ന്യൂയോർക്ക്: ഫെഡറേഷൻ ഓഫ് കേരള അസ്സോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക(ഫൊക്കാന)യുടെ പതിനേഴാമത് ദേശീയ കൺവൻഷൻ 2016 ജൂലൈ 1 മുതൽ 4 വരെ കാനഡയിലെ ടൊറന്റോയിൽ വച്ച് നടത്തുന്ന ഫൊക്കാനാ നാഷ്ണൽ കൺവൻഷനുവേണ്ടിയുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അതിനു മുന്നോടിയായി അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിക്കുന്ന റീജിയണൽ കിക്ക്ഓഫ് അനുസ്യൂതം തുടർന്നു കൊണ്ടിരിക്കുന്നു. ജനകീയ പിന്തുണയോടെ ഓരോ റീജിയണുകളിലും സംഘടിപ്പിക്കുന്ന കിക്ക്ഓഫിന് വമ്പിച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് ഫൊക്കാന ഭാരവാഹികൾ അറിയിച്ചു.
 
ടൊറന്റോയിലെ കിക്ക് ഓഫ് വിജയത്തിനുശേഷം അടുത്ത കിക്ക്ഓഫ് ന്യൂയോർക്ക് റീജിയണിൽ നവംബർ 14 ാം തീയ്യതി ശനിയാഴ്ച രാവിലെ 11 മണി മുതൽ വൈകീട്ട് 8 മണിവരെ ന്യൂയോർക്ക് വച്ച്(26 നോർത്ത് ട്രൈസൺ അവന്യൂ ഫ്‌ളോറൽ പാർക്ക്, ന്യൂയോർക്ക്) നടത്തുന്നതന്നെന്നു റീജിയണൽ വൈസ് പ്രസിഡന്റ് ജോസ് കാനാട് അറിയിച്ചു.
 
കുട്ടികളുടെ വിവിധ പ്രായത്തിലുള്ള കല മത്സരങ്ങൾ ആണ് ഫൊക്കാന റീജിയണൽ കിക്ക് ഓഫിനോടൊപ്പം ചിട്ടപ്പെടുത്തിയിട്ടുള്ളത്. സോളോ സോങ്ങ്, സിംഗിൾ ഡാൻസ്, എലോകേഷൻ തുടങ്ങി നിരവധി മത്സരങ്ങൾ ഉൾപ്പെടുത്തിയാണ് റീജിയണൽ കൺവൻഷൻ സംഘടിപ്പിച്ചിരിക്കുന്നത്. ഇതു പ്രായത്തിന്റെ അടിസ്ഥാനത്തിൽ മൂന്നു കാറ്റഗറി ആയിട്ടാണ് മത്സരങ്ങൾ നടത്തുന്നത്. അമേരിക്കൻ മലയാളികളുടെ അഭിരുചിക്കനുസരിച്ച് മനസിലാക്കി സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ സംഘടിപ്പിച്ച് പ്രവർത്തിക്കാൻ സാധിച്ചതാണ് ഫൊക്കാനയെ ജനകീയമാക്കിയത്. കുട്ടികൾ, ചെറുപ്പക്കാർ, വനിതകൾ, അങ്ങനെ ആബാലവയോധികം ജനങ്ങളെയും നമ്മൾ ഫൊക്കാനയ്‌ക്കൊപ്പം കൂട്ടി. അവർക്ക് അവസരങ്ങൾ നൽകി അവരെ വളർത്തിയെടുക്കുവാൻ ശ്രമിക്കുകയും, താരങ്ങളാകുകയും ചെയ്യുന്നു. അവിടെയാണ് ഫൊക്കാന എന്ന പ്ലാറ്റ്‌ഫോമിന്റെ പ്രസക്തി. വളർന്നു വരുന്ന നമ്മുടെ കുട്ടികൾക്ക് അവസരങ്ങൾ നൽകുക എന്നതാണ് ഫൊക്കാന റീജിയണൽ കലാമത്സരങ്ങളിലൂടെ ഉദ്ദേശം.
 
വടക്കേ അമേരിക്കൻ മലയാളികളുടെ കലാബോധത്തിനു പുതിയ ഊടും പാവും നൽകിയ കേന്ദ്രബിന്ദുവാണ് ഫൊക്കാന. ഫൊക്കാന നാളിതുവരെ നടപ്പിലാക്കിയ പ്രവർത്തനങ്ങളിൽ ഏറ്റവും മികച്ചതും നാളെ ലോകത്തിനു കാട്ടികൊടുക്കാവുന്നതുമായ ഒരുകാര്യം ചുറുചുറുക്കുള്ള ചെറുപ്പക്കാരെ കാലത്തിനു സമ്മാനിക്കാനാകുന്നു എന്നതാണ്. ഫൊക്കാനയിൽ നിന്ന് കിട്ടിയ സാംസ്‌കാരിക പാരമ്പര്യം, കലാചാരുതി, നേതൃത്വഗുണം ഒക്കെ ജീവിതത്തിലും, ഉദ്യോഗസ്ഥ രംഗത്തും പ്രകടിപ്പിക്കുന്നതിന് നമ്മുടെ കുട്ടികൾക്ക് കഴിയുന്നു എന്നുള്ളത് ഒരു സത്യം മാത്രമാണ്.
ഫൊക്കാന ദേശീയ നേതാക്കളും സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും കൺവൻഷനിൽ പങ്കെടുക്കും. വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. എല്ലാവരേയും ഈ സമ്മേളനത്തിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി വൈസ് പ്രസിഡന്റ് ജോസ് കാനാട്, സെക്രട്ടറി അലക്‌സ് തോമസ് എന്നിവർ അറിയിച്ചു.