്പോസ് ഫിലിപ്പ്, ബെൻ പോൾ, കുര്യൻ പ്രക്കാനം എന്നിവർ മെരിലാന്റിലുള്ള യു എസ് ഡിസ്ട്രിക്റ്റ് കോടതിയിൽ സമർപ്പിച്ച 'കോടതി മാറ്റ' ഹർജി ഈ കേസ് പുതിയ വഴിത്തിരിവിലേക്ക് കടക്കുമെന്നുറപ്പായി.
ലഭ്യമായ രേഖകളനുസരിച്ച് ഈ കേസ് ന്യൂയോർക്കിലെ ക്വീൻസ് കൗണ്ടി സുപ്രീം കോടതിയിൽ നിന്ന് മെരിലാന്റിലുള്ള യു എസ് ഡിസ്ട്രിക്റ്റ് കോടതിയുടെ ഗ്രീൻബെൽറ്റ് ഡിവിഷനിലേക്ക് മാറ്റണമെന്നാണ് എതിർകക്ഷികൾ ആവശ്യപ്പെട്ടിരിക്കുന്നത്. 2006-ലെ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തമ്പി ചാക്കോ മെരിലാന്റിൽ ഫയൽ ചെയ്ത ഹർജി തള്ളിയതും തിരഞ്ഞെടുപ്പ് അസാധുവാക്കിയതും പരാതിക്കാരനും എതിർ കക്ഷികളും വിവിധ സംസ്ഥാനങ്ങളിലുള്ളവരായതിനാലായിരുന്നു. ഇപ്പോഴും അതേ നിലപാടെടുത്തിരിക്കുകയാണ് എതിർ കക്ഷികളെന്ന് തോന്നുമെങ്കിലും പ്രത്യക്ഷത്തിൽ അല്പം ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
എതിർകക്ഷികളുടെ വാദത്തിലെ ചില പ്രസക്ത ഭാഗങ്ങൾ:
1. ഫൊക്കാന എന്ന സംഘടന മെരിലാന്റ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുള്ളതും, നികുതി അടച്ചുവരുന്നതുമായ ഒരു ലാഭരഹിത സംഘടനയാണ്.
2. പരാതിക്കാരായ ലീലാ മാരേട്ട്, ജോസഫ് കുരിയപ്പുറം, അലക്‌സ് തോമസ് എന്നിവർ ന്യൂയോർക്ക് സംസ്ഥാനത്തും എതിർ കക്ഷികൾ മെരിലാന്റ് അടക്കമുള്ള മറ്റു സംസ്ഥാനങ്ങളിലുമായതിനാൽ കേസിലെ 'നാനാത്വം' (diversity) കണക്കിലെടുക്കണം.
3. ഈ പരാതി മൂലമുണ്ടായ താത്ക്കാലിക വിലക്കു മൂലം ഫൊക്കാനയ്ക്ക് ഭംഗിയായി പ്രവർത്തിക്കുവാൻ സാധിക്കാത്തതുകൊണ്ടും, പലിശയൊഴികെയുള്ള ചിലവുകളും അതിന്റെ സല്‌പേരിനു വരുന്ന നഷ്ടമടക്കമുള്ള മൂല്യം 75,000 ഡോളറിൽ കൂടുതൽ വരുന്നതുകൊണ്ടും ഈ കേസ് ന്യൂയോർക്ക് ക്വീൻസ് കൗണ്ടി സുപ്രീം കോടതിയിലല്ല വാദം കേൾക്കേണ്ടത്, മറിച്ച് മെരിലാന്റിലെ യു എസ് ഡിസ്ട്രിക്റ്റ് കോടതിയിലാണ്.
