ഷിക്കാഗോ: ഫൊക്കാനാ മിഡ്‌വെസ്റ്റ് റീജിയൻ കേരളപ്പിറവി ദിനവും പ്രവർത്തനോദ്ഘാടനവും നടത്തുന്നു. നവംബർ ഒന്നാം തീയതി വൈകിട്ട് 5.30-ന് മോർട്ടൻഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ ചർച്ച് ഹാളിൽ വച്ചാണ് 2014-16 വർഷത്തേക്കുള്ള പ്രവർത്തനോദ്ഘാടനവും തുടർന്ന് കേരളപ്പിറവി ദിനാഘോഷവും നടത്തുന്നത്.

വിഭിന്ന ആചാരങ്ങളിലും, വിഭിന്ന വിശ്വാസങ്ങളിലും വിശ്വസിക്കുന്ന ജനവിഭാഗങ്ങളെ കോർത്തിണക്കുന്ന അത്യുന്നതമായ ഒരു സംസ്‌കാരമാണ് കേരളത്തിനുള്ളത്. മനുഷ്യവാസത്തിന്റെ ആരംഭഘട്ടം മുതൽ ഇന്നുവരെയുള്ള നൂറ്റാണ്ടുകളുടെ കാലത്തെ വൈവിധ്യമാർന്ന ജീവിതസ്പന്ദനങ്ങൾ അലിഞ്ഞു ചേർന്നിരിക്കുന്ന മണ്ണാണ് കേരളത്തിന്റേത്. എല്ലാ മതങ്ങളേയും മതവിശ്വാസങ്ങളേയും സഹർഷം സ്വാഗതം ചെയ്ത നാടാണ് കേരളം. സംസ്ഥാന രൂപീകരണം മുതൽ ഇന്നുവരെയുള്ള ആനുകാലിക വിഷയങ്ങളെക്കുറിച്ചും കേരള ചരിത്രത്തെക്കുറിച്ചും സ്മരിക്കുന്നതിനുവേണ്ടിയാണ് കേരളപ്പിറവി ദിനം ആഘോഷിക്കുന്നത്.

കേരളത്തിൽ ഇന്ന് കൂടുതൽ വിവാദ വിഷയമായിരിക്കുന്നത് സംസ്ഥാന ഗവൺമെന്റിന്റെ പുതിയ മദ്യനയമാണ്. മദ്യനയത്തിൽ രണ്ട് അഭിപ്രായം ഉയർന്നിരിക്കുന്ന സാഹചര്യത്തിൽ 'കേരളത്തിലെ മദ്യനയം പ്രായോഗികമോ'  എന്ന വിഷയത്തെക്കുറിച്ച് ഫൊക്കാനാ മിഡ്‌വെസ്റ്റ് റീജിയൻ ഇതോടൊപ്പം ചർച്ച ചെയ്യുന്നു. ഷിക്കാഗോയിലെ പ്രശസ്ത സാഹിത്യ-സാംസ്‌കാരിക-അസോസിയേഷനുകൾ പങ്കെടുക്കുന്ന ഈ ചർച്ചയിൽ പങ്കാളികളാകുന്നതിനും അഭിപ്രായം രേഖപ്പെടുത്തുന്നതിനും എല്ലാവരേയും സമ്മേളനത്തിലേക്ക് ക്ഷണിക്കുന്നതായി റീജിയൻ വൈസ് പ്രസിഡന്റ് സന്തോഷ് നായർ ക്ഷണിച്ചു.