- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വർക്ക് ഷോപ്പുകൾ ഞായറാഴ്ച്ച തുറക്കാം; സ്പെയർപാർട്സ് കടകൾക്ക് തിങ്കളാഴ്ച്ചയും; പ്രസുകൾക്ക് തുറക്കാനനുമതിയില്ല; പക്ഷെ കല്യാണ സാരി വാങ്ങാൻ ക്ഷണക്കത്ത് വേണം; എജ്ജാതി ഇളവുകൾ; സർക്കാരിന്റെ ലോക്ക്ഡൗൺ ഇളവുകളിൽ വിവരക്കേടുകളുടെ ഘോഷയാത്ര; തുഗ്ലക്ക് തോറ്റുപോകുമെന്ന് വിമർശനം
തിരുവനന്തപുരം: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ലോക്ക് ഡൗൺ ഇളവുകളിൽ മണ്ടത്തരങ്ങളുടെ ഘോഷയാത്ര. തുഗ്ലക്ക് പരിഷ്‌കാരങ്ങൾ മൂലം ആനയെ വാങ്ങിയാലും ചങ്ങല വാങ്ങാനുള്ള കട തുറക്കാൻ ദിവസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയാണിപ്പോൾ. അപ്രായോഗികവും അശാസ്ത്രീയവുമായ നിർദ്ദേശങ്ങളാണ് നിലവിൽ ഇളവുകളായി പ്രഖ്യാപിച്ചിട്ടുള്ളത്. കൃത്യമായി പറഞ്ഞാൽ ഇളവുകളുടെ ഗുണഫലം ജനങ്ങൾക്ക് ലഭിക്കാത്ത അവസ്ഥ. ഒരുതവണ പുറത്തിറങ്ങേണ്ട അളെ പല ദിവസങ്ങളിലായി നടത്തിക്കുന്ന ഇളവുകളാണ് ഇപ്പോഴുള്ളത് എന്നാണ് വിമർശനം. ഇളവുകൾ ലഭിച്ചാലും ജനം പുറത്തിറങ്ങാതിരിക്കാനുള്ള തന്ത്രമാണോ എന്നും ചിലർ ചോദിക്കുന്നു.
വർക്ക് ഷോപ്പുകൾ തുറന്ന് പ്രവർത്തിക്കുന്നതുമായ ഒരു നിർദ്ദേശമാണ് അതിൽ ഒന്നാമത്തേത്. ലോക്ഡൗൺ കാരണം ഉപയോഗിക്കാതിട്ടിരുന്ന ചില വാഹനങ്ങളുടെ ബാറ്ററി പണിമുടക്കിയിട്ടുണ്ട്. ടയറുകൾക്കും തകരാറുണ്ട്. ചെറിയ മെക്കാനിക്കൽ പണികളും വരുന്നുണ്ട്. വർക്ക് ഷോപ്പിൽ കൊടുക്കാമെന്ന് കരുതിയാൽ ശനി, ഞായർ ദിവസങ്ങളിലാണ് വർക്ക് ഷോപ്പുകൾക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതിയുള്ളത്. എന്നാൽ സ്‌പെയർപാർട്സ് വിൽപ്പനകേന്ദ്രങ്ങൾ തിങ്കൾ, വ്യാഴം ദിവസങ്ങളിൽ മാത്രമെ തുറന്നുപ്രവർത്തിക്കാൻ പാടുള്ളു. അതായത് വർക്ക് ഷോപ്പ് തുറക്കുന്ന ദിവസങ്ങളിൽ സ്‌പെയർപാർട്സ് കിട്ടുന്നില്ല. ഇവരണ്ടും ഒരേദിവസം തുറന്നാൽമാത്രമേ വാഹനങ്ങളുടെ അറ്റകുറ്റപ്പണി തീർക്കാനാകുകയുള്ളൂ എന്ന് മനസിലാക്കാൻ മെക്കാനിക്കൽ വിദഗ്ധനൊന്നുമാവേണ്ടതില്ലല്ലോ എന്നാണ് വർക്ക് ഷോപ്പ് ഉടമകൾ ചോദിക്കുന്നത്.
അറ്റകുറ്റപ്പണി ആരംഭിക്കുമ്പോഴാണ് ഏതൊക്കെ പാർട്‌സുകളാണ് വേണ്ടതെന്ന് വ്യക്തമാകുക. ശനി, ഞായർ ദിവസങ്ങളിൽ വർക്ക്ഷോപ്പുകളിൽ എത്തിക്കുന്ന വാഹനങ്ങൾ സ്‌പെയർപാർട്സുകൾക്കുവേണ്ടി കാത്തുകിടക്കേണ്ട അവസ്ഥയാണ്. തിങ്കളാഴ്ച സ്‌പെയർപാർട്സ് കിട്ടുമെങ്കിലും വീണ്ടും വർക്ക്ഷോപ്പ് തുറക്കണമെങ്കിൽ ശനിയാഴ്ചയാകണം. ചുരുക്കത്തിൽ പത്ത് മിനിറ്റിൽ ശരിയാക്കേണ്ട വണ്ടികൾ പോലും ചുരുങ്ങിയത് ഒരാഴ്‌ച്ച വർക്ക്‌ഷോപ്പിൽ കിടക്കേണ്ട അവസ്ഥ.
