കൊച്ചി: ട്രെയിനുകളിൽ പാൺട്രി സർവ്വീസുകാർ യാത്രക്കാരുടെ പക്കൽ നിന്നും അമിത വില ഈടാക്കുന്നതിനെതിരെ കർശ്ശന നടപടി സ്വീകരിക്കുമെന്ന് സതേൺ റെയിൽവേ ഏരിയാ മാനേജർ ഹരികൃഷ്ണൻ. ജയന്തി ജനതാ എക്സ്പ്രസ്സിൽ യാത്രക്കാരുടെ പക്കൽ നിന്നും 15 രൂപ വിലയുള്ള കുടിവെള്ളത്തിന് 20 രൂപ ഈടാക്കി എന്ന മറുനാടൻ വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ധേഹം. ട്രെയിനിൽ ഭക്ഷണ സാധനങ്ങളുടെ വിലവിവരം സാധാരണക്കാരായ യാത്രക്കാർക്ക് അറിവില്ലാത്തതാണ് പാൺട്രിക്കാരെ ഇത്തരം ചൂഷണം നടത്തുവാൻ പ്രേരിപ്പിക്കുന്നത്.

അതിനാൽ എല്ലാ ബോഗികളിലും ട്രെയിനിൽ ലഭ്യമാകുന്ന ഭക്ഷണ സാധനങ്ങളുടെ വിലവിവരം പ്രദർശ്ശിപ്പിക്കാൻ റെയിൽവേ ഡിവിഷൻ കൊമേഷ്യൽ വിഭാഗത്തിന് നിർദ്ധേശം അനുമതി വാങ്ങുമെന്നും ഹരികൃഷ്ണൻ മറുനാടൻ മലയാളിയോട് പറഞ്ഞു. കൂടാതെ ജയന്തി ജനത എക്സ്പ്രസ്സിലെ പാൺട്രി സർവ്വീസ് കരാർ എടുത്തിരിക്കുന്ന കമ്പനിയോട് വിശദീകരണം ചോദിക്കുമെന്നും വീണ്ടും ഇത്തരത്തിൽ പരാതി ലഭിച്ചാൽ കരിമ്പട്ടികയിൽപെടുത്തുമെന്നും അദ്ധേഹം അറിയിച്ചു.

കഴിഞ്ഞ ഒന്നിന് (01/02/2018) കന്യാകുമാരിയിൽ നിന്നും മുംബൈ സി.എസ്.ടി വരെ പോകുന്ന ട്രെയിൻ നമ്പർ 16382 ജയന്തി ജനതാ എക്സ്‌പ്രസ്സിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കൊല്ലത്ത് നിന്നും ആലുവയ്ക്ക് യാത്ര ചെയ്ത രാജീവ്, സുബ്രഹ്മണ്യൻ,സന്ദീപ് എന്നീ യാത്രക്കാരാണ് കുടിവെള്ളത്തിന് അമിത വില ഈടാക്കുന്നത് ശ്രദ്ധിക്കുന്നത്. ഇവർ വാങ്ങിയ വെള്ളത്തിന് 20 രൂപ വാങ്ങിയപ്പോൾ 15 രൂപ മാത്രമല്ലേ എന്ന ചോദിച്ചപ്പോൾ ഇരുപത് രൂപയാണ് എന്ന് പാൺട്രി ജീവനക്കാരൻ പറഞ്ഞു.

തുടർന്ന് ഇവർ ബോട്ടിൽ പരിശോധിച്ചപ്പോൾ 15 രൂപ വിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തങ്ങളോട് മാത്രമാണോ ഇങ്ങനെ അധിക തുക വാങ്ങിയിര്ക്കുന്നത് എന്നറിയാനായി മൂന്നോളം കംപാർട്ട് മെന്റുകളിൽ മൂവരും കയറി കുപ്പിവെള്ളത്തിന് വാങ്ങിയ വില അന്വേഷിച്ചു. എല്ലാ യാത്രക്കാരുടെ പക്കൽ നിന്നും 20 രൂപയാണ് ഈടാക്കിയത് എന്ന് ബോധ്യപ്പെട്ടതോടെ പരാതിയുമായി എ.സി കോച്ചിലുണ്ടായിരുന്ന് ടി.ടി.ഇ യോട് പുരാതിപ്പെട്ടപ്പോൾ പാൺട്രി മാനേജരോട് പരാതിപ്പെടാൻ പറഞ്ഞു. ഇതോടെ വെള്ളം വാങ്ങിയ യാത്രക്കാരെല്ലാം കൂട്ടത്തോടെ പാൺട്രി മാനേജരോട് പരാതി പറയുകയായിരുന്നു.

