തിരുവനന്തപുരം: സംസ്ഥാനത്തെ വിപണയിൽ നിന്നും നിറപറ ബ്രാൻഡ് അപ്രത്യക്ഷമാവുകയാണ്. ഭക്ഷ്യസുരക്ഷാ കമ്മീഷണർ നിലപാട് കടുപ്പിച്ചതോടെ നിൽക്കള്ളിയില്ലാത്ത അവസ്ഥയിൽ നിറപറയെത്തി. രണ്ട് ദിവസത്തിനകം നിറപറയുടെ നിരോധിക്കപ്പെട്ട ഉൽപ്പനങ്ങൾ വിപണിയിൽ നിന്ന് പൂർണ്ണമായും അപ്രത്യക്ഷമാകും. അതിനിടെ നിരോധിക്കപ്പെടാത്ത മറ്റ് നിറപറ ഉൽപ്പനങ്ങളേയും വിവാദം ബാധിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ വിറ്റു പോയിരുന്ന നിറപറ അരിക്ക് പോലൂം ആവശ്യക്കാർ ഇല്ല. വിവാദത്തെ തുടർന്ന് ഉപഭോക്താക്കളും നിറപറയോട് താൽപ്പര്യം കാണിക്കാത്തതാണ് ഇതിന് കാരണം.

വ്യാപകമായി മായം കലർത്തി എന്ന് തെളിഞ്ഞതിനെ തുടർന്ന് നിരോധിച്ച നിറപറയുടെ മൂന്ന് ഉൽപ്പന്നങ്ങൾ മല്ലിപ്പൊടി, മുളക്‌പൊടി, മഞ്ഞൾപൊടി എന്നിവ വിപണിയിൽ നിന്നും പിൻവലിക്കുന്നതിന് സെപ്റ്റംബർ ഒൻപതു വരെ സമയം അനുവദിച്ചു. അതിനു ശേഷവും അവ വിപണിയിൽ കണ്ടാൽ നിയമ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണർ ടി.വി. അനുപമ പറഞ്ഞു. സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നും കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിൽ ശേഖരിച്ച 34 സാമ്പിളുകളിലും മായം കണ്ടെത്തിയതിനെ തുടർന്നാണ് നിറപറയുടെ മല്ലിപ്പൊടി, മുളക് പൊടി, മഞ്ഞൾപൊടി എന്നിവ നിരോധിച്ചത്.

പരിശോധനയിൽ ഇവയിലെല്ലാം 15% മുതൽ 70% വരെ അന്നജത്തിന്റെ സാനിദ്ധ്യം കണ്ടെത്തിയിരുന്നു. മല്ലിപ്പൊടിയിലായിരുന്നു അന്നജത്തിന്റെ തോത് കൂടുതൽ കണ്ടെത്തിയത്. ഇവയിൽ ആരോഗ്യത്തിന് ഹാനികരമായ കൂടുതൽ രാസവസ്തുക്കൾ ചേർത്തിട്ടുണ്ടോ എന്നിവ ഉൾപ്പെടെ അറിയുന്നതിനായി കൂടുതൽ പരിശോധനയക്ക് അയച്ചിരിക്കുകയാണ്. നിറപറയുടെ മൂന്ന് കറിപ്പൊടികളിൽ മായം കലർന്നതായി വാർത്തകൾ വന്നതോടെ മിക്ക കടകളിലും അവയുടെ വിൽപ്പന നിറുത്തി വച്ചിരിക്കുകയാണ്. പലരും കടയിൽ നിന്ന് ഇവ എടുത്തു മാറ്റി. ഉപഭോക്താക്കളുടെ പ്രതിഷേധം കണക്കിലെടുത്താണ് ഇത്.

മുമ്പും നിരവധി തവണ നിറപറ ഉത്പന്നങ്ങളിൽ അന്നജത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. 34 കേസുകൾ ഭക്ഷ്യസുരക്ഷാ വകുപ്പ് നിറപറയ്‌ക്കെതിരെ കോടതിയിൽ ഫയൽ ചെയ്തിട്ടുണ്ട്. ഇതില് ആറ് തവണ കോടതി നിറപറയെ ശിക്ഷിച്ചു. മൂന്നു തവണ അഞ്ച് ലക്ഷം രൂപ വീതവും, മൂന്ന് തവണ 25,000 രൂപ വീതവും പിഴയാണ് നിറപറ അടച്ചിട്ടുള്ളത്. എന്നാൽ നിറപറയ്ക്ക് എതിരെ ഇത്തവണ ഭക്ഷ്യ സുരക്ഷാ കമ്മീഷണറായ അനുപമ ശക്തമായ നിലപാട് എടുത്തു. ഇതോടെ സമ്മർദ്ദങ്ങളെല്ലാം വെറുതെയായി. ഈ സാഹചര്യത്തിലാണ് വിപണിയിൽ നിന്ന് നിരോധനമെത്തിയത്.

