റിയാദ്: മലയാളി പ്രവാസത്തിന്റെ നല്ലനാളുകൾക്ക് അന്ത്യമാകുകയാണോ? ഗൾഫ് നാടുകളിൽ പ്രതിസന്ധി വളരുന്നതും സ്വദേശിവൽക്കരണവും മലയാളികളെ സംബന്ധിച്ചിടത്തോളം കടുത്ത വെല്ലുവിളിയാണെന്ന വാർത്തകൾ ഏതാനും നാളുകളായി പുറത്തുവരുന്നതാണ്. എന്നാൽ, ഇതുവരെ പൂർണ്ണമായ തോതിൽ ആ യാഥാർത്ഥ്യത്തെ നാം ഉൾക്കൊണ്ടിരുന്നില്ല. എന്നാൽ ഇപ്പോൾ സൗദിയിൽ തൊഴിൽ നഷ്ടപ്പെട്ട് ആയിരങ്ങൾ ഭക്ഷണമില്ലാതെ ദുരിതക്കയത്തിൽ കഴിയുന്നു എന്ന വാർത്ത പുറത്തുവരുന്നതോടെ സൗദിയിലെ ഭീതിതമായ തൊഴിൽ സാഹചര്യങ്ങളെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്.

അതേസമയം ഇപ്പോൾ ഉണ്ടായിരിക്കുന്ന പ്രതിസന്ധിയുടെ ഒരു ഭാഗം മാത്രമേ പുറത്തുവന്നിട്ടുള്ളൂ എന്നാണ് അറിയുന്നത്. എന്നാൽ ഇതിലും ഭീതിതമായ അവസ്ഥയാണ് സൗദി കമ്പനിയിൽ എന്നാണ് ബോധ്യമാകുന്നത്. ആയിരക്കണക്കിന് മലയാളികൾ സൗദിയിലെ വിവിധ കമ്പനികളിൽ ജോലി ചെയ്യുന്നതായാണ് വിവരം. ജോലി നഷ്ടപ്പെട്ടതിനെത്തുടർന്ന് സൗദി അറേബ്യയിൽ ദുരിതത്തിലായ ഇന്ത്യൻ തൊഴിലാളികളെ തിരിച്ചെത്തിക്കുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമങ്ങൾ ഊർജിതമായി തുടരുന്നതിനിടെ മടങ്ങുന്ന തൊഴിലാളികൾക്കു ലഭിക്കാനുള്ള ശമ്പള കുടിശ്ശികയും സൗദി തൊഴിൽ നിയമപ്രകാരമുള്ള സേവനാനന്തര ആനുകൂല്യങ്ങളും സംബന്ധിച്ച് അവ്യക്തത തുടരുന്നുണ്ട്. ഇത് ഭൂരിഭാഗത്തെയും പ്രതിസന്ധിയിലാക്കുന്നുണ്ട്.

ഭൂരിഭാഗം തൊഴിലാളികൾക്കും ഏഴു മാസത്തെ ശമ്പളം ലഭിക്കാനുണ്ട്. കൂടാതെ വർഷങ്ങൾ ജോലി ചെയ്ത തൊഴിലാളികൾക്കു തൊഴിൽ നിയമമനുസരിച്ചു വൻ തുക സേവനാനന്തര ആനുകൂല്യമായി തൊഴിലുടമകൾ നൽകേണ്ടതുണ്ട്. തൊഴിലാളികളെ തിരികെയെത്തിക്കുന്നതോടൊപ്പം തന്നെ അവരുടെ ശമ്പള കുടിശ്ശികയും മറ്റ് ആനുകൂല്യങ്ങളും എങ്ങനെ ലഭ്യമാക്കാം എന്നതിനെക്കുറിച്ചു വ്യക്തത വരുത്താൻ ഇന്ത്യൻ അധികൃതർക്കോ സൗദി തൊഴിൽ മന്ത്രാലയത്തിനോ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യൻ സ്ഥാനപതി അഹമ്മദ് ജാവേദ് സൗദി ആഭ്യന്തര സഹമന്ത്രിയുമായി ഞായറാഴ്ച ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല.