മാനേജർ വെള്ളം വിൽപ്പന നടത്തിയ ജീവനക്കാരനെ വിളിച്ചു വരുത്തി ചോദ്യം ചെയ്തതോടെ ആദ്യം നിഷേധിക്കുകയും പിന്നീട് ചില്ലറ ഇല്ലാഞ്ഞതിനാലാണ് ബാക്കി നൽകാതിരുന്നതെന്നും പറഞ്ഞു. എന്നാൽ യാത്രക്കാർ പരാതിപ്പെടുമെന്ന് അറിയിച്ചതോടെയാണ് കുറ്റസമ്മതം നടത്തിയത്. പിന്നീട് എല്ലാവർക്കും ബാക്കി തുക മാനേജർ മടക്കി നൽകുകയും യാത്രക്കാരോട് ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു. ഇക്കാര്യമാണ് മറുനാടൻ മലയാളി യാത്രക്കാരുടെ പ്രതികരണമുൾപ്പെടെ പുറത്ത് വിട്ടത്.

യാത്രക്കാർക്ക് ഭക്ഷണ സംബന്ധമായ എന്ത് പരാതികൾക്കും 138 എന്ന നമ്പരിൽ ബന്ധപ്പെട്ട് പരാതി രേഖപ്പെടുത്താവുന്നതാണ്. പരാതി ലഭിച്ചാലുടൻ പ്രത്യേക സ്‌ക്വാഡ് ട്രെയിനുള്ളിൽ കയറി പരിശോദന നടത്തുമെന്നും ഉടൻ നടപടി എടുക്കുമെന്നും ഏരിയാ മാനേജർ പറഞ്ഞു.
ദീർഘ, ഹ്രസ്വ ദൂര യാത്രക്കാർ ഏറെ ആശ്രയിക്കുന്ന യാത്രാ മാർഗ്ഗമാണ് ട്രെയിൻ. യാത്രാ മധ്യേ ഭക്ഷണ സാധനങ്ങൾക്ക് ട്രെയിനിനുള്ളിൽ തന്നെ റെയിൽവേ സൗകര്യമൊരുക്കിയിട്ടുണ്ട്.

ഇതിനായി ഐ.ആർ.സി.ടി.സിയെയാണ് ചടുമതലപ്പെടുത്തിയിരിക്കുന്നത്. കുറഞ്ഞ നിരക്കിൽ മികച്ച ഭക്ഷണമാണ് ഇവർ നൽകുന്നത്. എന്നാൽ യാത്രക്കാർക്ക് കുറഞ്ഞ ചെലവിലാണ് ഭക്ഷണം ലഭ്യമാകുന്നത് എന്നതിനെ കുറിച്ച് വ്യക്തമായ ധാരണ ഇല്ല. ഇക്കാര്യം അറിയാവുന്ന ഒട്ടുമിക്ക പാൺട്രി ജീവനക്കാരും അമിതമായ തുക ഈടാക്കിയാണ് ഭക്ഷണ സാധനങ്ങൾ വിൽക്കുന്നത്. പുറത്ത് 20 രൂപയ്ക്ക് കിട്ടുന്ന ഒരു ലിറ്റർ കുടിവെള്ളത്തിന് റെയിൽവെയിൽ 15 രൂപ മാത്രമേയുള്ളൂ. ഈ വിവരം ഒട്ടുമിക്ക യാത്രക്കാർക്കും അറിയില്ല എന്നതാണ് സത്യം. ഇത് മുതലാക്കി 20 രൂപ വാങ്ങുമ്പോൾ വിൽക്കുന്നയാളുടെ പോക്കറ്റിൽ വീഴുന്നത് 5 രൂപ.

ഒരു ദീർഘ ദൂര ട്രെയിനിൽ ചുരുങ്ങിയത് ദിവസം ആയിരത്തോളം കുടിവെള്ളം വിൽപ്പന നടത്തും. ഇതിലൂടെ 5000 രൂപ ദിനം പ്രതി യാത്രക്കാരെ ചൂഷണം ചെയ്ത് ഇവർ നേടിയെടുക്കും. ട്രെയിനിനുള്ളിൽ പരാതിപ്പെട്ടാൽ ഐ.ആർ.സി.ടി.സി ക്ക് പരാതി നൽകാനാണ് നിർദ്ധേശിക്കുന്നത്. എന്നാൽ ഇതിലുള്ള പ്രായോഗിക ബുദ്ധിമുട്ട് മൂലം ആരും പരാതി നൽകാറില്ല. പരാതി രേഖപ്പെടുത്താനുള്ള രജിസ്റ്റർ പാൺട്രി മാനേജരുടെ പക്കലുണ്ടെങ്കിലും യാത്രക്കാർക്ക് നൽകാൻ തയ്യാറാകാറില്ല.