ന്യൂഡൽഹി: 2017 ഏപ്രിൽ ഒന്നു മുതൽ പുറത്തിറങ്ങുന്ന ഇരുചക്ര വാഹനങ്ങളിൽ 'ഓട്ടമാറ്റിക് ഹെഡ്‌ലാംപ്' (എഎച്ച്ഒ) ഏർപ്പെടുത്തണമെന്ന് കേന്ദ്ര സർക്കാരിന്റെ മാർഗ്ഗ നിർദ്ദേശം. ഇതുസംബന്ധിച്ച വിശദാംശങ്ങൾ ഗതാഗത മന്ത്രാലയം വാഹനനിർമ്മാതാക്കൾക്കു നൽകി കഴിഞ്ഞു. സ്വയം പ്രവർത്തിക്കുന്ന ഹെഡ്‌ലൈറ്റ് ഓഫ് ചെയ്യാൻ വാഹനത്തിൽ സ്വിച്ച് ഉണ്ടാവില്ല. യൂറോപ്യൻ രാജ്യങ്ങളിൽ പത്തു വർഷത്തിലേറെയായി ഈ സംവിധാനമുണ്ട്.

എൻജിൻ പ്രവർത്തിക്കുമ്പോൾ, രാപകലില്ലാതെ ഇരുചക്രവാഹനത്തിന്റെ ഹെഡ്‌ലൈറ്റ് കത്തണം. 'റണ്ണിങ് ലാംപ്' ഘടിപ്പിച്ച വാഹനമാണെങ്കിൽ എൻജിൻ ഓണാകുമ്പോൾ അതും പ്രവർത്തിക്കുന്നുണ്ടാവണം. ഇതേക്കുറിച്ച് അഭിപ്രായമറിയിക്കാൻ മന്ത്രാലയം നിർമ്മാതാക്കൾക്കു സമയം നൽകിയിരുന്നു. കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെ വകുപ്പുകൾ ഭേദഗതി ചെയ്താണു പുതിയ വ്യവസ്ഥ ഉൾപ്പെടുത്തിയത്. ഇരുചക്രവാഹന അപകടങ്ങൾ വ്യാപകമാകുന്നതു കണക്കിലെടുത്താണു നടപടി.

കാറുകളിൽ 2017 മുതൽ ഈ സംവിധാനം ഏർപ്പെടുത്താൻ നേരത്തെ തന്നെ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. രാജ്യത്ത് ഏറ്റവും അധികം അപകടമുണ്ടാകുന്നത് ബൈക്കുകളിലും സ്‌കൂട്ടറുകളിലുമൂടെയാണ്. 32500ലധികം സ്‌കൂട്ടർ യാത്രക്കാരാണ് അപകടങ്ങളിൽ കൊല്ലപ്പെടുന്നത്. ഒന്നേകാൽ ലക്ഷം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഓട്ടമാറ്റിക് ഹെഡ്‌ലാംപ് ബൈക്കുകൾക്കും സ്‌കൂട്ടറുകൾക്കും നിർബന്ധമാക്കുന്നത്.

ഇരുചക്രവാഹനങ്ങൾക്ക് അപകടമുണ്ടായാൽ 'ഓട്ടമാറ്റിക് അലാം' നിർബന്ധമാക്കുന്നതും മന്ത്രാലയത്തിന്റെ പരിഗണനയിലുണ്ട്. വികസിത രാജ്യങ്ങളിൽ നിർത്താതെ മുഴങ്ങുന്ന ഹോൺ ആണ് അപകടം വിളിച്ചറിയിക്കുക. നിരന്തരം ഹോൺ മുഴക്കി പായുന്ന വാഹനങ്ങളുള്ള ഇന്ത്യയിൽ ഇതു പ്രായോഗികമാവില്ലെന്നാണ് വിലയിരുത്തൽ.