കൊച്ചി: വിനയത്തിന്റെ മഹാ മാതൃക നല്കിക്കൊണ്ടാണ് ദൈവപുത്രൻ ശിഷ്യന്മാരുടെ കാലുകൾ കഴുകിയത്. വിനയത്തിന്റെ മാതൃക ആവർത്തിച്ചാണ് എല്ലാ വർഷവും പെസഹാ വ്യാഴത്തിൽ ക്രിസ്തീയ പുരോഹിതർ പള്ളികളിലെ ചടങ്ങുകൾക്കിടെ 12 പേരുടെ കാലുകൾ കഴുകുന്നത്. ആരുടെ കാലുകൾ കഴുകണം എന്നതിൽ സഭയ്ക്കു പ്രത്യേക മാനദണ്ഡങ്ങളില്ല. തടവുശിക്ഷ അനുഭവിക്കുന്ന കൊടും കുറ്റവാളികളുടെയും സ്ത്രീകളുടെയും കാലുകൾ കഴുകി ഇപ്പോഴത്തെ മാർപാപ്പ ഫ്രാൻസിസ് ഏറ്റവും നല്ല മാതൃക കാട്ടിയിട്ടുണ്ട്.

ഈ വർഷം കാൽകഴുകൽ ശുശ്രൂഷയ്ക്ക് സ്ത്രീകളെ പങ്കെടുപ്പിക്കേണ്ടെന്നാണു കേരളത്തിലെ പ്രമുഖ സഭകളുടെ തീരുമാനം. കേരളത്തിലെ ഏറ്റവും വലിയ സഭയായ സീറോ മലബാർ ആണ് ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്. മറ്റൊരു പ്രധാന സഭയായ സീറോ മലങ്കരയും ഇതേ നിലപാടിലാണ്. ലത്തീൻ സഭയും സമാന തീരുമാനം എടുത്തതായി റിപ്പോർട്ടുണ്ട്. സ്ത്രീശാക്തീകരണം പ്രധാന ചർച്ചയായിരിക്കുന്ന സമയത്ത് സഭകൾ സ്വീകരിച്ചിരിക്കുന്നത് തീർത്തും പിന്തിരിപ്പൽ നിലപാടാണെന്ന് ആക്ഷേപം ശക്തമായി ഉയരുന്നുണ്ട്. കേരള സഭകളുടെ തീരുമാനത്തിനെതിരേ ഒരു സഘം വനിതാ തിയോളജിസ്റ്റുകൾ ശക്തമായി രംഗത്തുവന്നിട്ടുണ്ട്.

ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്മാരുടെ സമിതിയായ സിബിസിഐയുടെ പ്രസിഡന്റ് കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസിനും സീറോ മലബാർ സഭാധ്യക്ഷൻ കർദിനാൾ ജോർജ് ആലഞ്ചേരിക്കും സീറോ മലങ്കര സഭാധ്യക്ഷൻ കർദിനാൾ ബസേലിയോസ് മാർ ക്ലീമിസിനുമാണ് വനിതാ തിയോളജിസ്റ്റുകൾ പ്രതിഷേധക്കത്ത് അയച്ചിരിക്കുന്നത്. ഹൈദരാബാദിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ വനിതാ തിയോളജിക്കൽ(ദൈവശാസ്ത്ര) ഫോറവും പൂനയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ക്രിസ്ത്യൻ വനിതാ മൂവ്‌മെന്റും സംയൂക്തമായാണ് പ്രതിഷേധക്കത്ത് അയച്ചിരിക്കുന്നത്.

ക്രൈസ്തവ സഭയിൽ അടുത്തിടെ നടന്ന ഏറ്റവും വിപ്ലവകരമായ നടപടിയാണ് കാൽകഴുകൽ ശുശ്രൂഷയിൽ സ്ത്രീകളെ പങ്കെടുപ്പിക്കാനുള്ള ഫ്രാൻസിസ് മാർപ്പാപ്പയുടെ നിർദ്ദേശമെന്നു കത്തിൽ ചൂണ്ടിക്കാട്ടുന്നു. മാർപാപ്പയുടെ നിർദ്ദേശം ഇന്ത്യയിലെ എല്ലാ പള്ളികളിലും നടപ്പാക്കണം. ഇതിനുള്ള നിർദ്ദേശങ്ങൾ സഭാധ്യക്ഷന്മാരിൽനിന്നും സിബിസിഐ നേതൃത്വത്തിൽനിന്നുമാണ് ഉണ്ടാകേണ്ടതെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഫ്രാൻസിസ് മാർപാപ്പയുടെ നിർദ്ദേശം ലോകത്തിലെ എല്ലാ കത്തോലിക്കാ സഭകളും പിന്തുടരാൻ നിശ്ചയിച്ചിരിക്കുമ്പോൾ കേരളത്തിലെ സഭകൾ മാത്രം പിന്മാറരുതെന്നും ഇവർ അഭ്യർത്ഥിക്കുന്നു.