ചില ജില്ലകളിൽ തിങ്കളാഴ്ച സ്പെയർപാർട്സ് കടകൾ തുറക്കാൻ അനുമതി നൽകിയപ്പോൾ വർക്ക്ഷോപ്പുകൾ തുറക്കാൻ അനുമതി നൽകിയത് ചൊവ്വാഴ്ചയാണെന്നും ആരോപണമുണ്ട്. മലപ്പുറത്ത് മുപ്പൂട്ട് നീക്കിയതിനുശേഷം സ്പെയർപാർട്സ് കടകൾ തുറക്കാം. എന്നാൽ വർക്ക്ഷോപ്പുകൾക്ക് തുറക്കാൻ പാടില്ല. സർക്കാർ വാഹനങ്ങൾക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ മാത്രമേ ഈ സാഹചര്യത്തിൽ സ്പെയർപാർട്സ് കടകളിൽ കച്ചവടമുണ്ടാകൂ. ഈ സാഹചര്യത്തിൽ തങ്ങൾ തുറന്നിട്ട് എന്തുകാര്യം എന്നാണ് കടക്കാർ ചോദിക്കുന്നത്.
എന്നാൽ നിരത്തിൽ വാഹനങ്ങളും യാത്രകളും കുറയ്ക്കാനുള്ള സർക്കാരിന്റെ ബ്രില്യന്റ്‌സ് ആയും ഇതിനെ കാണുന്നവരുണ്ട്. എന്തായാലും ഈ ആശയക്കുഴപ്പം പരിഹരിക്കാൻ സർക്കാർ തയ്യാറാകണമെന്ന് ഫെഡറേഷൻ ഓഫ് ഓൾകേരള ഓട്ടോമൊബൈൽ സ്‌പെയർപാർട്സ് ഡീലേഴ്സ് ആവശ്യപ്പെട്ടുകഴിഞ്ഞു.
വിവാഹപർച്ചേസിങുമായി ബന്ധപ്പെട്ട ഒരു ഇളവാണ് ഇപ്പോൾ ജനങ്ങൾക്ക് ആശയക്കുഴപ്പം സൃഷ്ടിക്കുന്ന മറ്റൊരു നിർദ്ദേശം. തുണിക്കടകൾ, ജൂവലറികൾ, ചെരിപ്പുകടകൾ എന്നിവയെല്ലാം പുതിയ നിയമപ്രകാരം രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുമണിവരെ തുറക്കാം. ഹോം ഡെലിവറിയോ ഓൺലൈൻ ഡെലിവറിയോ ചെയ്യാം. പക്ഷേ, കടയ്ക്കകത്ത് കയറണമെങ്കിൽ കല്യാണത്തിന്റെ ക്ഷണക്കത്ത് വേണം. എങ്കിൽ ഒരുമണിക്കൂർ അകത്തുകയറി സാധനം വാങ്ങാം. എന്നാൽ ക്ഷണക്കത്ത് അച്ചടിപ്പിക്കാൻ പ്രസ്സുകൾ തുറക്കാൻ അനുമതിയുമില്ല. പിന്നെ എങ്ങനെ ക്ഷണക്കത്ത് കിട്ടും?
മാത്രമല്ല, കല്യാണച്ചടങ്ങുകളിൽ 20 പേർക്കേ പങ്കെടുക്കാനാകൂ. വധുവിന്റേയും വരന്റെയും ഏറ്റവുമടുത്ത ബന്ധുക്കൾ വന്നാൽത്തന്നെ ആ കണക്ക് തികയും. ഇവർക്കായി ആരും കല്യാണക്കത്ത് പ്രിന്റ് ചെയ്യിക്കാറില്ല.
അങ്ങനെ നോക്കിയാലും കത്തുകിട്ടാൻ വഴിയില്ല. ഈ സാഹചര്യത്തിൽ സംസ്ഥാനമൊട്ടാകെയുള്ള ജൂവലറികളും തുണിക്കടകളും തുറക്കാൻ അനുമതി നൽകിയിട്ട് എന്തുകാര്യം എന്നാണ് കച്ചവടക്കാർ ചോദിക്കുന്നത്.
നിയമങ്ങളുടെ വിടവിലൂടെ രക്ഷപ്പെടുന്നവരും കുറവല്ല. സ്റ്റേഷനറിക്കടകൾക്ക് തുറക്കാൻ അനുമതിയില്ല. എന്നാൽ പച്ചക്കറി, പഴവർഗകടകൾക്ക് തുറക്കാം. ഇപ്പോൾ ചില സ്റ്റേഷനറി കടകൾക്കുമുന്നിൽ പഴക്കുലകൾ തൂക്കിയാടാൻ തുടങ്ങിയിട്ടുണ്ട്. പേരിന് കുറച്ചു പച്ചക്കറികളും കാണും. ഇടയിലൂടെ സ്റ്റേഷനറി കച്ചവടവും നടക്കും. സ്റ്റേഷനറിയും പലചരക്കും ഒരുമിച്ചുള്ള കടകളുടെ കാര്യത്തിലും ആശയക്കുഴപ്പം തീർന്നിട്ടില്ല.
മറുനാടന് മലയാളി ബ്യൂറോ