തങ്ങൾക്കു ലഭിക്കാനുള്ള തുക ലഭിക്കുന്നതിനു കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നു ശക്തമായ ഇടപെടൽ ഉണ്ടാവണമെന്നും സൗദി അധികൃതരിൽ നിന്ന് ഇതു സംബന്ധിച്ചു അനുകൂലമായ ഉറപ്പു നേടിയെടുക്കണമെന്നും തൊഴിലാളികൾ ആവശ്യപ്പെടുന്നു. അല്ലാത്തപക്ഷം തിരികെ പോകുന്നവർക്ക് ഈ ആനുകൂല്യങ്ങൾ എന്നെന്നേക്കുമായി നഷ്ടപ്പെടാനാണു സാധ്യത. എന്തെങ്കിലും ആശ്വാസ നടപടി ഉണ്ടായില്ലെങ്കിൽ പലരും നാട്ടിലേക്കു മടങ്ങാൻ വിസമ്മതിച്ചേക്കും.

സംസ്ഥാന സർക്കാറിന് പരിമിതികളേറെ

കമ്പനികൾ പൂട്ടിയതുമൂലം സൗദി അറേബ്യയിൽ തൊഴിൽ രഹിതരായ മലയാളികളെ തിരിച്ചുകൊണ്ടുവരുന്ന കാര്യത്തിൽ സംസ്ഥാന സർക്കാരിന് പരിമിതികൾ. സൗദിയിലെ മലയാളി സംഘടനകളിൽ നിന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൽ നിന്നും വിവരങ്ങൾ ശേഖരിക്കാൻ മാത്രമേ ഇപ്പോൾ കഴിയുന്നുള്ളൂ.

700 മുതൽ 1000 വരെ മലയാളികളാണ് ഇപ്പോൾ ക്യാമ്പുകളിൽ കഴിയുന്നതെന്നാണ് വിവരം. ഒന്നര മാസത്തെ ശമ്പളം ഇവർക്ക് കിട്ടാനുണ്ട്. ഇവർക്ക് എക്‌സിറ്റ് വിസ ലഭിക്കാനായി കേന്ദ്ര സർക്കാർ ശ്രമം തുടങ്ങി. ശമ്പളം ലഭിക്കാതെ തിരിച്ചുവരുന്നവർക്ക് നാട്ടിൽ അത് എത്തിക്കാൻ കഴിയുമോ എന്നും ശ്രമിക്കുന്നുണ്ട്. അങ്ങിനെയൊരു ഉറപ്പ് ലഭിച്ചാൽ തൊഴിലാളികൾ ഉടൻ തിരിച്ചു വരുമെന്നാണ് സൂചന. സൗദിയിലെ വിഷയങ്ങളുടെ യഥാർത്ഥ ചിത്രം ലഭിക്കാൻ കേന്ദ്ര വിദേശ കാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് സംസ്ഥാന നോർക്ക വകുപ്പ് സെക്രട്ടറി ഉഷാടൈറ്റസ് പറഞ്ഞു. വിദേശ കാര്യ സഹമന്ത്രി വി.കെ . സിങ് ഇന്ന് സൗദിയിലെത്തും.രണ്ടു ദിവസത്തിനുള്ളിൽ മലയാളികളുടെ തിരിച്ചുവരവ് സംബന്ധിച്ച് തീരുമാനമാവുമെന്നാണ് കരുതുന്നത്.

തിരിച്ചു വരുന്നവരുടെ പുനരധിവാസത്തിന് ആവശ്യമായ നടപടിയെടുക്കാൻ കഴിയുമെന്നാണ് സംസ്ഥാന സർക്കാരിന്റെ പ്രതീക്ഷ. പുനരധിവസിപ്പിക്കപ്പെടുന്നവർക്ക് ഇപ്പോൾ തന്നെ 20 ലക്ഷം രൂപ വരെയുള്ള പ്രോജക്ടുകൾക്ക് 15 ശതമാനം സബ്‌സിഡിയോടെ കുറഞ്ഞ പലിശയ്ക്ക് വായ്പ നൽകുന്നുണ്ട്. നേരത്തെ കാനറ ബാങ്ക് ആയിരുന്നു പുനരധിവാസത്തിനായി സ്വയം തൊഴിൽ കണ്ടെത്താൻ വായ്പ നൽകിയിരുന്നതെങ്കിൽ ഇപ്പോൾ എസ്.ബി.ഐയും വായ്പ നൽകുന്നുണ്ട്.

