- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
5000 യുഎസ് ഡോളർ മൂല്യമുള്ള വിദേശ കറൻസികൾ നോട്ടുകളോ കോയിനുകളായോ കൊണ്ടുപോകാം; ഇത് മുതലെടുത്ത് വിദേശത്തേക്ക് കടത്തിയത് കോടിക്കണക്കിന് രൂപയുടെ ഡോളർ; കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം കിട്ടിയത് 4,35, 200 രൂപ മൂല്യം വരുന്ന വിദേശ കറൻസികളുമായി ഇന്നലെ ഒരാളെ പിടികൂടിയതോടെ; കാസർകോട്ടെ വിദേശ കറൻസി 'കയറ്റുമതിയും' വിവാദത്തിൽ
കാസർകോട്: കഴിഞ്ഞ കുറച്ചുവർഷങ്ങളായി കാസർകോട് ജില്ലയിലെ ഉദുമ, കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് വിദേശത്ത് കടത്തിയത് കോടിക്കണക്കിന് രൂപയുടെ വിദേശ കറൻസികൾ. കേന്ദ്ര രഹസ്യാന്വേഷണവിഭാഗത്തിന്റെ അന്വേഷണത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഇത് സംബന്ധിച്ച് കണ്ടെത്തിയത്. വിദേശ യാത്രക്കാർക്ക് 5000 യുഎസ് ഡോളർ മൂല്യമുള്ള വിദേശ കറൻസികൾ നോട്ടുകളോ കോയിനുകളായോ കൊണ്ടുപോകാനുള്ള ഇളവ് മുതലെടുത്താണ് വിദേശത്തേക്ക് കറൻസികൾ കടത്തുന്നത്.
എന്നാൽ ഇത്തരം വിദേശ കറൻസികൾ അംഗീകൃത എക്സ്ചേഞ്ചുകൾ മുഖേന മാത്രമേ ശേഖരിക്കാൻ പാടുകയുള്ളൂ. ഇത് കൃത്യമായി യാത്രാരേഖകളിൽ രേഖപ്പെടുത്തുകയും വേണം. ഇതിൽ കൂടുതൽ വിദേശ കറൻസികൾ ആവശ്യമുണ്ടെങ്കിൽ ട്രാവൽ ചെക്കുകളാക്കി വേണം കൈവശം വെക്കാൻ . ഇതിന്റെ പരിധി പതിനായിരം യു എസ് ഡോളറാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ വിദേശ കറൻസികൾ കടത്തുന്നത് കാസർകോട് കേന്ദ്രീകരിച്ചാണന്നും കാഞ്ഞങ്ങാട്, ഉദുമ തുടങ്ങി അഞ്ചിടങ്ങളിലാണ് ഇതിന്റെ ഓപ്പറേഷൻ നടക്കുന്നതെന്നും രഹസ്യന്വേഷണ വിഭാഗം വ്യക്തമാക്കുന്നു.
കഴിഞ്ഞദിവസം കറൻസികളുമായി ചിത്താരി സ്വദേശി മംഗളൂരുവിൽ അറസ്റ്റിലയപ്പോഴാണ് കറൻസി കള്ളക്കടത്തിനെ കുറിച്ചുള്ള രഹസ്യന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തലുകൾ പുറത്തുവന്നത്, ബാരിക്കാട് സ്വദേശി താജുദീൻ (39) നെയാണ് ഇന്നലെ മാംഗ്ലൂർ എയർപോർട്ടിൽ വച്ച് അറസ്റ്റു ചെയ്തത്. 4,35, 200 രൂപ മൂല്യം വരുന്ന വിദേശ കറൻസികളാണ് പിടികൂടിയത്. എയർ ഇന്ത്യ വിമാനത്തിൽ ദുബായിലേക്ക് പോകാനിരുന്ന താജുദീനിൽ നിന്നാണ് വ്യവസായ സുരക്ഷാസേന കറൻസി പിടികൂടിയത്.
അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു ദിർഹവും യൂറോയും. അതേസമയം കേരളത്തിൽനിന്ന് മംഗളൂർ എയർപോർട്ട് വഴി പോകുന്ന യാത്രക്കാരെ കടുത്ത നിരീക്ഷണത്തിൽ ആക്കിയിരിക്കുകയാണ്. മാത്രമല്ല ബാംഗ്ലൂർ, മംഗളൂരു, മുംബൈ, കണ്ണൂർ, കോഴിക്കോട്, കൊച്ചി എയർപോർട്ടുകളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഡോളർ കള്ളക്കടത്തുമായി ബന്ധപ്പെട്ട് അന്വേഷണസംഘം ഉടൻ കാസർകോട് എത്തുമെന്നാണ് വിവരം.