കണ്ണൂർ: കാസർകോട് ഷവർമ കഴിച്ച് വിദ്യാർത്ഥി മരിച്ചതിന് പിന്നാലെ കണ്ണൂർ ജില്ലയിൽ ഭക്ഷ്യസുരക്ഷാ വകുപ്പിനെയും കോർപ്പറേഷന്റെയും നേതൃത്വത്തിൽ പരിശോധന ശക്തമാക്കി. ഇതുവരെ ജില്ലയിൽ നൂറിൽപരം ഹോട്ടലുകളിലാണ് റെയിഡ് നടത്തിയിരിക്കുന്നത്. ഇതിൽ വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്നതും ലൈസൻസ് ഇല്ലാത്തതുമായ 18 ഹോട്ടലുകൾ പൂട്ടാൻ ഉത്തരവും ഇട്ടു.ഇതിനുപുറമെ ഒട്ടേറെ സ്ഥാപനങ്ങൾക്ക് പിഴയും നോട്ടീസും നൽകി. ഉച്ച സമയങ്ങളിൽ ആണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന തുടങ്ങുന്നത്. ഉച്ച മുതൽ രാത്രി ഏറെ വൈകുന്നത് പരിശോധന നീളുന്നുണ്ട്.

കണ്ണൂർ കൂത്തുപറമ്പ് ഇരിട്ടി പയ്യന്നൂർ മേഖലകളിൽ പരിശോധന ശക്തമായി തുടരുകയാണ്. ഷവർമ അൽഫാം തുടങ്ങിയ ഭക്ഷണസാധനങ്ങൾ കടകൾ പൊതുവെ വൈകുന്നേരങ്ങളിലാണ് പ്രവർത്തിക്കാറ്. അതിനാലാണ് ഈ സമയം തന്നെ റെയ്ഡിനായ് ഉദ്യോഗസ്ഥർ തിരഞ്ഞെടുക്കുന്നത്.ഞായറാഴ്ച മാത്രം ഭക്ഷ്യസുരക്ഷാ വകുപ്പ് മൂന്ന് ഹോട്ടലുകളാണ് കണ്ണൂർ ജില്ലയിൽ പൂട്ടിച്ചത്. മിക്ക ഹോട്ടലുകളും കൃത്യമായ മാനദണ്ഡം പാലിക്കുന്നില്ല എന്നാണ് പരിശോധനയിൽ വ്യക്തമായത്.ഷവർമ ഉണ്ടാക്കുന്നതിനു കൃത്യമായ മാനദണ്ഡം ഉണ്ട്. ഇതിനായി ഉപയോഗിക്കുന്ന മയോണിസ് പെട്ടെന്ന് പാഴായി പോകും എന്നതിനാൽ അത് ഉണ്ടാക്കുന്നതിനും കൃത്യമായ രീതിയുണ്ട്. എന്നാൽ മിക്ക കടകളും ഇത് പാലിക്കുന്നില്ല എന്നാണ് പരിശോധനയിൽ കണ്ടെത്തി.

ഷവർമ എന്താണെന്ന് പോലും കൃത്യമായി അറിയാത്ത ഇതരസംസ്ഥാന തൊഴിലാളികളാണ് മിക്ക കടകളിലും ഇത് നിർമ്മിക്കുന്നത്. ചിക്കൻ വാങ്ങുന്നതിനെ ബില്ല് കൃത്യമായ സൂക്ഷിക്കേണ്ട കടമ കടകൾക്കുണ്ട്. ഇറച്ചി വാങ്ങി നിശ്ചിതസമയത്തിനുള്ളിൽ തന്നെ ഇതിൽ മസാല പുരട്ടേണ്ടത് ഉണ്ട്. കോഴി അടുക്കി വെക്കുന്നതിനുള്ള അളവും അത് എത്ര തീയിൽ വേവിക്കണം എന്ന് അളവും പലസ്ഥലത്തും പാലിക്കപ്പെടുന്നില്ല എന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ.

ഇന്നലെ നടത്തിയ പരിശോധനയിൽ മുണ്ടയാട് ഉള്ള ബോംബെ ഹോട്ടലിന് ലൈസൻസ് ഇല്ലെന്ന് കണ്ടെത്തി. ഈ ഹോട്ടൽ പൂട്ടാൻ വേണ്ട നടപടികൾ സ്വീകരിച്ചു. ഇതിനോടൊപ്പം തന്നെ വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിച്ച പെരിങ്ങത്തൂരിലെ ഫിൽ ഫിൽ എന്ന് ഹോട്ടലും ലൈവ് കാറ്ററിങ് എന്ന് ഹോട്ടലുകൾ പൂട്ടിച്ചു. ഇവയ്ക്ക് ലൈസൻസും ഉണ്ടായിരുന്നില്ല. പെരിങ്ങത്തൂർ എത്തുന്ന എഫ് സി ഹോട്ടൽ നടത്തിയ പരിശോധനയിൽ ലൈസൻസ് കണ്ടെത്താനായില്ല. തുടർന്ന് ഉടമസ്ഥന്റെ കയ്യിൽ ലൈസൻസ് ഉണ്ട് എന്നും ബോംബെയിലാണ് ഇപ്പോൾ ഉള്ളത് എന്നും നാട്ടിൽ ഉടനെ വന്ന് ലൈസൻസ് ഹാജരാക്കാം എന്നുമുള്ള മറുപടിയിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് ലൈസൻസ് ഹാജരാക്കാൻ അധികം സമയം കൊടുത്തു.

