ദാർഇസ് സലാം: ഗോളടിച്ച സന്തോഷത്തിൽ ഗ്രൗണ്ടിൽക്കിടന്നുരുണ്ട 19കാരൻ കളിക്കാരൻ തത്ക്ഷണം മരിച്ചു. ടാൻസാനിയൻ ഫുട്ബോളിന്റെ ഭാവി വാഗ്ദാനമായ ഇസ്മയിൽ മ്രിഷോ കൽഫാൻ ആണു ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴി മരണത്തിനു കീഴടങ്ങിയത്.

ആഭ്യന്തരലീഗിൽ എംബാവോ എഫ്സിയും എംവാദുയ് എംഫിയും തമ്മിലുള്ള അണ്ടർ 19 മത്സരത്തിനിടെയായിരുന്നു സംഭവം. എംബാവോയ്ക്കുവേണ്ടി ആദ്യ ഗോളടിച്ച കൽഫാൻ നൃത്തത്തോടെ ആഘോഷം തുടങ്ങി. സഹകളിക്കാരും ആഘോഷത്തിൽ പങ്കുചേർന്നു.

എന്നാൽ കൽഫാൻ വൈകാതെ നിലത്തുകിടന്ന് ഉരുളാൻ തുടങ്ങി. സംഭവത്തിൽ പിശകുതോന്നിയ റഫറി കളിനിർത്തിവച്ചു. വൈദ്യസംഘം എത്തി പ്രഥമശുശ്രൂഷ നല്കിയശേഷം ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരണം സംഭവിക്കുകയായിരുന്നു.