- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്കൂൾ-കോളേജ് വിദ്യാർത്ഥികൾ അസമയത്തും ടൗണുകളിൽ കറങ്ങി നടക്കുന്നു; പത്ത് മണിക്ക് ശേഷം ഫുട്ബോൾ ടർഫ് തുറക്കരുതെന്ന് ജില്ലാ പൊലീസ് മേധാവി; ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം; 'നിങ്ങളാരാ ഐ.പി.എസ് ഉള്ള ഹോസ്റ്റൽ വാർഡനോ' എന്ന് കമന്റുകൾ
കൽപ്പറ്റ: വയനാട് ജില്ലയിലെ ഫുട്ബോൾ ടർഫുകൾ ഇനി രാത്രി 10 മണി വരെ മാത്രമേ പ്രവർത്തിക്കാവു എന്ന ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവിനെതിരെ കടുത്ത പ്രതിഷേധം. ജില്ലാ പൊലീസ് മേധാവിയായ ഡോ. അരവിന്ദ് സുകുമാർ ഐ.പി.എസ് ആണ് ഉത്തരവിറക്കിയത്. വയനാട് പൊലീസിന്റെ പേരിലുള്ള ഫേസ്ബുക്ക് പേജിലൂടെ നവംബർ 25 നാണ് ഇക്കാര്യം പത്രകുറിപ്പായി പുറത്തുവന്നത്.
സ്കൂൾ-കോളേജ് വിദ്യാർത്ഥികൾ ടർഫിലേക്ക് കളിക്കാൻ പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങി അസമയത്തും വീട്ടിലേക്ക് തിരിച്ച് പോകാതെ ടൗണുകളിൽ കറങ്ങി നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും വ്യക്തമാക്കിയാണ് നിയന്ത്രണം.
'അസമയത്ത്' പുറത്തിറങ്ങിയാൽ സംഘടിത കുറ്റകൃത്യങ്ങളിൽ ഏർപ്പെടാനും, സാമൂഹ്യ വിരുദ്ധരുമായി ബന്ധപ്പെട്ട് വിവിധ ലഹരി വസ്തുക്കൾ ഉപയോഗിക്കാനും, സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടാനും സാധ്യതയുണ്ടെന്നും പറഞ്ഞാണ് നിരോധനം ഏർപ്പെടുത്തിയത്.
നിർദ്ദേശം ലംഘിച്ച് 10 മണിക്ക് ശേഷം ടർഫുകൾ പ്രവർത്തിച്ചാൽ ടർഫ് ഉടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് പുറത്ത് വിട്ട കുറിപ്പിൽ പറയുന്നുണ്ട്.
എന്നാൽ വയനാട് പൊലീസ് മേധാവിയുടെ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധമാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഉയരുന്നത്. ഏതാണ് ആ അസമയമെന്നും എന്ത് ബോധത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു ഉത്തരവ് പുറത്തുവിട്ടതെന്നുമാണ് കമന്റുകളായി ഉയരുന്നത്. ഇനി വാഹനാപകടങ്ങൾക്ക് കാരണം വാഹനങ്ങൾ നിരത്തിൽ ഓടുന്നതാണെന്ന് കാണിച്ച് ഗതാഗതം ഇയാൾ നിരോധിക്കുമോയെന്നും കമന്റുകൾ വരുന്നുണ്ട്.
ഐ.പി.എസ് കിട്ടിയ ഹോസ്റ്റൽ വാർഡൻ ആണോ പൊലീസ് മേധാവിയെന്നും ഇത്തരത്തിൽ നിരോധനം ഏർപ്പെടുത്താൻ പൊലീസിന് ആരാണ് അധികാരം നൽകിയതെന്നും ചോദ്യങ്ങൾ ഉയരുന്നു.
പൊലീസ് പുറത്തുവിട്ട് വാർത്താകുറിപ്പ് പൂർണരൂപം,
ജില്ലയിൽ കായിക വിനോദത്തിനായി പ്രവർത്തിക്കുന്ന ഫുട്ബോൾ ടർഫുകൾ രാത്രി 10 മണി വരെ മാത്രമെ പ്രവൃത്തിക്കാവൂ എന്ന് ജില്ലാ പൊലീസ് മേധാവി ഡോ. അരവിന്ദ് സുകുമാർ ഐ.പി.എസ് അറിയിച്ചു. സ്കൂൾ-കോളേജ് വിദ്യാർത്ഥികൾ ടർഫിലേക്ക് കളിക്കാൻ പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങി അസമയത്തും വീട്ടിലേക്ക് തിരിച്ച് പോകാതെ ടൗണുകളിൽ കറങ്ങി നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കുട്ടികൾ അസമയത്തും ടൗണിൽ കറങ്ങി നടക്കുന്നതുവഴി സംഘടിത കുറ്റകൃത്യങ്ങളിൽ ഏർപ്പെടാനും, സാമൂഹ്യ വിരുദ്ധരുമായി ബന്ധപ്പെട്ട് വിവിധ ലഹരി വസ്തുക്കൾ ഉപയോഗിക്കാനും, സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടാനും സാധ്യതയുണ്ട്.
ആയതിനാൽ ജില്ലയിലെ ഫുട്ബോൾ ടർഫുകൾ രാത്രി 10 മണിക്ക് ശേഷം പ്രവർത്തിക്കാൻ അനുവദിക്കുകയില്ല. ഫുട്ബോൾ ടർഫ് നടത്തിപ്പുക്കാർ ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. നിർദ്ദേശങ്ങൾ ലംഘിക്കുന്ന ഫുട്ബോൾ ടർഫ് നടത്തിപ്പുക്കാർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