ഫിലഡൽഫിയ: ജൂലൈ മാസത്തിൽ മയാമിയിൽ വച്ചു സംഘടിപ്പിക്കുന്ന ഫോമയുടെ നാഷണൽ കൺവൻഷനോടനുബന്ധിച്ചു നടത്തപ്പെടുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയയുടെ സ്ഥാനാർത്ഥികൾ നാമനിർദേശപത്രികകൾ സമർപ്പിച്ചു. നാഷണൽ ജോയിന്റ് ട്രഷറർ സ്ഥാനാർത്ഥി ആയി മത്സരിക്കുന്ന അലക്‌സ് അലക്‌സാണ്ടർ, ഫോമ മിഡ്അറ്റ്‌ലാന്റിക് റീജിയന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി ആയി മത്സരിക്കുന്ന സാബു സ്‌കറിയ എന്നിവരാണ് നാമനിർദേശപത്രികകൾ സമർപ്പിച്ചത്. ഫോമ മിഡ്അറ്റ്‌ലാന്റിക് റീജിയന്റെ കീഴിലുള്ള എല്ലാ അംഗ സംഘടനകളുടേയും പരിപൂർണ പിന്തുണയോടെയാണ് ഇരുവരും മത്സരിക്കുന്നതെന്നതു പ്രത്യേകം ശ്രദ്ധയാകർഷിക്കുന്നു.

മാപ്പിന്റെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗം, ബോർഡ് ഓഫ് ട്രസ്റ്റീസ് അംഗം എന്നീ നിലകളിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചിട്ടുള്ള അലക്‌സ് അലക്‌സാണ്ടർ, ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസിലും, കോഴഞ്ചേരി സംഗമത്തിലും പ്രവർത്തിച്ചു വരുന്നു. മാപ്പിന്റെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗം, സ്പോർട്സ് ചെയർമാൻ എന്നീ നിലകളിൽ ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുള്ള സാബു സ്‌കറിയ ഇപ്പോൾ മാപ്പിന്റെ ബോർഡ് ഓഫ് ട്രസ്റ്റീസ് അംഗമാണ്. കൂടാതെ ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ്സിന്റെ കേരള- പെൻസിൽവാനിയ ചാപ്റ്റർ ജനറൽ സെക്രട്ടറി എന്നീ നിലയിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

നാമനിർദേശപത്രിക ഒപ്പുവെക്കുന്ന ചടങ്ങിൽ മാപ്പിന്റെ പ്രസിഡന്റ് ഏലിയാസ് പോൾ, ജനറൽ സെക്രട്ടറി ചെറിയാൻ കോശി, സെക്രട്ടറി സിജു ജോൺ, ട്രഷറർ യോഹന്നാൻ ശങ്കരത്തിൽ, അക്കൗണ്ടന്റ് ജോൺസൻ മാത്യു തുടങ്ങി നിരവധി നേതാക്കൾ പങ്കെടുത്തു. ഫോമയുടെ ആരംഭകാലം മുതൽക്കുതന്നെ സംഘടനയെ ശക്തിപ്പെടുത്തുന്നതിൽ സുപ്രധാന പങ്കുവഹിച്ചിട്ടുള്ള മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ (മാപ്പ്) ഫോമയുടെ ഏറ്റവും വലിയ അംഗസംഘടനകളിൽ ഒന്നാണ്. അതുകൊണ്ടുതന്നെ മാപ്പിൽ നിന്നുള്ള സ്ഥാനാർത്ഥികൾക്ക് ഫോമയുടെ മുന്നോട്ടുള്ള വളർച്ചയിൽ നിർണായക പങ്കുവഹിക്കാനാകുമെന്നു നേതാക്കൾ വിലയിരുത്തി. സെക്രട്ടറി സിജു ജോൺ അറിയിച്ചതാണിത്.