ആലപ്പുഴ : കഴിഞ്ഞ ഇരുപത്തെട്ടാം തീയതി പുലർച്ചെയായിരുന്നു അത്. ഭദ്രകാളിയെ പ്രീതിപ്പെടുത്താൻ ചെമ്പട്ടുടുത്ത് മുല്ലപ്പൂവ് ചൂടി സർവാഭരണവിഭൂഷിതയായി സ്മിത ക്ഷേത്രത്തിലെത്തി നേർച്ച കടം വീട്ടാൻ. പ്രാർത്ഥിച്ച് വഴിപാടും കഴിച്ച്് സ്മിത ക്ഷേത്രത്തിനു മുന്നിൽത്തന്നെ മൊബൈൽ ഫോണുമായി കാത്തിരുന്നു, ഒരു ഫോൺവിളിക്കായി.

ആ സമയം സ്മിത ഏർപ്പെടുത്തിയ ക്വട്ടേഷൻ സംഘം സ്മിതയുടെ ഭർതൃഘാതകനെ വെട്ടിക്കൊന്ന് വലിയൊരു പ്രതികാരം വിജയകരമായി പൂർത്തിയാക്കുകയായിരുന്നു. അവരെ സഹായിക്കാൻ അയൽ വീടുകളിലെ വീട്ടമ്മമാരായ സ്മിതയുടെ കൂട്ടുകാരുമുണ്ടായിരുന്നു. അല്പം കഴിഞ്ഞു അല്പം കഴിഞ്ഞപ്പോൾ പ്രതീക്ഷിച്ച ഫോൺ വിളിയെത്തി. തന്റെ ഭർത്താവിനെ കൊലപ്പെടുത്തിയ വേണുഗോപാലിനെ കൊലപ്പെടുത്തിയിരിക്കുന്നു. പിന്നെ ക്ഷേത്രത്തിൽനിന്നിറങ്ങി സന്തോഷപൂർവം വീട്ടിലേക്കു മടക്കം. വഴിയിൽ കണ്ടവരോടെല്ലാം കുശലം പറഞ്ഞും സുഹൃത്തുക്കളുടെ വീടുകൾ സന്ദർശിച്ചും ആ ദിവസം ആഘോഷിച്ചു.

സ്വന്തം ഭർത്താവിനെ കൊന്നവനെ ഒരു വർഷത്തിനുള്ളിൽ കൊല്ലുമെന്ന് ശപഥം ചെയ്ത സ്മിത എന്ന വീട്ടമ്മയാണ് കഴിഞ്ഞ 28 നു പുലർച്ചെ വീടിനു സമീപത്തെ ദേവീക്ഷേത്രത്തിൽ അപൂർവ്വ കടം വീട്ടൽ നേർച്ച നടത്തിയത്. ഡിവൈഎഫ്ഐ പ്രവർത്തകനും കെ.എസ്.ഇ.ബി തിരുവല്ല സെക്ഷൻ ഓഫീസിലെ മസ്ദൂറുമായിരുന്ന മണ്ണഞ്ചേരി പന്നിശ്ശേരി കോളനിയിൽ ചന്ദ്രലാലിനെ (എമ്മാച്ചൻ -36) 2013 മാർച്ച് 20 നായിരുന്നു മണ്ണഞ്ചേരിയിലെ ബിജെപി നേതാവായ വേണുഗോപാൽ അടങ്ങുന്ന സംഘം വെട്ടിക്കൊലപ്പെടുത്തിയത്.

ഭർത്താവ് ചന്ദ്രലാൽ വധിക്കപ്പെട്ടുവെന്ന വാർത്ത അറിഞ്ഞ് വീട്ടിൽനിന്നു വാവിട്ടുകരഞ്ഞുകൊണ്ട് സ്മിത സംഭവസ്ഥലത്തേക്ക് ഇറങ്ങിയോടുകയായിരുന്നു.മൃതശരിരം കണ്ടശേഷം വീട്ടിൽ തിരികെയെത്തി. പോസ്റ്റുമാർട്ടത്തിനുശേഷം വീട്ടിൽ എത്തിച്ച മൃതദേഹം സംസ്‌ക്കരിക്കുന്നതിനിടിയിലാണ് സ്മിത മുടിയഴിച്ച് ശപഥം ചെയ്തത്. ഭർത്താവിനെ കൊന്നവനെ സമാനരീതിയിൽ കൊല്ലുമെന്ന്. അതിന്റെ പൂർത്തീകരണമായിരുന്നു കഴിഞ്ഞ 28 നു പുലർച്ചെ.

