- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇക്കോ സ്പോർട്ടിന്റെ അവസാന യൂണിറ്റ് പുറത്തിറക്കി; ഇന്ത്യയിലെ ഉത്പാദനം പൂർണമായും നിർത്തി ഫോർഡ്; കമ്പനിയുടെ ഇന്ത്യയിലെ ഏറ്റവുമൊടുവിലെ യൂണിറ്റ് പുറത്തിറക്കിയത് ചെന്നൈയിലെ നിർമ്മാണ ശാലയിൽ നിന്നും; ഗുഡ് ബൈ ഫോർഡ്, വി വിൽ മിസ് യുവെന്ന് ഉപഭോക്താക്കളും
ചെന്നൈ: ഇന്ത്യയിലെ ഉത്പാദനം പൂർണമായും നിർത്തി ഫോർഡ്.ഇക്കോ സ്പോർട്ടിന്റെ അവസാന യൂണിറ്റ് പുറത്തിറക്കിയാണ് ഫോർഡ് ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. ചെന്നൈയിലെ നിർമ്മാണ ശാലയിലാണ് അമേരിക്കൻ വാഹന നിർമ്മാതാക്കളായ ഫോർഡിന്റെ ഇന്ത്യയിലെ ഏറ്റവുമൊടുവിലെ യൂണിറ്റ് പുറത്തിറക്കിയത്. 2021 സെപ്റ്റംബറിലാണ് ഇന്ത്യയിൽ പ്രവർത്തനം നിർത്തുന്നതായി കമ്പനി പ്രഖ്യാപിച്ചത്.
1995-ലാണ് ഫോർഡ് ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചത്. ഫോർഡ് ഐക്കൺ, ഫിയസ്റ്റ്, ഫിഗോ, ഫ്യൂഷൻ തുടങ്ങി നിരവധി വാഹനങ്ങൾ ഫോർഡിന്റെ വാഹന നിരയിൽ നിന്ന് നിരത്തുകളിൽ എത്തിയിരുന്നെങ്കിലും ഫോർഡിന് വലിയ ജനപ്രീതി സമ്മാനിച്ച വാഹനങ്ങളിലൊന്ന് 2012-ൽ പുറത്തിറങ്ങിയ ഇക്കോ സ്പോർട്ടാണ്.
ഇന്ത്യയിൽ വലിയ പ്രചാരം നേടിയ സബ് ഫോർ മീറ്റർ എസ്.യു.വികളിലെ തുടക്കകാരൻ കൂടിയായിരുന്നു ഈ വാഹനം. ഒടുവിൽ പ്രവർത്തനം അവസാനിപ്പിക്കുന്നത് ഈ വാഹനം പുറത്തിറക്കിയാണെന്നതും കൗതുകമാണ്. ജീവിതത്തിൽ ഒരു തവണയെങ്കിലും ഫോർഡിന്റെ വാഹനമോടിച്ചിട്ടുള്ളവർക്ക് തീർച്ചയായും ഈ വാഹനത്തിന്റെ അഭാവം ഇനി അനുഭവിച്ച് അറിയാൻ സാധിക്കും.
എൻഡവർ, ഇക്കോ സ്പോർട്ട്, ആസ്പയർ, ഫിഗോ തുടങ്ങി അവസാന നാളുകളിൽ ഫോർഡ് ഇന്ത്യയിൽ എത്തിച്ചിരുന്ന വാഹനങ്ങളെല്ലാം ഒന്ന് ഒന്നിന് മെച്ചമായിമായിരുന്നു.പത്ത് സ്പീഡ് ട്രാൻസ്മിഷനായിരുന്നു എൻഡേവറിന്റെ പ്രത്യേകതയെങ്കിൽ മികച്ച യാത്ര അനുഭവമായിരുന്നു ഇക്കോസ്പോട്ട് നൽകിയിരുന്നത്. ഇങ്ങനെ ഓരോ വാഹനത്തിന് ഓരോ സവിശേഷത അവകാശപ്പെടാനുണ്ടായിരുന്നു.
ഫോർഡിന് ഗുജറാത്തിലെ അഹമ്മദാബാദിനടുത്തുള്ള സാനന്ദിലും ചൈന്നെയിലുമായി രണ്ടു പ്ലാന്റുകളാണ് ഇന്ത്യയിൽ ഉണ്ടായിരുന്നത്. ഇതിൽ സനന്ദ് പ്ലാന്റിലെ ഉത്പാദനം നേരത്തേ നിർത്തിയിരുന്നു.ഫിഗോ, ഫ്രീസ്റ്റൈൽ, ആസ്പയർ തുടങ്ങിയ ചെറു കാറുകളാണ് ഇവിടെ നിർമ്മിച്ചത്.
കയറ്റുമതി വിപണിക്കായി കാറുകളും എൻജിനുകളും നിർമ്മിക്കുന്നതിനായാണ് ഇതുവരെ ചെന്നൈ നിർമ്മാണശാലയിൽ ഉത്പാദനം തുടർന്നത്.ചെന്നൈ പ്ലാന്റിൽനിന്നാണ് ഫോർഡ് ഇക്കോ സ്പോർട്ടും എൻഡവറും നിർമ്മിച്ചിരുന്നത്. ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കുമ്പോഴും തുടർന്നും സർവീസും പാർട്സുകളും ലഭിക്കുന്നതിനായുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടെന്നാണ് ഫോർഡ് ഉറപ്പുനൽകുന്നത്.
മറുനാടന് മലയാളി ബ്യൂറോ