പെസഹവ്യാഴത്തിലെ കാൽകഴുകൽ ശുശ്രൂഷയിൽ സ്ത്രീകളെ പങ്കെടുപ്പിക്കുകയെന്നത് ഫ്രാൻസിസ് മാർപാപ്പയുടെ ആഗ്രഹമായിരുന്നു. അതേസമയം റോമിലെ കത്തോലിക്കാസഭയുടെ കീഴിലുള്ള പൗരസ്ത്യ സഭകൾക്ക് ഇതു നിർബന്ധമല്ലെന്നും വത്തിക്കാൻ അറിയിച്ചിട്ടുണ്ട്. ഇത് മുതലെടുത്താണ് സീറോ മലബാർ, മലങ്കര സഭകൾ സ്ത്രീകളെ പങ്കെടുപ്പിക്കേണ്ടെന്നു തീരുമാനിച്ചത്. ലത്തീൻ സഭകളുടെ കാര്യത്തിൽ അതത് രൂപതകൾക്ക് തീരുമാനമെടുക്കാമെന്ന നിർദേശവും വത്തിക്കാനിൽനിന്ന് ഉണ്ടായിരുന്നു. ഇത്തവണ സ്ത്രീകളുടെ കാലുകൾ കഴുകേണ്ടതില്ലെന്നാണ് ലത്തീൻ രൂപതകളുടെ തീരുമാനമെന്നറിയുന്നു.

കാൽകഴുകൽ ശുശ്രൂഷയിൽ സ്ത്രീകളെയും ഉൾപ്പെടുത്താമെന്ന് ജനുവരിയിലാണ് വത്തിക്കാൻ നിർദേശിച്ചത്. നിർദ്ദേശം ഏറെ ചർച്ച ചെയ്യപ്പെട്ടു. വിപ്ലവകരമെന്നാണ് നിർദേശത്തെ വിശേഷിപ്പിച്ചത്. മാർപാപ്പയായ ശേഷം നടത്തിയ കാൽകഴുകൽ ശുശ്രൂഷയിൽ ഫ്രാൻസിസ് പാപ്പ സ്ത്രീകളും കുറ്റവാളികളും രോഗികളും അടക്കമുള്ളവരുടെ കാൽ കഴുകിയിരുന്നു. പന്ത്രണ്ട് ശിഷ്യന്മാരെ പ്രതിനിധീകരിച്ച് പന്ത്രണ്ട് പേരുടെ കാൽ കഴുകുന്ന പാരമ്പര്യവും ഇല്ലാതാകും. കാൽകഴുകലിനായി വിളിക്കപ്പെടുന്ന പുരുഷന്മാർ എന്നതിന് പകരം കാൽകഴുകലിനായി വിളിക്കപ്പെടുന്ന ദൈവജനം എന്ന് പ്രയോഗിക്കണമെന്നും വത്തിക്കാൻ നിർദേശിച്ചിട്ടുണ്ട്.

ശിഷ്യരുടെ കാലുകൾ കഴുകുന്നതിലൂടെ യേശു തന്റെ സേവന മാതൃക വെളിപ്പെടുത്തുകയാണ് ചെയ്തത്. യേശുവിന്റെ മാതൃകയായ സേവനവും ദീനദയാലുത്വവും വെളിപ്പെടുത്തുന്ന ചടങ്ങിനാണ് കാൽ കഴുകലിൽ സാക്ഷ്യം വഹിക്കുന്നത്. മാറിയ സാഹചര്യത്തിൽ കാൽകഴുകൽ ശുശ്രൂഷയിൽ സ്ത്രീകൾക്കും അർഹമായ പ്രാധാന്യം നല്കണമെന്ന ആവശ്യമാണു ശക്തമായിരിക്കുന്നത്.