എന്നാൽ, ഫെഡറൽ കോടതിയിൽ കേസ് വാദം കേൾക്കാനാവശ്യമായ 'നാനാത്വം' ഈ കേസിൽ ഇല്ലെന്നാണ് ഹർജിക്കാരുടെ അഭിഭാഷകൻ കൊടുത്ത മറുപടിയിൽ സൂചിപ്പിച്ചിട്ടുള്ളത്. കാരണം, ഫെഡറൽ കോടതിയിൽ ഒരു കേസ് നിയമപരമായി നിലനിൽക്കണമെങ്കിൽ വാദികളെല്ലാവരും ഒരേ സംസ്ഥാനത്തുള്ളനിന്നുള്ളവരെന്നതുപോലെ എതിർ കക്ഷികളും ഒരേ സംസ്ഥാനത്തു നിന്നുള്ളവരായിരിക്കണം. ഈ കേസിൽ എതിർ കക്ഷികളിലൊരാൾ (ഫിലിപ്പോസ് ഫിലിപ്പ്) ന്യൂയോർക്കിൽ നിന്നുള്ളതും മറ്റുള്ളവർ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ളവരാണ്. കൂടാതെ, സാമ്പത്തിക ഘടകവും ഈ കേസിൽ പരിഗണിക്കാൻ പാടില്ലെന്നും പറയുന്നു. കാരണം, പരാതിക്കാർ വക്കീൽ ഫീസ്, കോടതിച്ചെലവ്, മറ്റു സാമ്പത്തിക നഷ്ടപരിഹാരങ്ങളൊന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും അഭിഭാഷകന്റെ മറുപടിയിൽ പറയുന്നു. ഇക്കാര്യങ്ങളെല്ലാം ഉൾപ്പെടുത്തിയാണ് ഹർജിക്കാരുടെ അഭിഭാഷകന്റെ മറുപടി.
സാധാരണ കോടതി വ്യവഹാരങ്ങളിൽ കണ്ടുവരുന്ന പ്രക്രിയകളാണ് മേൽ വിവരിച്ചത്. കോടതിയിൽ വാദം തുടങ്ങുമ്പോൾ കൂടുതൽ വിവരങ്ങൾ വെളിച്ചത്തുവരും എന്നുതന്നെ കരുതാം. എന്നാൽ, അതിലുപരി ഹർജിക്കാരും എതിർകക്ഷികളും കോടതിയിൽ സമർപ്പിച്ചിരിക്കുന്ന രേഖകളിൽ എത്രത്തോളം സുതാര്യതയുണ്ട് അല്ലെങ്കിൽ സത്യസന്ധതയുണ്ട് എന്ന് സാധാരണക്കാർക്ക് തോന്നുന്നത് സ്വാഭാവികം.
പ്രത്യക്ഷത്തിൽ 'ഫൊക്കാന' എന്ന ദേശീയ സംഘടനയുടെ തിരഞ്ഞെടുപ്പാണെന്ന് തോന്നുമെങ്കിലും ലേഖകന്റെ കാഴ്ചപ്പാടിൽ ഇവ രണ്ടും രണ്ടും രണ്ടു സംഘടനകളാണ്. അറിഞ്ഞോ അറിയാതെയോ ഈ സംഘടനയെ വിശ്വസിച്ച് കൂടെ നിന്ന അംഗസംഘടനകളും അംഗങ്ങളും വിഢികളായോ എന്നൊരു സംശയവും ഇല്ലാതില്ല.
1983-ൽ രൂപീകൃതമായ, 'FOKANA' എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന 'ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക' 1985-ൽ ന്യൂയോർക്കിലെ ക്വീൻസ് കൗണ്ടിയിൽ രജിസ്റ്റർ ചെയ്ത ലാഭരഹിത സംഘടനയാണെന്നതിന് ആർക്കും തർക്കമില്ല. ആ രജിസ്‌ട്രേഷൻ ഇപ്പോഴും നിലനിൽക്കുന്നതുമാണ്. അതിന്റെ കുടക്കീഴിലാണ് നാളിതുവരെ അംഗസംഘടനകളും ഫൊക്കാനയെ സ്‌നേഹിക്കുന്ന പ്രവർത്തകരും നിസ്വാർത്ഥമായി പ്രവർത്തിച്ചിരുന്നതെന്നതിനും തർക്കമില്ല. ഇപ്പോൾ ആ സംഘടനയുടെ പേരിൽ കോടതിയിൽ കേസുമായി പോയവരും എതിർകക്ഷികളായി ഹർജിയിൽ പറയുന്നവരിൽ പലരും ഫൊക്കാനയുടെ ആരംഭകാലം മുതൽ അതിൽ പ്രവർത്തിച്ചിട്ടുള്ളവരും പ്രവർത്തിക്കുന്നവരുമാണ്. പക്ഷെ, എതിർ കക്ഷികൾ കോടതിയിൽ നൽകിയ മറുപടിയിൽ നിരവധി തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളുണ്ട്.
