ഷിക്കാഗോ: ഫൊക്കാന മിഡ്‌വെസ്റ്റ് റീജണിന്റെ ആഭിമുഖ്യത്തിൽ ഷിക്കാഗോയിൽ സ്റ്റാർസിംഗർ മത്സരം നടത്തുന്നു. ജൂൺ അഞ്ചിനു രണ്ടു മുതൽ സെന്റ് മേരീസ് ക്‌നാനായ ഹാളിൽ രണ്ടു വിഭാഗങ്ങളിലായാണ് മത്സരം. 16 വയസിൽ താഴെയും 17 വയസിനു മുകളിലുമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായാണ് മത്സരം.

അമേരിക്കയിലും കാനഡയിലുമുള്ള പാടാൻ കഴിവുള്ളവരെ കണെ്ടത്തി അവരെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയാണ് മത്സരം നടത്തുന്നത്. ഈ മത്സരം കേരളത്തിലെ സ്റ്റാർസിംഗർ പരിപാടിയോട് കിടപിടിക്കുന്നതായിരിക്കുമെന്ന് സംഘാടകർ അവകാശപ്പെട്ടു.

റീജണൽ മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനത്തെത്തുന്നവരെ കാനഡയിൽ ജൂലൈ ഒന്നു മുതൽ നാലു വരെ നടക്കുന്ന നാഷണൽ കൺവൻഷനിലെ ഫൈനൽ റൗണ്ടിലേക്ക് തെരഞ്ഞെടുക്കും. അവിടെ വിജയികളാകുന്നവർക്ക് ഫൊക്കാന സ്റ്റാർസിംഗർ ട്രോഫിയും കാഷ് അവാർഡും സമ്മാനിക്കും. കൂടാതെ പ്രശസ്തനായ ഒരു സംഗിത സംവിധായകന്റെ അടുത്ത പ്രോജക്ടിൽ ഗാനം ആലപിക്കാൻ അവസരവും ലഭിക്കും.

മത്സരത്തിൽ പങ്കെടുക്കുന്നവർ രണ്ടു പാട്ടുകൾ പാടി വീഡിയോയിൽ റിക്കാർഡ് ചെയ്ത് സംഘാടകർക്ക് അയച്ചുകൊടുക്കണം. ഒരു പാട്ട് നിർബന്ധമായും മലയാളത്തിലായിരിക്കണം. പാട്ടുകൾ starsinger@fokanaconventiontoronto.com എന്ന ഇമെയിൽ വിലാസത്തിൽ അയച്ചുകൊടുക്കുക.

തെരഞ്ഞെടുക്കപ്പെടുന്നവർ ജൂൺ അഞ്ചിന് സെന്റ് മേരീസ് ക്‌നാനായ ചർച്ച് ഹാളിൽ നടക്കുന്ന റീജണൽ ഫൈനൽ റൗണ്ട് മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടുന്നതാണ്.

മിഡ്‌വെസ്റ്റ് റീജണൽ സ്റ്റാർസിംഗർ പരിപാടിയുടെ കൺവീനറായി സിറിയക് കൂവക്കാടനേയും കോ- കൺവീനറായി പ്രവീൺ തോമസിനേയും പരിപാടിയുടെ കോഓർഡിനേറ്ററായി ജയരാജ് നാരായണനേയും തെരഞ്ഞെടുത്തു.

വിവരങ്ങൾക്ക്: സിറിയക് കൂവക്കാടൻ 630 673 3382, പ്രവീൺ തോമസ് 847 769 0050, ജയരാജ് നാരായണൻ 847 943 7643, സന്തോഷ് നായർ 312 730 5112.