തിരുവനന്തപുരം: കുടിക്കുന്ന ലഹരിക്ക് വിദേശ മദ്യമെന്ന് പേരുണ്ടെങ്കിലും അത് നാട്ടിലുണ്ടാക്കുന്നതാണെന്ന ഇൻഫീരിയോരിറ്റി കോംപ്ലക്‌സ് ഉണ്ടായിരുന്ന കുടിയന്മാർക്കൊക്കെ ഇനി സമാധാനിക്കാം. ഈ മനസിലിരുപ്പൊക്കെ ബെവ്‌കോ അഥവാ ബിവറേജസ് കോർപ്പറേഷൻ അറിയുന്നുണ്ട. സ്‌കോച്ച് വിസ്‌കി പോലുള്ള വിദേശത്തെ മുന്തിയ ഇനം മദ്യംവാങ്ങാൻ ഇനിയാരും പരക്കം പായേണ്ട കാര്യമില്ല. തൊട്ടടുത്തുള്ള ഏത് ബെവ്‌കോ ഷാപ്പിൽ പോയാലും ലഭിക്കും.

കഴിഞ്ഞ ബജറ്റിലാണ് സർക്കാർ ഇക്കാര്യം പ്രഖ്യാപിച്ചത്. വിദേശ നിർമ്മിത വിദേശ മദ്യം ബിവറേജസ് കോർപ്പറേഷന്റെ ചില്ലറ വില്പനശാലകൾ വഴി വിപണം നടത്താനുള്ള നടപടികൾക്ക് തുടക്കമായി.വിവിധ ബ്രാൻഡുകളിലുള്ള മദ്യം ബെവ്‌കോയ്ക്ക് സപ്‌ളൈ ചെയ്യാൻ കമ്പനികളുടെ ടെൻഡർ അടുത്താഴ്ച ക്ഷണിക്കും.ബെവ്‌കോ ഈ സംരംഭത്തിന് ഇറങ്ങുന്നത് ആദ്യമാണ്.

സംസ്ഥാനത്തെ വിപണിക്ക് യോജിക്കുംവിധം റേഞ്ചിലുള്ള ബ്രാൻഡുകളാവും ആദ്യഘട്ടത്തിൽ വാങ്ങുക.വിദേശ നിർമ്മിത മദ്യത്തിന് 78 ശതമാനവും വൈനിന് 25 ശതമാനവുമായിരിക്കും വില്പന നികുതി. മന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ് പ്രസംഗത്തിലാണ് ബെവ്‌കോ വിദേശ നിർമ്മിത വിദേശ മദ്യത്തിന്റെ വിപണനം ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചത്.എഫ്.എൽ ഒന്ന് നമ്പർ ലൈസൻസ് പ്രകാരമാണ് ചില്ലറവില്പന മദ്യഷാപ്പുകൾ പ്രവർത്തിക്കുന്നത്.ഇതേ ലൈസൻസിൽ തന്നെ വിദേശ നിർമ്മിത മദ്യം വില്പന നടത്താമോ, അതല്ല കേരള അബ്കാരി ചട്ടത്തിൽ ഭേദഗതി ആവശ്യമുണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ചു വരികയാണ്.ഭേദഗതി ആവശ്യമെങ്കിൽ അതിനുള്ള നടപടികൾ ഉടൻ സ്വീകരിക്കും.ബെവ്‌കോയുടെ 250 വില്പനശാലകളാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.

അതിനിടെ, കൺസ്യൂമർഫെഡും വിദേശ നിർമ്മിത വിദേശമദ്യ വില്പനയ്ക്കുള്ള അനുമതിക്ക് അപേക്ഷ നൽകി.എയർപോർട്ട് പരിസരം, വിദേശ മലയാളികൾ കൂടുതലുള്ള സ്ഥലങ്ങൾ,ടൂറിസറ്റ്് കേന്ദ്രങ്ങൾ എന്നിവിടങ്ങൾക്കാണ് പരിഗണന.