വെജ് ആഹാരസാധനങ്ങൾ നോൺ വെജ് ആഹാരസാധനങ്ങൾക്കൊപ്പം സൂക്ഷിക്കുന്നതും കണ്ടെത്തി. ഇത്തരത്തിലുള്ള കടകൾക്ക് ഇത് ആവർത്തിക്കരുത് എന്നുള്ള രീതിയിൽ നോട്ടീസ് നൽകി. കണ്ണൂർ ജില്ലയിൽ പരിശോധന തുടർന്ന് സാഹചര്യത്തിൽ പല സ്ഥലത്തുനിന്നും വൃത്തിഹീനമായ ഭക്ഷണത്തെക്കുറിച്ചും തങ്ങൾ കഴിച്ചഭക്ഷണം മോശമായിരുന്നു എന്നുള്ള രീതിയിലുള്ള നിരവധി ഫോൺ കോളുകളാണ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് വരുന്നത്.

ഇതിനുപുറമെ ഇന്നു മുതൽ കണ്ണൂർ ജില്ലയിലെ എല്ലാ ഷവർമ്മ വിൽപ്പന കടകളിൽ നിന്നും സാമ്പിളുകൾ ശേഖരിച്ച് വിദഗ്ധപരിശോധനയ്ക്ക് അയക്കാനാണ് തീരുമാനം.കണ്ണൂർ ജില്ലയിൽ തന്നെ മിക്കസ്ഥലങ്ങളിലും പോക്കറ്റ് ഷവർമ സുലഭമായി വിൽക്കുന്നുണ്ട് എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.ചെറിയ പൈസക്ക് ചെറിയ രൂപത്തിലുള്ള ഷവർമയാണ് ഇവർ പോക്കറ്റ് ഷവർമ എന്നുപറഞ്ഞ് നൽകുന്നത്. ഇതിൽ വീടുകളിൽ നിന്നു വരെ ഷവർമ പല സ്ഥലങ്ങളിലേക്കും നൽകുന്നുണ്ട് എന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കണ്ടെത്തൽ.

ഇത് ഏതൊക്കെ സ്ഥലങ്ങളിൽ ആണെന്ന് കണ്ടെത്തി അവയുടെ സാമ്പിളുകൾ എടുത്ത് പരിശോധനയ്ക്കും.ഇത്തരത്തിലുണ്ടാകുന്ന ഷവർമ ഓൺലൈൻ വഴിയും ഇൻസ്റ്റഗ്രാം വഴിയും വിപുലമായി വീടുകളിലേക്ക് എത്തിച്ചു കൊടുക്കുന്നുണ്ട്. ഇത് കൃത്യമായ മാനദണ്ഡം പാലിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്താനാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നീക്കം.ല ഷവർമ കടകളിലും ഷവർമ ഉണ്ടാക്കുന്ന മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ആണ് ഷവർമ നിർമ്മിക്കൽ. ചെറിയ ചെറിയ യൂണിറ്റുകളിൽ നിന്ന് വരെ ഷവർമ നിർമ്മിക്കുന്നുണ്ട്.

ഈ ഭക്ഷണസാധനങ്ങളുടെ പരിശോധനയ്‌ക്കൊപ്പം തന്നെ ജില്ലയിൽ വിപുലമായി മത്സ്യങ്ങളും പരിശോധിച്ചിരുന്നു.കണ്ണൂർ, തലശ്ശേരി, തളിപ്പറമ്പ്, ഇരിട്ടി, പയ്യന്നൂർ തുടങ്ങിയ സ്ഥലങ്ങളിൽ ഓപ്പറേഷൻ മത്സ്യയുടെ ഭാഗമായി പരിശോധന നടത്തി.സംസ്ഥാനത്തിന്റെ പല ജില്ലകളിലും മത്സ്യത്തിൽ ഫോർമാലിന്റെ അംശവും അമോണിയയും കണ്ടെത്തിയിരുന്നു. എന്നാൽ കണ്ണൂർ ജില്ലയിലെ പല പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ ഇതുവരെ ഒന്നും കണ്ടെത്താനായില്ല. പഴകിയ മത്സ്യങ്ങൾ പിടിച്ചെടുത്തിരുന്നു എന്നല്ലാതെ വിഷാംശം കലർന്ന മീൻ കണ്ടെത്താനായില്ല. ഇത്തരത്തിൽ പഴയ മീൻ കണ്ടെത്തി നശിപ്പിച്ചു.

