- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഓർഡർ നൽകിയ വാക്സിൻ ഉറപ്പാക്കാൻ സീറം ഇൻസ്റ്റിറ്റിയുട്ടിൽ ഓടിയെത്തി മടങ്ങിയ ബ്രിട്ടീഷ് വിദേശകാര്യ ഉപദേഷ്ടാവിന് കോവിഡ്; മന്ത്രിമാർക്കെല്ലാം ഗുരുതരമായ ഇന്ത്യൻ വകഭേദം കൈമാറിയോ എന്ന് ആശങ്കപ്പെട്ട് ബ്രിട്ടീഷ് മാധ്യമങ്ങൾ
ലണ്ടൻ: ഇന്ത്യയിലെ സീറം ഇൻസ്റ്റിറ്റിയുട്ടിൽ നിന്നും ലഭിക്കേണ്ട വാക്സിൻ ഉറപ്പാക്കാനായി ഇന്ത്യയിലെത്തി മടങ്ങിയ ബ്രിട്ടീഷ് വിദേശകാര്യ ഉപദേഷ്ടാവിന് കോവിഡ് സ്ഥിരീകരിച്ചത് ബ്രിട്ടനെ ആകെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. വാക്സിനുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി വിദേശ കാര്യ ഉപദേഷ്ടാവ് ഡേവിഡ് ക്വേറി നിരവധി കാബിനറ്റ് മന്ത്രിമാരുമായും ഉയർന്ന ഉദ്യോഗസ്ഥരുമായും ചർച്ചകളിൽ പങ്കെടുത്തതിനെ തുടർന്നാണ് ആശങ്ക ഉയർന്നിരിക്കുന്നത്. വാക്സിൻ എത്തിക്കുന്നതിന് പരാജയപ്പെട്ട ദൗത്യവുമായി ഇന്ത്യയിൽ നിന്നും തിരിച്ചെത്തി ഓരാഴ്ച്ചക്ക് ശേഷമാണ് ഡേവിഡ് ക്വേറിക്ക് രോഗം സ്ഥിരീകരിച്ചത്.
ക്വേറിയും ബോറിസ് ജോൺസന്റെ ആടുത്ത അനുയായിയായ ലോർഡ് ലിസ്റ്ററും കഴിഞ്ഞ മാസമായിരുന്നു ഇന്ത്യയിലെ സീറം ഇൻസ്റ്റിറ്റിയുട്ട് സന്ദർശിച്ചത്. കരാർ പ്രകാരം 5 മില്ല്യൺ ഡോസ് വാക്സിൻ സീറം ഇൻസ്റ്റിറ്റിയുട്ട് ബ്രിട്ടന് നൽകിയിരുന്നു. ബാക്കിയുള്ള 5 മില്ല്യൺ ഡോസ് നൽകുന്നത് ഇന്ത്യൻ സർക്കാർ തടഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് ഇവർ ഇന്ത്യ സന്ദർശിച്ച് ഇൻസ്റ്റിറ്റിയുട്ട് അധികൃതരുമായി ചർച്ചകൾ നടത്തിയത്. ചർച്ചകൾ പരാജയപ്പെടുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
രാഷ്ട്രത്തിന്റെ അത്യാവശ്യകാര്യങ്ങൾക്കായി രാജ്യത്തിന് പുറത്തുള്ള നടപടികൾ നിർവ്വഹിക്കാൻ ചുമതലപ്പെട്ട് ഉദ്യോഗസ്ഥൻ എന്ന നിലയിൽ, ഇന്ത്യയിൽ നിന്നും തിരിച്ചെത്തിയ ക്വേറിയെ ക്വാറന്റൈനിൽ നിന്നും ഒഴിവാക്കിയിരുന്നു. മാർച്ച് 25 ന് ബ്രിട്ടനിൽ തിരിച്ചെത്തിയ അദ്ദേഹം ക്വാറന്റൈനിൽ പ്രവേശിക്കാതെ, പതിവുപോലെ തന്റെ ചുമതലകളിൽ വ്യാപൃതനാവുകയായിരുന്നു. ഏകദേശം ഒരാഴ്ച്ച കഴിഞ്ഞ് ഏപ്രിൽ 1 നായിരുന്നു, അദ്ദേഹം ഇന്ത്യയിൽ നിന്നും തിരിച്ചെത്തിയ വിമാനത്തിലെ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചതായി എൻ എച്ച് എസ് ടെസ്റ്റ് ആൻഡ് ട്രേസിൽ നിന്നും സന്ദേശം ലഭിക്കുന്നത്.
അതേ ദിവസം തന്നെ അദ്ദേഹം രോഗ പരിശോധനക്ക് വിധേയനായി. അപ്പോഴാണ് ബ്രിട്ടീഷ് ഭരണകൂടത്തെ തന്നെ ഞെട്ടിച്ച റിപ്പോർട്ട് വന്നത്. ക്വേറിക്ക് രോഗബാധ സ്ഥിരീകരിച്ചുകൊണ്ടുള്ള റിപ്പോർട്ട് അധികാരത്തിന്റെ ഇടനാഴികളിൽ ഭീതി വിതറി എന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അദ്ദേഹം ഉടനെ തന്നെ 10 ദിവസത്തെ സെൽഫ് ഐസൊലേഷനിൽ പോയി. അദ്ദേഹവുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരും കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചുള്ള നടപടികൾ കൈക്കൊണ്ടു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
കഴിഞ്ഞ മാർച്ചിൽ ബോറിസ് ജോൺസനും, ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകൊക്കും മുഖ്യ മെഡിക്കൽ ഓഫീസർ ക്രിസ് വിറ്റിയും പോസിറ്റീവ് ആയപ്പോൾ ഉണ്ടായ അതേ പരിഭ്രാന്തിയാണ് ഇപ്പോൾ അധികാരത്തിലുള്ള ഉന്നതർക്കിടയിൽ. കാരണം, ഇവരിൽ മിക്കവരുമായി ക്വേറി പലവിധത്തിൽ സമ്പർക്കം പുലർത്തിയിട്ടുണ്ട്. ക്വേറി എല്ലാകാര്യങ്ങളും കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചു തന്നെയാണ് ചെയ്തതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ഇന്ത്യയിൽ നിന്നും യാത്ര തിരിക്കുന്നതിനു മുൻപായി അദ്ദേഹം കോവിഡ് പരിശോധനക്ക് വിധേയനായിരുന്നു. അതിൽ അദ്ദേഹം നെഗറ്റീവ് ആണെന്ന് തെളിയുകയും ചെയ്തിരുന്നു എന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നു. തിരികെ വീട്ടിൽ എത്തിയപ്പോഴും അദ്ദേഹം ലക്ഷണങ്ങൾ ഒന്നുംതന്നെ പ്രകടിപ്പിച്ചിരുന്നില്ല. 1994-ൽ ആയിരുന്നു ഡേവിഡ് ക്വേറി ബ്രിട്ടീഷ് വിദേശകാര്യ വകുപ്പിൽ ജോലിക്ക് കയറുന്നത്. പരിചയസമ്പന്നനായ നയതന്ത്ര വിദഗ്ദനായ അദ്ദേഹം 2015-2019 കാലഘട്ടത്തിൽ ഇസ്രയേലിൽ ബ്രിട്ടീഷ് അമ്പാസിഡർ ആയിരുന്നു.
മറുനാടന് ഡെസ്ക്