വണ്ടിപ്പെരിയാർ: കോടതിവിധി ലംഘിച്ച് വണ്ടിപ്പെരിയാറിൽ പുതിയ വിദേശമദ്യശാല പ്രവർത്തനം തുടങ്ങിയതായി ആക്ഷേപം. പരുന്തുംപാറയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന വിദേശമദ്യശാലയാണ് കഴിഞ്ഞ ദിവസം വണ്ടിപ്പെരിയാർ ടൗണിലേയ്ക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചത്. തിരക്കേറിയ നഗരത്തിൽ ദേശീയപാതയോരത്തെ വിദ്യാലയത്തിന് സമീപത്തേയ്ക്ക് വിദേശമദ്യശാല മാറ്റി പ്രവർത്തിക്കുവാൻ നീക്കം ആരംഭിച്ചപ്പോൾ സ്‌കൂൾ പി ടി എ പ്രസിഡന്റ് ഷാജി പൈനാടൻ, ഹൈക്കോടതിയെ സമീപിച്ചിരുന്നു.

സുപ്രീം കോടതി വിധിപ്രകാരം ദേശീയപാതയുടെ 500 മീറ്റർ പരിധിയിൽ കെ.എസ്.ബി.സി. കടകൾ പ്രവർത്തിക്കുന്നത് നിരോധിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി. ഇതേത്തുടർന്ന് നിലവിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന പരുന്തുംപാറയിൽ നിന്നും വിദേശമദ്യശാല മാറ്റുവാൻ ഉദ്ദേശമില്ലെന്ന് അധികൃതർ കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഹർജി തീർപ്പാക്കി.

ഇതുകൂടാതെ മദ്രാസ് ഹൈക്കോടതിയുടെ ഏപ്രിൽ അവസാനവാരത്തെ ഉത്തരവിൽ ടാസ്മാക് കടകൾ ദേശീയപാതയോരത്ത് പ്രവർത്തിക്കുവാൻ യാതൊരു ഇളവുകളും സുപ്രീംകോടതി ഉത്തരവിൽ അനുവദിച്ചിട്ടില്ല എന്ന് വിധി പ്രസ്താവിച്ചിട്ടുണ്ട്. എന്നാൽ കഴിഞ്ഞദിവസം വണ്ടിപ്പെരിയാർ ടൗണിലേയ്ക്ക് വിദേശമദ്യശാല മാറ്റി പ്രവർത്തനം തുടങ്ങുകയായിരുന്നു. കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിന് വിരുദ്ധമായി വിദേശമദ്യശാല ആരംഭിച്ചത് കോടതി അലക്ഷ്യമാണെന്ന് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടി. കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ടു പോകുവാൻ സ്‌കൂൾ അധികൃതർ തീരുമാനിച്ചിരിക്കുകയാണ്.

രണ്ടുവർഷം മുമ്പാണ് വണ്ടിപ്പെരിയാറിൽ പ്രവർത്തിച്ചിരുന്ന വിദേശമദ്യശാല പരുന്തുംപാറയിലേക്ക് മാറ്റിയത്. എന്നാൽ, ഹർജിക്കാരനായ ഷാജി പൈനാടൻ ഹൈക്കോടതിയെ സമീപിച്ചപ്പോൾ, വിദേശമദ്യശാല തിരിച്ച് വണ്ടിപ്പെരിയാറിലേക്ക് മാറ്റാൻ ബിവറേജസ് കോർപറേഷൻ സർക്കാരിന് മുമ്പാകെ സമർപ്പിച്ചിട്ടില്ലെന്നാണ് അറിയിച്ചത്. നിയമം ലംഘിച്ച് എവിടെയും വിദേശമദ്യശാല ആരംഭിക്കുവാനുള്ള സൗകര്യമാണ് സർക്കാർ സംവിധാനങ്ങൾ നൽകുന്നതെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. കോടതി ഉത്തരവുകളെ പുല്ലുവില പോലും കൽപ്പിക്കാതെ ഉദ്യോഗസ്ഥഭരണം കേരളത്തിൽ പിടിമുറുക്കിയിരിക്കുകയാണ്.