എമ്മാച്ചൻ ജിവിച്ചിരുന്നപ്പോൾ ഒട്ടേറെ സഹായം ചെയ്തിരുന്ന ക്വട്ടേഷൻ സംഘമാണ് വേണുഗോപാലിനെ കൊല്ലാൻ സ്മിതയ്‌ക്കൊപ്പം കൂടിയത്. ക്വട്ടേഷൻ എന്നതിലുപരി എമ്മാച്ചനോടുള്ള സൗഹൃദത്തിന്റെ പേരിലാണ് അവർ ഈ കൃത്യം ഏറ്റെടുത്തത്. മണ്ണഞ്ചേരിയിലെ ബിജെപി നേതാവിനെ കൊല്ലാമെന്ന് ഏറ്റതാകട്ടെ സമീപപ്രദേശമായ ആര്യാട്ടെ ബിജെപി നേതാവായ ജയരാജ് ആണ്. പാർട്ടിക്കതീതമായ ബന്ധമായിരുന്നു ജയരാജനും എമ്മാനച്ചനു തമ്മിലുണ്ടായിരുന്നത്.ഇവരെ ദൗത്യം ഏല്പിച്ചപ്പോൾ സഹായിക്കാൻ സ്മിതയുടെ ബന്ധുക്കളും വേണുഗോപാലിന്റെ അയൽവാസികളുമായ മൂന്നു വീട്ടമ്മമാർ ഗിരിജ, ഗ്രേഷ്മ, രജനി എന്നിവരും ഒപ്പം കൂടി. മാസങ്ങൾനീണ്ട ഗൂഢാലോചനയ്‌ക്കൊടുവിലായിരുന്നു കൊലപാതകം. വേണുഗോപാലിന്റെ നീക്കങ്ങൾ അപ്പപ്പോൾ മൂവരും അവരവരുടെ വീടുകളിലും പറമ്പുകളിലുമിരുന്ന് ക്വട്ടേഷൻ സംഘത്തെ അറിയിച്ചുകൊണ്ടിരുന്നു.

എമ്മാച്ചൻ വധിക്കപ്പെടുന്നത് പുലർച്ചെ ആറരയോടെ ആയിരുന്നു. വേണുഗോപാൽ കൊല്ലപ്പെടുന്നതും ഇതേ സമയത്തു തന്നെ. രണ്ടു കൊലകളും കഴുത്തറുത്തുമാറ്റിയായിരുന്നു. എമ്മാച്ചൻ വധിക്കപ്പെടുന്നതിനു തൊട്ടുമുമ്പു വരെ ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ ഇതേപോലെ അപ്പപ്പോൾ നൽകിക്കൊണ്ടിരുന്ന പ്രേമലതയെന്ന സ്ത്രീയുടെ തിരിച്ചറിയൽ കാർഡ് അവരറിയാതെ സംഘടിപ്പിച്ച് സിം എടുത്താണ് സ്മിതയും കൂട്ടരും കൊലയാളി സംഘത്തിന് വിവരങ്ങൾ നൽകിയിരുന്നതെന്നതും അപൂർവ്വ സംഭവമായി. അയൽക്കൂട്ടങ്ങളിൽ നിന്നാണ് തിരിച്ചറിയൽ രേഖ കൈവശപ്പെടുത്തിയതെന്ന് കരുതപ്പെടുന്നു. കൊലപാതകത്തിനുശേഷം പൊലീസ് അന്വേഷണമുണ്ടാകുമ്പോൾ വഴിതെറ്റിക്കാനായിരുന്നു പ്രേമലതയുടെ പേരിലുള്ള സിം സംഘടിപ്പിച്ചത്.

കേരളത്തിൽ വനിതകൾ നടത്തുന്ന പ്രഥമ ക്വട്ടേഷൻ ഓപ്പറേഷൻ ഇതോടെ സമ്പൂർണവിജയം കണ്ടു. ഏതായാലും കൊലപാതകം നടന്ന് ദിവസങ്ങൾക്കുള്ളിൽ ചന്ദ്രലാലിന്റെ ഭാര്യ സ്മിത (28), ഇവരുടെ ബന്ധുക്കളും സുഹൃത്തുക്കളുമായ കലവൂർ ഐ.ടി.സി കോളനിയിൽ പുതുവൽ വെളിയിൽ ഷാജിയുടെ ഭാര്യ ഗിരിജ (42), മകൾ ഗ്രേഷ്മ (18), പുതുവൽ വെളിയിൽ രാജേന്ദ്രന്റെ ഭാര്യ രജനി (33) എന്നിവർ അറസ്റ്റിലാവുകയും ഇന്നലെ ഇവരെ റിമാൻഡ് ചെയ്യുകയും ചെയ്തു.

വേണുഗോപാൽ വധക്കേസിൽ നേരിട്ടു പങ്കെടുത്ത പത്തനംതിട്ട ഈസ്റ്റ് കോഴഞ്ചേരി മരിയനന്ദനത്തിൽ ഷാരോൺ (26), മണ്ണഞ്ചേരി കുന്നിനകം കോളനിയിൽ കണ്ണൻ (മാട്ടക്കണ്ണൻ 24), മണ്ണഞ്ചേരി തറമൂട് കണിയാംവെയിൽ അസറുദ്ദീൻ (അസർ 19), ബിജെപി ആര്യാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മണ്ണഞ്ചേരി നേതാജി വട്ടച്ചിറയിൽ ജയരാജ് (42), മാരാരിക്കുളം തെക്ക് തണൽവീട്ടിൽ ഗിരീഷ് (39) എന്നിവർ നേരത്തേ പിടിയിലായിരുന്നു.

എമ്മാച്ചന്റെ മരണത്തോടെ സർക്കാർ ജോലിയിൽ പ്രവേശിച്ച സ്മിത ജോലിയും ഉപേക്ഷിച്ചാണ് ക്വട്ടേഷനുള്ള ഏർപ്പാടുകൾ നടത്തി ഭർത്താവിനോടുള്ള സ്‌നേഹം പ്രകടിപ്പിച്ചത്. മരിച്ച വേണുഗോപാലിന്റെ ഭാര്യ അസുഖത്തെ തുടർന്ന് നേരത്തെ മരിച്ചിരുന്നു. ഏക മകൻ വിദേശത്താണ്. സ്മിത - എമ്മാച്ചൻ ദമ്പതികൾക്കും ഒരു മകനുണ്ട്.