പാക്ക് ചെയ്ത ഭക്ഷ്യോൽപ്പന്ന നിർമ്മാണ രംഗത്തെ പ്രമുഖരായ നിറപറയുടെ തട്ടിപ്പാണ് ടി വി അനുപമയുടെ വെളിപ്പെടുത്തലിലൂടെ ഇപ്പോൾ പുറംലോകം അറിഞ്ഞിരിക്കുന്നത്. നിറപറയുടെ ഉത്പന്നങ്ങളിൽ സ്റ്റാർച്ച് (അന്നജം) സാന്നിദ്ധ്യം കണ്ടെത്തിയയതാണ് കറിപ്പൊടികളിൽ കമ്പനിയുടെ കള്ളത്തരത്തെ പൊളിച്ചത്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിയമ പ്രകാരം കറി പൗഡറുകളിൽ സ്റ്റാർച്ച് സാന്നിദ്ധ്യം ഉണ്ടാകാൻ പാടില്ല. എന്നാൽ, നിറപറയുടെ മൂന്ന് ഉത്പന്നങ്ങൾ നിരവധി തവണ പരിശോധിച്ചപ്പോഴും അതിൽ 15 മുതൽ 70 ശതമാനം വരെ സ്റ്റാർച്ച് സാന്നിദ്ധ്യം കണ്ടെത്താൻ സാധിച്ചു. അതായാത് വലിയ തോതിൽ തന്നെ കറിപ്പൊടികളിൽ മായം നിറപറ പ്രയോഗിക്കുന്നുണ്ടെന്നാണ് ടി വി അനുപമയുടെ വെളിപ്പെടുത്തലിലൂടെ പുറത്തായിരിക്കുന്നത്.

കേരളത്തിലെ മൂന്നു ലാഭുകളിലും സ്‌പൈസസ് ബോർഡിന്റെ പരിശോധനയിലുമാണ് നിറപറ ഉത്പന്നങ്ങളിൽ മായമുണ്ടെന്ന് കണ്ടെത്തിയത്. ഇതേത്തുടർന്നാണ് ഉത്പന്നങ്ങൾ വിപണിയിൽനിന്ന് തിരികെ വിളിക്കാനുള്ള നോട്ടീസ് കമ്പനിക്ക് നൽകിയതെന്നും ഭക്ഷ്യസുരക്ഷാ കമ്മീഷണർ വ്യക്തമാക്കി. മുൻപും നിരവധി തവണ നിറപറ ഉത്പന്നങ്ങളിൽ സ്റ്റാർച്ച് സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ടെന്നും അവർ പറഞ്ഞു. കേരളത്തിലെ ഭക്ഷ്യബ്രാൻഡുകളിലെ വലിയ ബ്രാൻഡാണ് നിറപറ. കോടികളുടെ വിറ്റുവരവുള്ള സ്ഥാപത്തിന്റെ ബ്രാൻഡ് അംബാസിഡർ കാവ്യ മാധവനാണ്. നിറപറയ്‌ക്കെതിരെ 34 തവണ നടപടി സ്വീകരിച്ചിട്ടും പരസ്യങ്ങളുടെ ബലത്തിൽ ഇത് മാദ്ധ്യമങ്ങളിൽ പോലും വാർത്തയായിരുന്നില്ലെന്ന കാര്യവും ഇതോടെ വെളിയിൽ വരികയാണ്.

വിഷ പച്ചക്കറികളുടെ കാര്യത്തിലെന്ന പോലെ മായം കലർന്ന ഭക്ഷ്യോൽപ്പന്നങ്ങളുടെ കാര്യത്തിലും കർശന നിലപാട് സ്വീകരിക്കാനാണ് അനുപമ ഐഎഎസിന്റെ തീരുമാനം.