സൗദിയിലെ വിദേശ സ്‌കൂളുകളിൽ സൗദിയുടെ ചരിത്ര പഠനം നിർബന്ധമാക്കിക്കൊണ്ട് സ്വാകാര്യ സ്‌കൂളുകളിലെ വിദേശികളുടെ നിക്ഷേപത്തിന് നിരോധനം ഏർപ്പെടുത്തിയും സൗദി വിദ്യാഭ്യാസ മന്ത്രാലയം കർശന നിയന്ത്രണങ്ങൾ കൊണ്ട് വന്നു.

സ്വകാര്യ മുതൽ മുടക്കിൽ സ്‌കൂൾ ആരംഭിക്കാനുള്ള അനുമതി സ്വദേശികൾക്കും ജി.സി.സി രാജ്യങ്ങളിലെ പൗരന്മാർക്കും പരിമിതമാണെന്ന് മന്ത്രാലയം അറിയിച്ചു. കൂടാതെ സ്വകാര്യ, വിദേശ സ്‌കൂളുകൾ തുറക്കാൻ വിദ്യാഭ്യാസ മന്ത്രാലയം നിബന്ധനകൾ ഏർപ്പെടുത്തിയിട്ടുണ്ട്.

വിദ്യാലയങ്ങളിൽ അദ്ധ്യാപകരെ നിയമിക്കുന്നതിനും മന്ത്രാലയത്തിന് നിബന്ധനകളുണ്ട്. എംബസികളുടെ കീഴിൽ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കും വിദേശ വിദ്യാലയ നിയമം ബാധകമാണ്.രണ്ട് പതിറ്റാണ്ട് മുമ്പ് സൗദി മന്ത്രിസഭ അംഗീകരിച്ച നിയമാവലി അനുസരിച്ച് അറബി ഭാഷ, സൗദി ഇസ്ലാമിക ചരിത്രം, ഭൂമിശാസ്ത്രം എന്നിവ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം. ഇതിനു പുറമെ ഇസ്ലാമിക മര്യാദയും സൗദി സംസ്‌കാരവും കലാലയങ്ങളിൽ പാലിക്കുകയും വേണം.

2 വർഷത്തെ അദ്ധ്യാപന പരിചയം, 60 വയസ്സിന് താഴെ പ്രായം, എഡുക്കേഷനിൽ ബാച്ചിലർ ഡിഗ്രിയും ചുരുങ്ങിയത് 'ഗുഡ്' ഗ്രൈഡ് ലഭിച്ചവരുമായിരിക്കുക, വിഷയത്തിലും ഭാഷയിലുമുള്ള പരിജ്ഞാനം എന്നിവ അടിസ്ഥാന യോഗ്യതകളാണ്. ക്രിമിനിൽ പശ്ചാത്തലമില്ലാതിരിക്കുക, ശാരീരിക ക്ഷമത എന്നിവും മന്ത്രാലയത്തിന്റെ നിബന്ധനകളിൽ പെടുന്നു.

നിബന്ധനകൾ പാലിക്കാതെ സ്ഥാപനം നടത്തരുതെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. നിബന്ധനകൾക്ക് വിധേയമായി വിദേശ സ്‌കൂളുകൾക്ക് ജോലിക്കാരെ റിക്രൂട്ട് ചെയ്യാൻ മന്ത്രാലയം അനുമതി നൽകും. എന്നാൽ സ്വദേശികൾ ലഭ്യമായ തസ്തികയിലേക്ക് വിദേശികളെ റിക്രൂട്ട് ചെയ്യരുതെന്നും മന്ത്രാലയ നിബന്ധനയിൽ ഉണ്ട്. 21 രാജ്യങ്ങളുടെ എംബസികൾക്ക് കീഴിൽ 83 കമ്യൂണിറ്റി സ്‌കൂളുകൾ സൗദിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് മുഹമ്മദ് അൽഉതൈബി പറഞ്ഞു.