കട്ടപ്പന: ഭക്ഷ്യവിഷബാധയേറ്റ് കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയിലെ നാൽപതോളം നഴ്‌സിങ് വിദ്യാർത്ഥികൾ അവശനിലയിലായി. സംഭവം പുറത്തറിയാതിരിക്കാൻ കുട്ടികളെ ഹോസ്റ്റൽ മുറികളിൽ തടങ്കലിൽ വച്ചിരിക്കുകയാണ്.

ഇവരുടെ മൊബൈൽ ഫോൺ, കംപ്യൂട്ടർ തുടങ്ങിയവ അധികൃതർ പിടിച്ചുവച്ചു. ഭക്ഷ്യവിഷബാധയുടെ വിവരം പത്രക്കാർക്ക് ചോർന്നു കിട്ടിയെങ്കിലും വാർത്തയാക്കാതെ മുക്കി. കുട്ടികളുടെ സുഖവിവരം അറിയാൻ നഴ്‌സിങ് സ്‌കൂളിലേക്ക് വിളിക്കുന്ന രക്ഷിതാക്കളുടെ ഫോൺ കോളുകൾ കുട്ടികൾക്ക് കൈമാറാതെ ഉരുണ്ടുകളിക്കുകയാണ് ആശുപത്രി അധികാരികൾ. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരിൽനിന്നും സംഭവം മറച്ചു വച്ചിരിക്കുകയാണ്.

സെന്റ് ജോൺസ് കോളജ് ഓഫ് നഴ്‌സിങ്ങിലെ ബി. എസ്‌സി നഴ്‌സിങ് വിദ്യാർത്ഥികളാണ് ഭക്ഷ്യവിഷബാധയേറ്റ് അവശരായത്. ഹോസ്റ്റലിലെ കാന്റീനിൽനിന്നും മൂന്നു ദിവസം മുമ്പ് ഭക്ഷണം കഴിച്ചവർക്കാണ് ഛർദിയും വയറിളക്കവുമുണ്ടായത്. ചിലർ കുഴഞ്ഞു വീണു. ഇതേതുടർന്ന് ഗുരുതരാവസ്ഥയിലായ കുട്ടികളെ ഹോസ്റ്റലിനോട് ചേർന്നു തന്നെ പ്രവർത്തിക്കുന്ന ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തിച്ചു ചികിത്സ നൽകി. എന്നാൽ സംഭവം പുറത്തറിയുന്നത് സ്ഥാപനത്തിന് ദുഷ്‌പേരുണ്ടാക്കുമെന്നു അധികാരികൾ വിലയിരുത്തിയതിനെ തുടർന്നു അവശരായ മറ്റ് കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റാൻ ബന്ധപ്പെട്ടവർ തയാറായില്ല. ഡോക്ടർമാർ ഹോസ്റ്റലിലെത്തി കുട്ടികളെ അവിടെത്തന്നെ ചികിത്സിക്കുകയായിരുന്നു. ഇതിനിടെ ഒരു കുട്ടി വീട്ടിലേക്ക് വിളിച്ച് വിവരമറിയിച്ചതിനെ തുടർന്നാണ് സംഭവം രഹസ്യമാക്കി വയ്ക്കാൻ അധികൃതർ കർശന നിർദ്ദേശം നൽകിയത്. കുട്ടികളുടെ മൊബൈൽ ഫോണുകളും ലാപ്‌ടോപ്പുകളും ഉടൻതന്നെ അധികൃതർ വാങ്ങി സൂക്ഷിക്കുകയും ചെയ്തു. ഏതാനും കുട്ടികൾ നില മെച്ചപ്പെട്ടുവെങ്കിലും മറ്റ് പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം.

ഭക്ഷ്യ വിഷബാധയുണ്ടായത് പുറത്തറിയിക്കരുതെന്നു ആശുപത്രിയിലെ മുഴുവൻ ജീവനക്കാർക്കും കർശന നിർദ്ദേശമാണ് ആശുപത്രി ഡയറക്ടർ ബ്രദർ ജോർജ്, അസി. ഡയറക്ടർ ബ്രദർ തോമസ്, അഡ്‌മിനിസ്‌ട്രേറ്റർ ജേക്കബ് കോര എന്നിവർ നൽകിയിരിക്കുന്നതെന്നു ജീവനക്കാരിലൊരാൾ പറഞ്ഞു. അഡ്‌മിനിസ്‌ട്രേറ്ററുടെ നിർദ്ദേശപ്രകാരമാണ് മൊബൈലും മറ്റും കുട്ടികളിൽനിന്നു വാങ്ങിവച്ചതെന്നാണ് വിവരം. കാന്റീനിൽനിന്നു വിളമ്പിയ മീൻ പഴകിയതായിരുന്നെന്നും അതാണ് വിഷബാധക്ക് കാരണമായതെന്നു പറയുന്നു. കോളജിലെ പ്രിൻസിപ്പൽ മേരിയുടെ ഭർത്താവാണ് കാന്റീൻ നടത്തിപ്പുകാരൻ. ഇയാളെ സംരക്ഷിക്കാനാണ് ആശുപത്രി അധികൃതരും ശ്രമിക്കുന്നത്. ഭക്ഷ്യവിഷബാധയേറ്റ കുട്ടികളിൽ മോശം ആരോഗ്യനിലയിൽ കഴിയുന്ന ഏതാനും കുട്ടികളെ ആശുപത്രിയിലേക്കു മാറ്റി ചികിത്സ നൽകണമെന്നു ഡോക്ടർമാർ നിർദ്ദേശിച്ചെങ്കിലും അതും അവഗണിക്കപ്പെട്ടു. ഇന്നലെയും ഇന്നും ചില കുട്ടികളെ കർശനമായ നിരീക്ഷണത്തോടെ കോളജ് ജീവനക്കാരുടെയും സിസ്‌റ്റേഴ്‌സിന്റെയും അകമ്പടിയോടെ അത്യാഹിത വിഭാഗത്തിലെത്തിച്ചു പരിശോധന നടത്തി.

ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ ആശുപത്രികളിലൊന്നാണ് സെന്റ് ജോൺസ്. ബ്രദേഴ്‌സ് ഓഫ് സെന്റ് ജോൺ ഓഫ് ഗോഡ് സന്യാസ സഭയുടെ കീഴിലാണ് നഴ്‌സിങ് കോളജും നഴ്‌സിങ് സ്‌കൂളും ആശുപത്രിയും പ്രവർത്തിക്കുന്നത്. സംഭവത്തെ തുടർന്ന് വിദ്യാർത്ഥിനികൾ പുറത്തുപോകാതിരിക്കാൻ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെയോ ബന്ധപ്പെട്ട മറ്റ് വകുപ്പുകളുടെയോ ഉദ്യോഗസ്ഥരെയും സംഭവം അറിയിച്ചില്ല. പ്രധാന പരസ്യദാതാവായതിനാൽ  പത്രങ്ങൾ വാർത്ത കൊടുക്കാൻ തയ്യാറായില്ല.