തിരുവനന്തപുരം: മെഡിക്കൽ കൗൺസിൽ നടത്തുന്ന എഫ്എംജിഇ ടെസ്റ്റ് കർശനമായ രീതിയിൽ തന്നെ മുന്നോട്ടു പോകണം എന്ന അഭിപ്രായത്തിൽ ഉന്നത ആരോഗ്യവിദഗ്ദർ.

ഇന്ത്യൻ സർവകലാശാലകളിൽ നിന്നും വിഭിന്നമായ രീതിയിൽ എംബിബിഎസ് ബിരുദം നൽകുന്നതിനാൽ കർശനമായ സ്‌ക്രീനിങ് തന്നെ വിദേശ സർവകലാശാലയിൽ നിന്ന് എംബിബിഎസ് നേടുന്നവർക്ക് ഏർപ്പെടുത്തണം എന്ന അഭിപ്രായമാണ് ശക്തമാകുന്നത്. നാഷണൽ ബോർഡ് ഓഫ് എക്‌സാമിനേഷൻസ് നടത്തുന്ന പരീക്ഷ കർശന നിബന്ധനകളോടെ ഉള്ളതാണെങ്കിലും പരീക്ഷയിൽ തിരിമറികൾ ഉണ്ടോ എന്ന ആരോപണവും പരിശോധിക്കണം എന്ന ആവശ്യവും ആരോഗ്യ രംഗത്തെ ഉന്നതർ ഉയർത്തുന്നു. വിദേശ സർവകലാശാലകളിൽ നിന്ന് എംബിബിഎസുമായി വരുന്നവരുടെ ഭാവി തുലാസിലാകാതെ സൂക്ഷിക്കാൻ നടപടികൾ വേണം എന്നും ഉന്നത ആരോഗ്യവൃത്തങ്ങൾ ആവശ്യപ്പെടുന്നു.

കേരളത്തിൽ മെഡിക്കൽ എന്ട്രൻസ് ടെസ്റ്റ് എഴുതാത്തവരോ പരാജയമടഞ്ഞവരോ ആണ് വിദേശ സർവകലാശാലയിൽ നിന്നും എംബിബിഎസ് നേടുന്നത്. ഇവിടെ ക്വാളിഫൈ ആകാത്തവർക്കും പുറത്ത് പോയി പഠിക്കാം. ഇതാണ് പല വിദ്യാർത്ഥികളും മെഡിക്കൽ ബിരുദത്തിനു വിദേശ സർവകലാശാലയെ ആശ്രയിക്കുന്നത്. ഇവിടെ ട്യൂട്ടോറിയൽ പോലുള്ള പഠനം പോലെയാണ് വിദേശത്തുള്ള എംബിബിഎസ് പഠനം. എംബിബിഎസിന് പകരം അഞ്ച് വർഷം കഴിഞ്ഞു എംഡിയുമായാണ് ചില വിദ്യാർത്ഥികൾ വരുന്നത്. അത് എംഡിയല്ല. എംബിബിഎസിന് ഈക്വാലന്റ് ആണ്. എംഡി എന്ന് ബോർഡിൽ പ്രദർശിപ്പിക്കുന്നതിനാൽ എംഡി കഴിഞ്ഞവരെ സന്ദർശിക്കുന്ന രോഗികൾ എംഡി എന്ന രീതിയിൽ ഈ എംബിബിഎസ് കഴിഞ്ഞവരിൽ ചികിത്സ തേടും.

ഇത് പലപ്പോഴും ആശയക്കുഴപ്പം സൃഷ്ടിക്കാറുണ്ട്. പ്രമേഹത്തിനും ഹൈപ്പർ ടെൻഷനും ഹാർട്ട് പ്രശ്‌നങ്ങൾക്കുമെല്ലാം ഇവർ ഈ ഡോക്ടർമാരുടെ കീഴിൽ ചികിത്സ തേടും. ഇത് കുഴപ്പങ്ങൾക്ക് ഇടവരുത്തും. 2000 വരെ ഇങ്ങനെയാണ് ഉക്രയിനിൽ നിന്നും ചൈനയിൽ നിന്നും വന്നവർ പ്രാക്ടീസ് ചെയ്തത്. അതിനു ശേഷമാണ് എഫ്എംജിഇ ടെസ്റ്റ് വന്നത്. എംബിബിഎസ് പരീക്ഷയ്ക്ക് ചോയ്‌സ് ഇല്ല. അഞ്ചു ചോദ്യം വന്നാൽ അഞ്ചിനും ഉത്തരം നൽകണം. ആരോഗ്യ പരിപാലനവും രോഗികളുടെ ജീവന്റെ പ്രശ്‌നവും ആയതിനാൽ ഇതിൽ വിട്ടുവീഴ്ചയില്ലെന്നാണ് ആരോഗ്യവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്.

