കാഞ്ഞങ്ങാട്: അജാനൂർ കടപ്പുറത്തെ മഹേഷിന്റെ മകൻ നാലര വയസുള്ള അദ്വൈതിന്റെ മരണം നാടിനെ നടുക്കിയിരിക്കുയാണ്. വ്യാഴാഴ്ച വൈകിട്ട് തട്ടുകടയിൽ നിന്നും വാങ്ങിയ ബിരിയാണി അദ്വൈതുൾപ്പെടെയുള്ള കുടുംബങ്ങൾ കഴിച്ചിരുന്നു. ഭക്ഷണം കഴിച്ചതോടുകൂടി അദ്വൈതിന് പുറമെ മാതാവ് വർഷയ്ക്കും വർഷയുടെ ഒന്നരവയസ്സുള്ള കുട്ടി നിസാനും, അനുജത്തി ദൃശ്യയും (19) പരിയാരം മെഡിക്കൽ കോളേജാശുപത്രിയിൽ ഛർദ്ദിയെ തുടർന്ന് ചികിത്സയിലെ തേടി. എന്നാൽ അദ്വൈത് മരണപ്പെടുകയായിരുന്നു.

വിഷം കലർന്ന ഭക്ഷണം കഴിച്ചതിനെത്തുടർന്നാണോയെന്ന് കണ്ടെത്തുന്നതിന് മൃതദേഹം പരിയാരം മെഡിക്കൽ കോളേജാശുപത്രിയിൽ വിദഗ്ധ പോസ്റ്റ്‌മോർട്ടത്തിന് വിധേയമാക്കും. വ്യാഴാഴ്ച രാത്രി മുതൽ ഛർദ്ദി അനുഭവപ്പെട്ട കുട്ടി ഇന്നലെ രാവിലെ കുന്നുമ്മലിലെ സ്വകാര്യാശുപത്രിയിൽ മരണപ്പെടുകയായിരുന്നു. ബിരിയാണിയിൽ നിന്നുണ്ടായ ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം.

പോസ്റ്റ്‌മോർട്ടം കഴിയുന്നതോടെ മരണകാരണം കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. അദ്വൈതിന്റെ ആകസ്മിക മരണം നാട്ടുകാരെ ദുഃഖത്തിലാഴ്‌ത്തി. അതേസമയം നിയന്ത്രണങ്ങൾ എല്ലാം കാറ്റിൽപറത്തി പാതയോരങ്ങളിൽ തട്ടുകടകൾ പെരുകുകയാണ്. നാലു മണിക്ക് ശേഷം ആരംഭിക്കുന്ന തട്ടുകടകളിൽ ആരോഗ്യ വിഭാഗത്തിന്റെ ശ്രദ്ധ എത്തുന്നില്ല എന്നുള്ളത് തട്ടുകടകൾക്ക് എങ്ങനെയും ഭക്ഷ്യ സാധനങ്ങൾ വിൽക്കാമെന്നായ. തിരക്കേറിയ പൊതുഇടങ്ങളിൽ ഭക്ഷണം പാകം ചെയ്യുന്നത് ഏറെ ആരോഗ്യപ്രശ്‌നങ്ങൾക്ക് ഇടയാക്കുന്നു.