- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഡൽഹി പൊലീസ് സ്റ്റേഷൻ ആക്രമിച്ച സംഭവം; 53 വിദേശ പൗരന്മാർ അറസ്റ്റിൽ; അക്രമികൾ നൈജീരിയയിൽ നിന്നുള്ളവർ
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ പൊലീസ് സ്റ്റേഷൻ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് 53 വിദേശ പൗരന്മാരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ദ്വാരക ജില്ലയിലെ മോഹൻ ഗാർഡൻ പൊലീസ് സ്റ്റേഷനു നേർക്കാണ് വിദേശികളുടെ ആക്രമണമുണ്ടായത്.
അക്രമാസക്തരായ വിദേശിസംഘം പൊലീസ് സ്റ്റേഷൻ തല്ലിത്തകർക്കുകയായിരുന്നു. സംഭവത്തിൽ എഎസ്ഐ. ഉൾപ്പെടെ മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റിരുന്നു. അക്രമികൾ നൈജീരിയയിൽ നിന്നുള്ളവരാണ് എന്നാണ് സൂചന.
പൊലീസിനെ ആക്രമിക്കാൻ ദണ്ഡുകളും വടികളുമായാണ് സംഘം എത്തിയതെന്നാണ് വിവരം. അറസ്റ്റ് ചെയ്തവരെ കോടതിയിൽ ഹാജരാക്കുകയും പൊലീസ് കസ്റ്റഡിയിൽ വിടുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
ഒരു നൈജീരിയൻ സ്വദേശിയെ മരിച്ചനിലയിൽ പ്രദേശത്തെ ആശുപത്രിയിൽ എത്തിച്ചതാണ് സംഭവങ്ങളുടെ തുടക്കം. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് കാരണമെന്ന് മൃതദേഹവുമായി എത്തിയ നൈജീരിയസ്വദേശികൾ ആരോപിച്ചു. എന്നാൽ ഇക്കാര്യം നിഷേധിച്ച ആശുപത്രി അധികൃതർ, ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപേ മരണ സംഭവിച്ചിരുന്നെന്ന് വ്യക്തമാക്കുകയും ചെയ്തു.
സുഹൃത്തിന്റെ മരണത്തിൽ ക്ഷുഭിതരായ മറ്റ് നൈജീരിയൻ സ്വദേശികൾ പൊലീസ് നടപടിക്രമങ്ങൾ തടയുകയും അവിടെയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും ചെയ്തു. ഇതിനു പിന്നാലെ 50-100 വിദേശപൗരന്മാർ മോഹൻ ഗാർഡൻ പൊലീസ് സ്റ്റേഷനു പുറത്ത് ഒത്തുചേരുകയും ആക്രമണം നടത്തുകയുമായിരുന്നു.
അക്രമം നടന്നതിന് തൊട്ടുപിന്നാലെ എട്ട് നൈജീരിയക്കാരെ അറസ്റ്റ് ചെയ്തെങ്കിലും മറ്റുള്ളവർ ഓടിരക്ഷപ്പെട്ടു. തുടർന്ന് ബാക്കിയുള്ള അക്രമികൾക്കായി പൊലീസ് അന്വേഷണം ആരംഭിക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.