അവർ പറയുന്നതു പ്രകാരം 'FOKANA Inc.' മെരിലാന്റിൽ 2008 സെപ്റ്റംബർ 3-ന് രജിസ്റ്റർ ചെയ്ത സംഘടന എന്നാണ്. 2017-ൽ ഫെഡറൽ ടാക്‌സ് റിട്ടേൺ ഫയൽ ചെയ്തിട്ടുമുണ്ട്. കൂടാതെ 2017 ഓഗസ്റ്റ് 1-ന് സർട്ടിഫിക്കറ്റ് പുതുക്കിയിട്ടുണ്ടെന്നും പറയുന്നു. എന്നാൽ, 2008-ൽ രജിസ്റ്റർ ചെയ്തപ്പോൾ സമർപ്പിച്ചിരിക്കുന്ന സർട്ടിഫിക്കറ്റ് ഓഫ് ഇൻകോർപ്പറേഷനിൽ ഒരു സ്ഥലത്തും 'ഫെഡറേഷൻ ഓഫ് കേരള അസ്സോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക' എന്ന് സൂചിപ്പിച്ചിട്ടേ ഇല്ല. സാങ്കേതികമായി പറയുകയാണെങ്കിൽ ഈ ഫെഡറേഷന്റെ മുഴുവൻ പേര് 'FOKANA' എന്നു മാത്രമാണ്. ഒരു സംഘടന രജിസ്റ്റർ ചെയ്യുമ്പോൾ ചുരുക്കപ്പേരിലല്ല രജിസ്റ്റർ ചെയ്യേണ്ടത്, മറിച്ച് മുഴുവൻ പേരും നൽകണമെന്നാണ് നിയമം. ഉദാഹരണത്തിന് KANJ, WMA, HVMA, MAGH, PAMPA, MANJ, NAINA മുതലായവ തന്നെ എടുക്കാം. ഈ സംഘടനകളെല്ലാം അവയുടെ മുഴുവൻ പേരിലായിരിക്കില്ലേ രജിസ്റ്റർ ചെയ്തിരിക്കുന്നത്? എന്നാൽ, ഇപ്പോൾ കേസിൽ ഉൾപ്പെട്ട എതിർകക്ഷികൾ 2008-ൽ മെരിലാന്റിൽ രജിസ്റ്റർ ചെയ്ത FOKANA Inc.ന്റെ പേരുമായാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.
ഇനി മേല്പറഞ്ഞ FOKANA Inc. എന്ന കോർപ്പറേഷന് മെരിലാന്റിൽ കോർപ്പറേറ്റ് ഓഫീസ് ഉണ്ടെന്നും (അഡ്രസ്: 9000 Acredale Court, College Park, Maryland 20740), അതാണ് രജിസ്റ്റേഡ് ഓഫീസെന്നും, അവിടെയാണ് ബിസിനസ് നടത്തുന്നതെന്നുമൊക്കെ കോടതിയിൽ നൽകിയ രേഖകളിൽ വിവരിച്ചിട്ടുണ്ട്. ഫൊക്കാനയ്ക്ക് സ്ഥിരമായി ഒരു ഓഫീസ് ഇല്ലെന്നാണ് ഇതുവരെ ലഭിച്ചിട്ടുള്ള വിവരം. കാലങ്ങൾക്കു മുൻപ് വാഷിങ്ടണിൽ ഒരു പോസ്റ്റ് ബോക്‌സ് നമ്പർ ഉണ്ടായിരുന്നു എന്നും എന്നാൽ അതെല്ലാം നിർത്തലാക്കി എന്നും മുൻ ഫൊക്കാന പ്രവർത്തകർ ഓർക്കുന്നു. ഇപ്പോൾ കോടതിയിൽ പറഞ്ഞിരിക്കുന്ന അഡ്രസ് പാർത്ഥസാരഥി പിള്ളയുടെ വസതിയാണെന്നാണ് അറിവ്. അദ്ദേഹം ഫൊക്കാനയുടെ മുൻകാല പ്രവർത്തകനായിരുന്നെങ്കിലും ഇപ്പോൾ സജീവമല്ല. യാതൊരു ഔദ്യോഗിക പദവിയുമില്ല. റിട്ടയർമെന്റ് ജീവിതം നയിക്കുന്നു. അവിടെ ഫൊക്കാനയുടെ യാതൊരു ബിസിനസ്സും നടക്കുന്നില്ല. എന്നാൽ, 2008-ലെ FOKANA Inc. എന്ന കോർപ്പറേഷന്റെ രക്ഷാധികാരിയായി (ഏജന്റ്) അദ്ദേഹത്തിന്റെ പേര് സർട്ടിഫിക്കറ്റ് ഓഫ് ഇൻകോർപ്പറേഷനിൽ കൊടുത്തിട്ടുണ്ട്. മാർച്ച് 8, 2009ൽ ഐ ആർ എസിൽ നിന്ന് ഇ ഐ എൻ ലഭിച്ചിട്ടുണ്ടെന്ന് കോടതിയിൽ നൽകിയ രേഖയിൽ പറയുന്നു (EIN 26-4405026).
ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും ഫൊക്കാനയുടെ സി ഇ ഒയുടെ അഥവാ പ്രസിഡന്റിന്റെ അഡ്രസ് ആണ് ഔദ്യോഗികമായി ഫൊക്കാനയുടെ ബിസിനസ് അഡ്രസ് ആയി പരിഗണിക്കുന്നതെന്ന് പറയുന്നു. അങ്ങനെയെങ്കിൽ പിന്നെ എന്തുകൊണ്ട് പാർത്ഥസാരഥി പിള്ളയുടെ വീട് ഇപ്പോഴും ഫൊക്കാന ഔദ്യോഗികമായി ഉപയോഗിക്കുന്നു എന്ന ചോദ്യത്തിന് മറുപടി പറയേണ്ടത് എതിർ കക്ഷികളാണ്. ഈ അഡ്രസിൽ തന്നെയാണ് ഓഗസ്റ്റ് 1, 2017-ൽ സുധ കർത്ത മെരിലാന്റ് ഡിപ്പാർട്ട്‌മെന്റ് ഓഫ് അസ്സസ്‌മെന്റ് ടാക്‌സേഷനിൽ 195.70 ഡോളർ ഫീസ് അടച്ചിരിക്കുന്നത്. Revival fee, Corporate abstract എന്നിവയ്ക്കാണ് ഈ ഫീസ് അടച്ചിരിക്കുന്നത്. സുധ കർത്ത നിലവിൽ ഫൊക്കാനയിൽ സജീവ പ്രവർത്തകനാണ്. ന്യൂയോർക്കിൽ 1985-ലെ ഫൊക്കാന (ഫെഡറേഷൻ ഓഫ് കേരള അസ്സോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക) രജിസ്ട്രേഷൻ നിലനിൽക്കേ എന്തിനാണ് മെരിലാന്റിൽ ടാക്‌സ് കൊടുത്തതെന്ന് ഒരു സിപിഎ ആയ അദ്ദേഹത്തിന് അറിയില്ലെന്നുണ്ടോ? കൂടാതെ, 2017ൽ ഇന്റേണൽ റവന്യൂ സർവ്വിസിൽ ടാക്‌സ് ഫയൽ ചെയ്തതും (8879-EO) അദ്ദേഹം തന്നെ. എല്ലാ രേഖകളിലും ഇരുവരുടേയും (പാർത്ഥസാരഥി പിള്ള, സുധ കർത്ത) പേരുകളാണ് കാണുന്നത്. പാർത്ഥസാരഥി പിള്ള ഫൊക്കാനയുടെ ആരംഭകാലം മുതൽ (1983) അതിൽ സജീവ പ്രവർത്തകനായിരുന്നു. 1985-ൽ ന്യൂയോർക്കിൽ രജിസ്‌ട്രേഷൻ നടത്തിയിട്ടുണ്ടെന്നുള്ള കാര്യവും അദ്ദേഹത്തിന് അറിയാമായിരിക്കും. പിന്നെ എന്തിന് 2008-ൽ മെരിലാന്റിൽ ഒരു കോർപ്പറേഷനായി FOKANA Inc. എന്ന പേരിൽ അദ്ദേഹം രജിസ്‌ട്രേഷൻ നടത്തി? തന്നെയുമല്ല, അദ്ദേഹത്തിന്റെ വസതിയെ ഇപ്പോഴും ഫൊക്കാനയുടെ ബിസിനസ് അഡ്രസ്സായി നിലനിർത്തുന്നത് എന്തിന്?
