ലഖ്നൗ: ഉത്തർപ്രദേശിൽ ജർമൻ സഞ്ചാരിക്ക് നേരെ റെയിൽവേ കോൺട്രാക്ടറുടെ ആക്രമണം. ഹോൾഗർ എറീക് എന്ന ജർമൻ പൗരനാണ് ആക്രമിക്കപ്പെട്ടത്. സോനഭദ്ര ജില്ലയിലെ റോബർട്ട്സ്ഗഞ്ച് റെയിൽവേ സ്റ്റേഷനിൽ വച്ചായിരുന്നു സംഭവം. അഘോരി ഫോർട്ട് സന്ദർശിക്കാനെത്തിയതായിരുന്നു വിദേശി. എറീകിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ അമൻ കുമാർ എന്ന റെയിൽവേ ഇലക്ട്രിസിറ്റി കോൺട്രാക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു.

അഘോരി കോട്ട സന്ദർശിക്കാനായാണ് താൻ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങിയത്. പ്ലാറ്റ്ഫോമിൽ വെച്ച് ഒരാൾ തന്നോട് ഇന്ത്യയിലേക്ക് സ്വാഗതം എന്ന് ആശംസിച്ചു. എന്നാൽ അയാൾ മദ്യപിച്ചുവെന്ന് തോന്നിയതിനെ തുടർന്ന് താൻ മറുപടി പറഞ്ഞില്ല. താൻ പ്രതികരിക്കാത്തതിനെ തുടർന്ന് അയാൾ തന്നെ പലതവണ മർദിച്ചുവെന്ന് എറീക് പൊലീസിനോട് പറഞ്ഞു.

താൻ നിരപരാധിയാണെന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത അമാൻ കുമാർ പറഞ്ഞു. ഇന്ത്യയിലേക്ക് സ്വാഗതം എന്ന് താൻ ആശംസിച്ചിരുന്നു. എന്നാൽ എറീക് തിരിച്ച് ആശംസിച്ചില്ലെന്ന് മാത്രമല്ല തന്നെ തള്ളി മാറ്റുകയും തുപ്പുകയും മുഖത്തടിക്കുകയും ചെയ്തുവെന്ന് ചെയ്തുവെന്ന് അമൻ കുമാർ പറയുന്നത്. ആക്രമണത്തെ തുടർന്ന് എറീകിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും യാതൊരു വിധത്തിലുമുള്ള ആരോഗ്യപ്രശ്നങ്ങളും അദ്ദേഹത്തിനുണ്ടായിട്ടില്ലെന്നും റെയിൽവേ പൊലീസ് പറഞ്ഞു.

യുപിയിൽ രണ്ടാഴ്ചയ്ക്കിടെ വിദേശ സഞ്ചാരികൾക്ക് നേരെ ഉണ്ടായ രണ്ടാമത്തെ ആക്രമണമാണ് ഇത്. ആഗ്രയ്ക്ക് സമീപം സ്വിസ് യുവതിയേയും ആൺ സുഹൃത്തിനേയും തടഞ്ഞു നിർത്തി ആക്രമിച്ച സംഭവത്തിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.