ന്യൂഡൽഹി: അഫ്ഗാനിസ്താനിലെ സംഭവ വികാസങ്ങളും രക്ഷാദൗത്യവും അടക്കം വിശദീകരിക്കുന്നതിന് കേന്ദ്ര സർക്കാർ പാർലമെന്ററി കക്ഷി നേതാക്കളുടെ യോഗം വിളിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശപ്രകാരമാണ് യോഗം വിളിച്ചുചേർക്കുന്നത്. നിലവിലെ സാഹചര്യം വിശദീകരിക്കുമെന്നും എല്ലാ കക്ഷികളെയും വിവരം അറിയിക്കുമെന്നും കേന്ദ്രം അറിയിച്ചു.

രാഷ്ട്രീയപാർട്ടി നേതാക്കളുടെ യോഗം വിളിച്ച് കാര്യങ്ങൾ വിശദീകരിക്കാൻ വിദേശകാര്യ മന്ത്രാലയത്തോട് പ്രധാനമന്ത്രി നിർദേശിച്ചതായി വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ അറിയിച്ചു. വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

 

അഫ്ഗാനിസ്ഥാനിലെ രക്ഷാദൗത്യം, അഫ്ഗാൻ നയം എന്നിവ വിദേശകാര്യമന്ത്രാലയം രാഷ്ട്രീയകക്ഷി നേതാക്കളോട് യോഗത്തിൽ വിശദീകരിക്കും. അഫ്ഗാനിൽ ഇന്ത്യ എന്തു നയമാണ് തുടർന്ന് സ്വീകരിക്കുന്നത് എന്നത് സംബന്ധിച്ചും ചർച്ച നടക്കുമെന്നാണ് സൂചന.

അഫ്ഗാനിസ്താനിലെ സ്ഥിതിഗതികളും അവിടെ നിന്നുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കൽ സംബന്ധിച്ച കാര്യങ്ങളും വിദേശകാര്യ മന്ത്രാലയം വിശദീകരിക്കും. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള രക്ഷാദൗത്യം തുടരുകയാണ് കേന്ദ്രസർക്കാർ.

കാബൂളിൽ നിന്ന് പ്രതിദിനം രണ്ട് ഇന്ത്യൻ വിമാനങ്ങളാണ് ഒഴിപ്പിക്കൽ നടത്തിവരുന്നത്. 146 ഇന്ത്യക്കാരെ കൂടി മടക്കി എത്തിച്ചു. വ്യോമസേന വിമാനത്തിൽ കൂടുതൽ പേർ മടങ്ങിയെത്തും. 46 അഫ്ഗാൻ പൗരന്മാരും ഈ വിമാനത്തിലുണ്ട്.

ഇവരിൽ ഇന്ത്യാക്കാർക്ക് പുറമെ, മറ്റു രാജ്യക്കാരും ഉൾപ്പെടുന്നു. നേപ്പാൾ, ലെബനീസ് പൗരന്മാരെ കഴിഞ്ഞദിവസം ഇന്ത്യയിലെത്തിച്ചിരുന്നു. 500 ഓളം പേർ ഇനിയും അഫ്ഗാനിൽ കുടുങ്ങിക്കിടക്കുന്നതായാണ് കേന്ദ്ര വിദേശകാര്യമന്ത്രാലയം കഴിഞ്ഞദിവസം സൂചിപ്പിച്ചിരുന്നത്.

ഇറ്റാലിയൻ സ്‌കൂളിൽ പ്രവർത്തിക്കുകയായിരുന്ന മലയാളിയായ സിസ്റ്റർ തെരേസ ക്രസ്റ്റ ഉടൻ മടങ്ങാനാകുമെന്ന് ബന്ധുക്കളെ അറിയിച്ചു. അമേരിക്ക ഈ മാസം അവസാനത്തോടെ രക്ഷാദൗത്യം അവസാനിപ്പിക്കുമെന്ന സൂചന നൽകിക്കഴിഞ്ഞു. അതിനു മുമ്പ് ഇന്ത്യൻ പൗരന്മാരെയും സഹായം തേടുന്ന അഫ്ഗാൻ പൗരന്മാരെയും കൊണ്ടുവരാനാണ് വിദേശകാര്യമന്ത്രാലയത്തിന്റെ ശ്രമം.

അതേസമയം, എന്തുകൊണ്ടാണ് പ്രധാനമന്ത്രി മോദിക്ക് ഇക്കാര്യത്തിൽ പ്രതിപക്ഷ നേതാക്കളോട് വിശദീകരിക്കാൻ സാധിക്കാത്തതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ചോദിച്ചു. വിദേശകാര്യ മന്ത്രി ജയ്ശങ്കറിന്റെ ട്വീറ്റിന് മറുപടി നൽകുമ്പോഴായിരുന്നു രാഹുലിന്റെ പ്രതികരണം.