വിദേശ സർവകലാശാലകളിൽ നിന്നും വിഭിന്നമായി കേരളത്തിലെയോ ചെന്നൈയിലെയോ മെഡിക്കൽ കോളേജുകളിൽ നിന്നും എംബിബിഎസ് കഴിഞ്ഞാൽ അവർ ടാലന്റഡ് സ്റ്റുഡന്റ്‌സ് ആകും. ഇത് രോഗികൾ വളരെ കൂടുതൽ ഉള്ള സ്ഥലങ്ങളാണ്. അപകടത്തിൽപ്പെട്ടു ഒരു രോഗി എത്തിയാൽ ആ രോഗിയെ അടിയന്തിരമായി എന്ത് ചെയ്യണം എന്ന കാര്യത്തിൽ ആ ഡോക്ടർമാർക്ക് തീരുമാനമെടുക്കാൻ കഴിയും. കാരണം ഇത്തരം കേസുകൾ വളരെ കൂടുതൽ ഈ വിദ്യാർത്ഥികൾ കണ്ടിരിക്കും.

അവർക്ക് ഇതൊരു പ്രാക്ടീസ് കൂടിയാണ്. പക്ഷെ വിദേശ സർവകലാശാലകളിൽ സ്ഥിതി വ്യത്യസ്തമാണ്. ഒന്നാമത് അവരുടെ ഭാഷ അറിയില്ല. റഷ്യയിലും ചൈനയിലും ഉക്രയിനിലുമാണ് ഈ വിദ്യാർത്ഥികൾ പോകുന്നത്. ക്ലാസിൽ ഇരുന്നോ ട്യൂട്ടോറിയൽ പോലുള്ള പഠനമോ ആണ് അവിടെ നടക്കുന്നത്. അവർ രോഗികളെ കാണുന്നതും തുലോം കുറവ്. അതുകൊണ്ടാണ് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ ഒരു യൂണിഫൈഡ് പരീക്ഷ നടത്തി അതിൽ വിജയിക്കുന്നവർക്ക് മാത്രമായി ഹൗസ് സർജൻസി പരിമിതപ്പെടുത്തിയത്.

ടെസ്റ്റ് ഏർപ്പെടുത്തിയപ്പോൾ വിജയ ശതമാനം വെറും ഒരു ശതമാനമാണ്. ആയിരം പേർ എഴുതിയാൽ പത്ത് പേർ പാസാകും. ഇവർക്ക് അതിനുള്ള അറിവ് മാത്രമേയുള്ളൂ. കുട്ടികളെ കുറ്റപ്പെടുത്തുന്ന കാര്യമല്ലിത്. അവിടുത്തെ വിദ്യാഭ്യാസ രീതിയുടെ പ്രശ്‌നമാണ്. ടെസ്റ്റ് പാസായി വന്നാൽ തന്നെ ജനറൽ ആശുപത്രികളിലാണ് ഹൗസ് സർജൻസി. അവിടെ രോഗികളെ ചികിത്സിക്കുമ്പോൾ ഇവർ പ്രശ്‌നങ്ങളും നേരിടുന്നു. അക്കാദമിക ഇൻസ്റ്റിട്ട്യുട്ടുകളിൽ അല്ല ഇവരെ ട്രെയിനിംഗിനു വിടുന്നത് എന്നതും പരിഗണിക്കേണ്ട കാര്യമാണ്. റെഫർ ചെയ്യുക മാത്രമാണ് ഈ ഡോക്ടർമാർ പലപ്പോഴും ചെയ്യുന്നത്.