തലശ്ശേരി, കണ്ണൂർ മാർക്കറ്റുകളിൽ പഴയ മീൻ ലഭ്യമല്ല എന്നാണ് ഇതുവരെ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ മനസ്സിലായത്. എന്തിരുന്നാലും ജില്ലയിൽ ഇതരസംസ്ഥാനത്ത് നിന്നും നിരവധി മത്സ്യങ്ങൾ ലോറിയിൽ കയറ്റി വരുന്നുണ്ട് എന്നും കണ്ടെത്തി. ഐസ് ഇട്ട രീതിയിലാണ് ഇത്തരത്തിൽ മീനുകൾ കയറ്റി വരുന്നത്. മംഗലാപുരത്ത് നിന്നാണ് കണ്ണൂർ ജില്ലയിലേക്ക് പുറത്തുനിന്നുള്ള മത്സ്യ സ്രോതസ്സിൽ അധികവും. ആയതിനാൽ തന്നെ ഇത്തരത്തിലുള്ള മത്സ്യങ്ങളിൽ മായം കണ്ടെത്താനുള്ള സാധ്യത കൂടുതലാണ്. ഇതുവരെ ഒന്നും കണ്ടെത്താനായില്ല എങ്കിലും ജില്ലയിൽ വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരും.

അതേസമയം ഒരാൾ മരിച്ചാൽ മാത്രമേ കേരളത്തിൽ വിവിധ വകുപ്പുകൾ ഉണർന്നു പ്രവർത്തിക്കുകയുള്ളൂ എന്ന് വിമർശനം ശക്തമായി ഇപ്പോൾ ജനങ്ങൾക്കിടയിൽ ഉണ്ട്. വർഷങ്ങൾക്ക് മുമ്പ് തിരുവനന്തപുരത്ത് ഒരു കുട്ടി ഷവർമ കഴിച്ച് മരിച്ചിരുന്നു. ഇതേപോലെ ബാംഗ്ലൂരും ഷവർമ കഴിച്ചു മരിച്ച സംഭവം ഉണ്ട്. എന്തിരുന്നാലും ഒരു സംഭവം നടന്നാൽ മാത്രമാണ് അതിനെതിരെ സർക്കാർ സംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിക്കുന്ന എന്നുള്ള വിമർശനമാണ് ഇപ്പോൾ ജനങ്ങൾക്കിടയിൽ ശക്തമായിരിക്കിന്നത്.

സർക്കാർ പോലും പലപ്പോഴും കൃത്യമായ ശ്രദ്ധ കൊടുക്കാതെ വിഭാഗമാണ് ഭക്ഷ്യസുരക്ഷ വകുപ്പ്.കൃത്യമായ ശ്രദ്ധ പല ഹോട്ടലുകളിലും എത്തുന്നില്ല എന്നത് പകൽ പോലെ വ്യക്തമാണ്. കുട്ടി മരിച്ച സംഭവത്തിന്റെ ചൂട് കെട്ടടങ്ങുന്നതിനോടൊപ്പം ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയും നിൽക്കുമോ എന്ന ആശങ്ക ശക്തമായി നിലനിൽക്കുന്നുണ്ട്.സാധാരണ സമയങ്ങളിൽ എന്തെങ്കിലുമൊരു കാര്യം നടന്നുകഴിഞ്ഞാൽ മാധ്യമങ്ങളിൽ അതിന്റെ ചൂട് കെട്ടടങ്ങുന്നത് വരെ മാത്രമാണ് നമ്മുടെ സർക്കാർ സംവിധാനവും ഉണർന്നു പ്രവർത്തിക്കുന്നത് എന്നതാണ് ഈ ആശങ്ക വർധിപ്പിക്കുന്ന കാര്യം.

കൃത്യമായ രീതിയിൽ ദുബായ് പോലുള്ള സ്ഥലങ്ങളിൽ നിലനിൽക്കുന്ന പരിശോധന മാർഗം ഇവിടെയും കൊണ്ടുവരണം എന്നുള്ള ആവശ്യം ചിലർക്കെങ്കിലും ഉണ്ട്. ഇതിന് ശക്തമായ പരിശോധന എല്ലാ ഹോട്ടലുകളിലും നടക്കേണ്ട ആയിട്ടുണ്ട്. മായം കലർത്തി ഭക്ഷ്യ സാധനങ്ങൾ വിൽക്കുന്ന പല ഹോട്ടലുകളും ഇന്ന് സുലഭമായി പ്രവർത്തിക്കുന്നുണ്ട് എന്നത് പകൽ പോലെ വ്യക്തമാണ്.