വിദേശികളെ കാണുമ്പോൾ അവരുടെ കൈയിലുള്ളതെല്ലാം തട്ടിയെടുക്കണമെന്നാണോ നാം കരുതുന്നത്? അതുപോലെ, വിദേശ വനിതകളെ പീഡിപ്പിക്കാമെന്നും? വിദേശികൾക്കെതിരായ കുറ്റകൃത്യങ്ങളുടെ കണക്കുകൾ സൂചിപ്പിക്കുന്നത് ഇതാണ്. ഒത്താൽ വിദേശികളെ തട്ടിച്ച് പണമുണ്ടാക്കാമെന്ന് കരുതുന്നവരുമേറെയാണ്.

നാഷണൽ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുപ്രകാരം 2014-ൽ രജിസ്റ്റർ ചെയ്യപ്പെട്ട ഇത്തരത്തിലുള്ള 486 കേസ്സുകളിൽ 260-ഉം മോഷണമാണ്. 64 പീഡനശ്രമങ്ങളും വിദേശികൾക്കുനേരെ നടന്നു. ഇതിൽത്തന്നെ 39 മാനഭംഗക്കേസ്സുകളും 22 ബലാൽസംഗക്കേസ്സുകളുമുണ്ട്.

വിദേശികളെ കൊള്ളയടിക്കുന്നതും തട്ടിപ്പിനിരയാക്കുന്നതും കുറവല്ല. 22 കേസ്സുകൾ വീതം ഈ ഗണത്തിൽപ്പെടുന്നു.വിനോദ സഞ്ചാരത്തിനായി എത്തുന്ന വിദേശികളാണ് ഇത്തരത്തിലുള്ള തട്ടിപ്പിന് കൂടുതലായും ഇരയാകുന്നത്.

വിദേശികൾക്കെതിരായ കുറ്റകൃത്യങ്ങൾ കൂടുതലുള്ള സംസ്ഥാനം ഡൽഹിയാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ഡൽഹിയിൽ വിദേശികൾക്കുനേരെയുണ്ടായ 164 കുറ്റകൃത്യങ്ങളിൽ 135-ഉം വിദേശ വിനോദ സഞ്ചാരികൾക്കുനേരെയുണ്ടായതാണ്. കൂടുതൽ വിദേശികൾ ഡൽഹിയിലെത്തുന്നതുകൊണ്ടു മാത്രമല്ല ഇതെന്ന് നിയമവിദഗ്ദ്ധർ പറയുന്നു.  മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുന്ന സഞ്ചാരികളിലേറെപ്പേരും ആദ്യം ഡൽഹിയിലെത്തുന്നു എന്നതുകൊണ്ടുകൂടിയാണിത്. 2014-ൽ ഡൽഹിയിലെത്തിയ വിനോദസഞ്ചാരികൾ 23 ലക്ഷമാണ്.

വിദേശികൾ അധികമായെത്തുന്ന ഗോവയിൽ 73 കേസ്സുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്. ഉത്തർപ്രദേശിൽ 66 കേസുകളും. ഏറ്റവും കൂടുതൽ വിദേശികളെത്തിയ മഹാരാഷ്ട്രയിൽ കുറ്റകൃത്യങ്ങൾ താരതേമ്യന കുറവാണ്. 2014-ൽ 43 ലക്ഷം വിദേശികളാണ് മഹാരാഷ്ട്രയിലെത്തിയത്.