കേരളത്തിൽ അഞ്ഞൂറോളം കുട്ടികളാണ് എംബിബിഎസ് കഴിഞ്ഞു ഇറങ്ങുന്നത്. ഇതിൽ വലിയ ശതമാനം അമേരിക്ക, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളിലേക്ക് മൈഗ്രേറ്റ് ചെയ്തുപോകും. പത്ത് ശതമാനം പേർ മാത്രമാണ് ഹെൽത്ത് സർവീസിൽ ജോലി ചെയ്യുന്നത്. പക്ഷെ ഒഴിവുകൾ ധാരാളമുണ്ട്. ഈ ഒഴിവുകൾ നികത്തുന്നതിനു വിദേശത്ത് എംബിബിഎസ് കഴിഞ്ഞു വരുന്നവരെ പരിഗണിക്കുമ്പോൾ അത് കർശന നിബന്ധനകൾ അനുസരിച്ച് മാത്രമാകണം എന്നാണ് ഉന്നത മെഡിക്കൽ വൃത്തങ്ങൾ ആവശ്യപ്പെടുന്നത്. ഇവിടെ എൻട്രൻസ് എഴുതുകയും ഇവിടെ തന്നെ എംബിബിഎസ് ചെയ്യുന്നതും പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത് എന്ന അഭിപ്രായമാണ് ആരോഗ്യവിദഗ്ദർ പങ്കു വയ്ക്കുന്നത്.

വിദേശരാജ്യങ്ങളിൽ എംബിബിഎസ് നേടിയവർക്കുള്ള യോഗ്യതാ പരീക്ഷയായ ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് എക്സാമിനേഷൻ (എഫ്.എം.ജി.ഇ.) അടുത്ത മാസം നടക്കാനിരിക്കെ രക്ഷിതാക്കളിൽ പലർക്കും ചങ്കിടിക്കുകയാണ്. മെഡിക്കൽ കൗൺസിൽ നടത്തുന്ന ഈ തുല്യതാ പരീക്ഷ പാസായാൽ മാത്രമേ ഡോക്ടർ ആയി പ്രാക്ടീസ് നടത്താനോ എംഡിക്ക് പോകാനോ കഴിയുകയുള്ളൂ. ആറു മാസം കൂടുമ്പോൾ പരീക്ഷ നടക്കും. അൻപത് ശതമാനം മാത്രം മാർക്ക് മതിയെങ്കിലും ഈ പാസ് മാർക്ക് കരസ്ഥമാക്കാൻ വിദ്യാർത്ഥികൾക്ക് പലർക്കും കഴിയുന്നുമില്ല. 17000 ത്തോളം കുട്ടികളാണ് ഓൾ ഇന്ത്യാ ലെവലിൽ ഓരോ തവണയും പരീക്ഷ എഴുതുന്നത്. ഇരുപത് തവണ വരെ എഴുതിയിട്ടും പരാജയം നുകർന്ന വിദ്യാർത്ഥികളുണ്ട്.

പലപ്പോഴും വിജയം ഒരു ശതമാനം മാത്രമായി ചുരുങ്ങുന്നു എന്നതാണ് പരീക്ഷയുടെ ഏറ്റവും വലിയ വെല്ലുവിളി. എഫ്.എം.ജി.ഇ ടെസ്റ്റിലെ തോൽവിയിൽ പല വിദ്യാർത്ഥികളുടെ ജീവിതവും വഴിമുട്ടുകയാണ്. നാല്പത് ലക്ഷത്തോളം രൂപ മുടക്കിയാണ് എംബിബിഎസുമായി വിദ്യാർത്ഥികൾ ഇന്ത്യയിൽ വരുന്നത്. ഇവിടെ എത്തുമ്പോൾ എഫ്.എം.ജി.ഇ എന്ന കടമ്പയിൽ തട്ടി മുക്കാൽ പങ്കു വിദ്യാർത്ഥികളും കടപുഴകുകയാണ്. 2002 മാർച്ച് മുതലാണ് ഈ ടെസ്റ്റ് മെഡിക്കൽ കൗൺസിൽ ഏർപ്പെടുത്തുന്നത്. അതിനു ശേഷമുള്ള അവസ്ഥയ്ക്ക് ഇപ്പോഴും മാറ്റം വന്നിട്ടില്ലെന്നാണ് രക്ഷിതാക്കളും വിദ്യാർത്ഥികളും ചൂണ്ടിക്കാട്ടുന്നത്. നിലവിലെ വിദ്യാർത്ഥികളുടെ അവസ്ഥ സങ്കീർണ്ണമാണ് എന്ന് തന്നെയാണ് അക്കാദമിക വിദഗ്ദരും ചൂണ്ടിക്കാട്ടുന്നത്.