പ്രധാനപ്പെട്ട ചില ചോദ്യങ്ങൾ ഇവിടെ അവശേഷിക്കുകയാണ്. എതിർകക്ഷികളായ മാമ്മൻ സി ജേക്കബ്, ജോർജി വർഗീസ്, ഫിലിപ്പോസ് ഫിലിപ്പ്, ബെൻ പോൾ, കുര്യൻ പ്രക്കാനം എന്നിവർ യഥാർത്ഥത്തിൽ ഏത് ഫൊക്കാനയിലാണ് പ്രവർത്തിക്കുന്നതെന്നാണ് ആദ്യത്തെ ചോദ്യം. FOKANA Inc. ലോ അതോ Federation Of Kerala Associations in North America (FOKANA)യിലോ? രണ്ടാമത്തെ പേരിലാണ് ഇവരെല്ലാവരും പ്രവർത്തിച്ചതും ഇപ്പോൾ തിരഞ്ഞെടുപ്പ് നടത്തി ഓരോരോ സ്ഥാനമാനങ്ങളിൽ കയറിപ്പറ്റിയതും. എല്ലാ പ്രവർത്തനങ്ങളും ഈ പേരിലായിരുന്നു. കോടതിയിൽ കേസ് വരുമ്പോൾ മെരിലാന്റിലെ രജിസ്‌ട്രേഷൻ പൊക്കിക്കൊണ്ടുവരുന്നത് ജനങ്ങളെയും കോടതിയേയും കബളിപ്പിക്കാനല്ലെങ്കിൽ പിന്നെ എന്തിന്? ഇനി മെരിലാന്റിൽ രജിസ്റ്റർ ചെയ്ത ഫൊക്കാനയാണെങ്കിൽ തന്നെ
അവർക്കെങ്ങനെ 37 വർഷത്തെ പ്രവർത്തന പാരമ്പര്യം അവകാശപ്പെടാനാകും? അവർ പിന്തുടരുന്നതും ഇപ്പോൾ കോടതിയിൽ സമർപ്പിച്ചിട്ടുള്ളതുമായ രേഖകൾ പ്രകാരം 2008ലാണ് FOKANA Inc രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അപ്പോൾ വെറും 12 വർഷത്തെ പ്രവർത്തന പാരമ്പര്യമേ നിലവിലുള്ളൂ. അങ്ങനെ വരുന്ന പക്ഷം അവർ ഏത് ഫൊക്കാനയ്ക്കു വേണ്ടിയാണ് വാദിക്കുന്നതെന്ന് കോടതിയിൽ ബോധ്യപ്പെടുത്തേണ്ടിവരും. മെരിലാന്റിൽ വ്യാജമായി രജിസ്റ്റർ ചെയ്തിട്ടുള്ള ഫൊക്കാനയ്ക്കുവേണ്ടിയാണ് വാദിക്കുന്നതെങ്കിൽ 1983ൽ സ്ഥാപിതമായ ഫൊക്കാനയിൽ അവർക്ക് യാതൊരു അവകാശവുമില്ലാതായി വരികയും ചെയ്യും.
2006-ലെ തിരഞ്ഞെടുപ്പ് അട്ടിമറിച്ചതും മെരിലാന്റ് മൊണ്ട്ഗൊമെരി കൗണ്ടി സർക്യൂട്ട് കോടതിയിൽ നിന്ന് അനുകൂല വിധി സമ്പാദിച്ചതും ഫൊക്കാന പിളർന്നതൊന്നും ആരും മറന്നു കാണാനിടയില്ല. അന്നു പക്ഷെ ഏത് രജിസ്‌ട്രേഷന്റെ പേരിലാണ് കോടതി തിരഞ്ഞെടുപ്പ് അസാധുവാക്കിയതെന്ന് അറിയില്ല.
ഏതായാലും കോടതി ഇപ്പോൾ നൽകിയിരിക്കുന്ന പുതിയ തിയ്യതിയായ ഒക്ടോബർ 22-ന് സത്യം പുറത്തുവരുമെന്ന് പ്രതീക്ഷിക്കാം.