ലേബർ ക്യാമ്പുകളിൽ ഭക്ഷണം എ്ത്തിക്കാൻ സുഷമ സ്വരാജിന്റെ നിർദ്ദേശം

അതേസമയം സൗദിയിലെ ലേബർ ക്യാംപുകളിൽ ഭക്ഷണം ലഭ്യമാക്കിയിട്ടുണ്ടെന്നും ഇനിയും അത് തുടരാനും വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പാർലമെന്റിൽ വ്യക്തമാക്കി. ക്യാംപുകളിൽ എഴുനൂറോളം മലയാളികളുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കേരള സർക്കാർ നടപടികൾ ഏകോപിപ്പിക്കാൻ നോർക്കയെ ചുമതലപ്പെടുത്തി. കുടിശിക വിവരങ്ങൾ രേഖപ്പെടുത്തണമെന്നും അതതു കമ്പനികളിൽനിന്ന് അവ ലഭ്യമാക്കാൻ കരാറുണ്ടാക്കണമെന്നും സൗദി തൊഴിൽ മന്ത്രാലയത്തോട് അഭ്യർത്ഥിച്ചതായി സുഷമ പറഞ്ഞു.

ദുരിതത്തിലായ തൊഴിലാളികളുടെ വിവരശേഖരണം ഇന്ത്യൻ എംബസിയും ജിദ്ദ കോൺസുലേറ്റും ആരംഭിച്ചു. ഇഖാമ (താമസാനുമതി), പാസ്‌പോർട്ട് വിവരങ്ങൾ, മൊബൈൽ നമ്പർ, ശമ്പള കുടിശികയുടെ വിശദാംശങ്ങൾ എന്നിവയാണു ശേഖരിക്കുന്നത്. ഒട്ടേറെപ്പേരുടെ ഇഖാമ കാലാവധി അവസാനിച്ചു കഴിഞ്ഞു. പലരുടെയും പാസ്‌പോർട്ട് കമ്പനിയുടെ കൈവശമാണ്. പാസ്‌പോർട്ട് കൈവശമുള്ളവരെയാകും ആദ്യഘട്ടത്തിൽ നാട്ടിലെത്തിക്കുക.

ഏകദേശം 10,000 ഇന്ത്യക്കാർക്കു ജോലി നഷ്ടപ്പെട്ടെന്നാണു വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്ക്. റിയാദിൽ 3172 പേർക്കു മാസങ്ങളായി ശമ്പളമില്ല. സൗദി ഓജർ കമ്പനിയിൽ ജോലി ചെയ്തിരുന്ന 2450 പേരാണു ജിദ്ദ, മക്ക, തായിഫ് എന്നിവിടങ്ങളിലെ അഞ്ചു ക്യാംപുകളിലുള്ളത്. ഇവർക്കു കമ്പനി കഴിഞ്ഞ 25 മുതൽ ഭക്ഷണം നൽകിയിട്ടില്ല. 10 ദിവസത്തേക്കാവശ്യമായ ഭക്ഷ്യസാധനങ്ങൾ ഇന്ത്യൻ സമൂഹവുമായി സഹകരിച്ച് ജിദ്ദയിലെ കോൺസലേറ്റ് എത്തിച്ചിട്ടുണ്ട്.

ആരും പട്ടിണി കിടക്കുന്ന സാഹചര്യമുണ്ടാവില്ലെന്നു പാർലമെന്റിന്റെ ഇരുസഭകളിലും സുഷമ പറഞ്ഞു. കമ്പനികൾ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നൽകിയാൽ മാത്രമേ എക്‌സിറ്റ് വീസ നൽകൂ എന്നാണു സൗദിയിലെ വ്യവസ്ഥ. എന്നാൽ, കമ്പനികൾ പൂട്ടി ഉടമകൾ രാജ്യം വിട്ടതിനാൽ ഇതു ലഭിക്കാൻ തടസ്സമുണ്ടായി. എക്‌സിറ്റ് വീസ നൽകാമെന്നും ശമ്പള കുടിശിക പ്രശ്‌നം പരിഗണിക്കാമെന്നും സൗദിയുടെ ഉറപ്പ് ലഭിച്ചെന്ന് വിദേകാര്യ സഹമന്ത്രി എം.ജെ.അക്‌ബറാണു പിന്നീടു വെളിപ്പെടുത്തിയത്.