കൊച്ചി : ആർക്കും എന്തും ചെയ്യാൻ പാകത്തിൽ ദൈവത്തിന്റെ സ്വന്തം നാട് പാകപ്പെട്ടു. നടുറോഡിൽ മദ്യപിച്ച് ആഭാസനൃത്തം ചവിട്ടി വിദേശ വനിത. നാട്ടുകാർ അണിയിച്ച ചുരിദാർ വലിച്ചുരിഞ്ഞ് വിദേശ വനിത ആനന്ദലഹരിയിലായി. ഒരുമണിക്കൂറോളം നടനം നടത്തിയിട്ടും പൊലീസ് നോക്കിനിന്നു.

നാട്ടുകാരെ സാക്ഷിയാക്കി മദാമ്മ നടത്തിയ നൃത്തം ആഭാസമാണോ ടൂറിസത്തിന്റെ ഭാഗമാണോയെന്ന സംശയമായിരുന്നു പൊലീസിന്. പെരുവഴിയിൽ കുറ്റിബീഡി വലിച്ചുനിൽക്കുന്ന എൺപതുകാരനെയും പിടിച്ച് പെറ്റി അടിക്കുന്ന പൊലീസിന് മദാമ്മയെ ടൂറിസത്തിന്റെ ഭാഗമായി വിട്ടയയ്ക്കാനായിരുന്നു ആദ്യ പരിപാടി. എന്നാൽ പ്രതിഷേധം ശക്തമായപ്പോൾ കേസെടുത്ത് പൊലീസ് തടിയൂരി.

ബെൽജിയം സ്വദേശിനി ജാസ്മിന മരിയ തോമസ് (37) നെതിരെയാണ് കേസ് എടുത്തത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം . എന്നാൽ മദാമ്മയ്ക്കെതിരെ കേസെടുക്കാതെ ഫോർട്ട് കൊച്ചി പൊലീസും തോപ്പുംപടി പൊലീസും കണ്ണടച്ചു. ബെൽജിയം സ്വദേശിയായ ഇവർ തെരുവിൽ നൃത്തം ചവിട്ടുമ്പോഴും അഴുവഴി പൊലീസ് കടന്നുപോയിരുന്നു എന്നാൽ കണ്ടില്ലെന്നു നടിക്കുകയായിരുന്നു.

ഫോർട്ട് കൊച്ചി ടൂറിസം മേഖലയായതിനാൽ സന്ദർശനത്തിനായി എത്തുന്ന വിദേശിയരെ താക്കീത് ചെയ്യാൻ പൊലീസിന് പരിമിതിയുണ്ടെന്നാണ് പറയുന്നത്. രാത്രി 8.15ന് തോപ്പുംപടി പപ്പങ്ങാ മുക്കിലായിരിന്നു സംഭവം. ബെൽജിയം പൗരത്വം സ്വീകരിച്ച മലയാളി കുടിയായ ജാസ്മിന കോവളത്തുനിന്നാണ് ഫോർട്ട് കൊച്ചിയിൽ എത്തിയത്. ഫോർട്ട് കൊച്ചിയിലെ ഹോം സ്റ്റേയിൽ നിന്നാണ് മദ്യലഹരിയിൽ ഇവർ ഇറങ്ങി നടന്നത്.

നിർഭയ പ്രവർത്തകരും നാട്ടുകാരും ചേർന്ന് പപ്പങ്ങാമുക്കിൽ വച്ച് വിദേശിയെ ചുരിദാർ ധരിപ്പിച്ച് തടഞ്ഞുവയ്ക്കുകയായിരിന്നു. കൺട്രോൾ റൂമിൽ നിന്നുള്ള വിവരത്തെ തുടർന്ന് ഫോർട്ട് കൊച്ചി എസ്.ഐ ദ്വിജേഷും വനിതാ പൊലീസുകാരും ചേർന്ന് വിദേശ വനിതയെ സ്റ്റേഷനിലേക്ക് കൊണ്ടുവരികയും കോവളത്തെ സുഹൃത്തിന്റെ ജാമ്യത്തിൽ പിറ്റേ ദിവസം ഇവരെ വിടുകയുമായിരിന്നു.

ഫോർട്ട് കൊച്ചി പൊലീസ് എഫ്.ഐ.ആർ ഇട്ട് കേസ് തോപ്പുംപടി പൊലീസിന് കൈമാറി. സംഭവം നടന്നത് തോപ്പുംപടി സ്റ്റേഷൻ പരിധിയിലായതിനാലാണ് കേസ് കൈമാറിയത്. വനിതാ പൊലീസ്‌കാരില്ലാതെ സ്ത്രീകളെ അറസ്റ്റ് ചെയ്യരുതെന്ന കമ്മീഷണറുടെ കർശന നിർദേശമുള്ളതിനാലാണ് വിദേശ വനിതയെ ഫോർട്ട് കൊച്ചി പൊലീസ് ആദ്യം കസ്റ്റഡിയിലെടുക്കാതിരുന്നത്.

തോപ്പുംപടി സ്റ്റേഷനിൽ ആകെ ഉണ്ടായിരുന്ന മുന്ന് വനിതാ പൊലീസുകാർ സ്ഥലം മാറി പോയി ഒരാഴ്ച പിന്നിട്ടിട്ടും ഇതുവരെ പകരം സംവിധാനം ഏർപ്പെടുത്തിയിട്ടില്ലെന്ന് തോപ്പുംപടി പൊലീസ് പറഞ്ഞു.