മസ്‌കത്ത്: ബാർബിക്യുവും ചോളവും ആവശ്യത്തിനനുസരിച്ച് മുന്നിൽ മാത്രമേ തയാറാക്കി നൽകണമെന്നതടക്കം മൊബൈൽ ഭക്ഷണശാലകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട നിയമത്തിൽ ഭേദഗതി വരുത്തി.ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളിലാണ് ഭേദഗതി.

ബാക്കി വരുന്ന ഭക്ഷണം ശേഖരിച്ചുവെക്കാനോ പിറ്റേ ദിവസം ഉപയോഗിക്കാനോ പാടില്ല. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ നിയമങ്ങളും ഇതിന് ബാധകമാണ്. സിവിൽ ഡിഫൻസ് പൊതു അഥോറിറ്റിയുടെ അനുമതി പുതുക്കിയ നിയമപ്രകാരം മൊബൈൽ ഭക്ഷണശാലകൾക്ക് നിർബന്ധമാണ്. ഭക്ഷണം തയാറാക്കുകയും വിൽപന നടത്തുകയും ചെയ്യുന്ന ഭാഗവും ഡ്രൈവറുടെ കാബിനും പ്രത്യേകം വേർതിരിച്ചിരിക്കണം.

നഗരസഭ നിർദേശിച്ചിരിക്കുന്ന സ്ഥലങ്ങളിൽ അല്ലാതെ ഭക്ഷണ ട്രക്കുകൾ പാർക്ക് ചെയ്യാൻ പാടില്ല. നിയമലംഘനം കണ്ടെത്തുന്ന പക്ഷം ലൈസൻസ് റദ്ദാക്കാൻ നഗരസഭക്ക് അധികാരമുണ്ടായിരിക്കും. മറ്റൊരു മൊബൈൽ ഭക്ഷണശാലയുടെ 200 മീറ്ററിനുള്ളിൽ മറ്റൊരു ട്രക്ക് പാർക്ക് ചെയ്യാൻ പാടില്ല. ഭക്ഷണം തയാറാക്കുന്നതിനായി തുരുമ്പ് പിടിക്കാത്ത മേശ, വായു സഞ്ചാരത്തിനുള്ള സൗകര്യം, വാട്ടർ ടാങ്ക്, പ്രാണികളെ കൊല്ലുന്നതിനുള്ള ഉപകരണം എന്നിവ ഉണ്ടാകണം. പരിസരം ശുചിയായി സൂക്ഷിക്കുകയും വേണം. ഭക്ഷ്യവിഷബാധ ഉണ്ടാകുന്ന പക്ഷം അതിന്റെ കാരണം കണ്ടെത്തി പരിഹരിക്കുന്നത് വരെ ഭക്ഷണശാല തുറക്കാൻ അനുവദിക്കില്ല.

നിയമലംഘനം ആവർത്തിക്കുന്ന പക്ഷം പിഴ ഇരട്ടിയാവുകയും ലൈസൻസ് ആറുമാസത്തേക്ക് റദ്ദാക്കുകയും ചെയ്യും. ഭക്ഷണ സാധനങ്ങൾ, പ്രത്യേകിച്ച് ഇറച്ചി എവിടെ നിന്നാണ് വാങ്ങിയത് എന്നതിന്റെ ബിൽ അടക്കം സൂക്ഷിക്കണം.അധികൃതർ ആവശ്യപ്പെട്ടാൽ അത് നൽകുകയും വേണം. നിയമലംഘനങ്ങൾക്കുള്ള പിഴയിലും മാറ്റം വരുത്തിയിട്ടുണ്ട്. 2016ലാണ് മൊബൈൽ ഭക്ഷണശാല ബിസിനസിന് സർക്കാർ അനുമതി നൽകിയത്.