- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫുട്ബോൾ ഇതിഹാസം സുഭാഷ് ഭൗമിക് അന്തരിച്ചു; വിടവാങ്ങിയത് 1970ലെ ഏഷ്യൻ ഗെയിംസ് വെങ്കല മെഡൽ ജേതാവ്; പരിശീലകൻ എന്ന നിലയിലും ശ്രദ്ധേയൻ
കൊൽക്കത്ത: ഇന്ത്യൻ ഫുട്ബോളിലെ ഇതിഹാസതാരം സുഭാഷ് ഭൗമിക് (72) അന്തരിച്ചു. കഴിഞ്ഞ മൂന്നു മാസമായി വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കൊൽക്കത്തയിലെ ആശുപത്രിയിൽ ശനിയാഴ്ച പുലർച്ചെ 3.30നായിരുന്നു അന്ത്യം. നേരത്തെ കോവിഡ് ബാധിച്ചതിനെ തുടർന്ന് കൊൽക്കത്തയിലെ എക്ബാൽപുരിലെ നേഴ്സിങ് ഹോമിൽ പ്രവേശിപ്പിച്ചിരുന്നു.
1970-ലെ ഏഷ്യൻ ഗെയിംസിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഫുട്ബോൾ ടീം അംഗമായിരുന്നു. പേരുകേട്ട സ്ട്രൈക്കറായിരുന്ന അദ്ദേഹം കൊൽക്കത്ത വമ്പന്മാരായിരുന്ന മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ, മുഹമ്മദൻസ്, സാൾഗോക്കർ, ചർച്ചിൽ ബ്രദേഴ്സ് ടീമുകൾക്കായി ബൂട്ടുകെട്ടിയിട്ടുണ്ട്.
1969ൽ ഈസ്റ്റ് ബംഗാളിലൂടെയാണ് ആക്രമണ താരമായിരുന്ന സുഭാഷ് ഭൗമിക് പ്രൊഫഷണൽ കരിയർ ആരംഭിക്കുന്നത്. 1970ൽ ദേശീയ ടീമിൽ അരങ്ങേറി. അക്കൊല്ലം തന്നെ മോഹൻബഗാനിലേക്ക് ചേക്കേറിയ താരം 73ൽ ഈസ്റ്റ് ബംഗാളിലേക്ക് തിരിച്ചുപോയി. മൂന്ന് വർഷത്തിനു ശേഷം വീണ്ടും മോഹൻബഗാനിലെത്തിയ അദ്ദേഹം 78ൽ തിരികെ ഈസ്റ്റ് ബംഗാളിലെത്തി 79ൽ ക്ലബ് കരിയർ അവസാനിപ്പിച്ചു. ഈസ്റ്റ് ബംഗാളിനായി 165 ഗോളും മോഹൻ ബഗാന് വേണ്ടി 85 ഗോളുകളും നേടിയിട്ടുണ്ട്. ഇന്ത്യൻ കുപ്പായത്തിൽ 69 കളിയിൽ നിന്ന് 50 ഗോളും അടിച്ചു.
1970ന് പുറമേ, 1974ലെ ഏഷ്യൻ ഗെയിംസിലും ഭൗമിക് കളിച്ചിട്ടുണ്ട്. 1971ലെ മെദേർക്ക കപ്പിൽ ഫിലിപ്പൈൻസിനെതിരെ ഹാട്രിക് നേടിയിട്ടുണ്ട്. ബൂട്ടഴിച്ച ശേഷം കൊൽക്കത്തൻ വമ്പന്മാരായ മോഹൻ ബഗാനെയും ഈസ്റ്റ് ബംഗാളിനെയും പരിശീലിപ്പിച്ചു. 2003ൽ ഈസ്റ്റ് ബംഗാളിന് ആസിയാൻ കപ്പ് നേടിക്കൊടുത്തു. തുടർച്ചയായ കിരീട നേട്ടങ്ങൾ മൂലം കൊൽക്കത്തയുടെ ജോസ് മൊറീഞ്ഞോ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ചർച്ചിൽ ബ്രദേഴ്സിന്റെ ടെക്നിക്കൽ ഡയറക്ടറുമായിരുന്നു. കൈക്കൂലി കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്ന് 2005ൽ ജയിലിൽ കിടന്നിട്ടുണ്ട്.
ന്യൂസ് ഡെസ്ക്