കുവൈത്ത് സിറ്റി: സ്വദേശി ജനസംഖ്യക്ക് ആനുപാതികമായി വിദേശികളുടെ എണ്ണം ക്രമീകരിക്കുന്നതിന്റെ ഭാഗമായി 60 വയസ്സ് കഴിഞ്ഞ വിദേശികളെ സർക്കാർ സർവീസിൽനിന്ന് പിരിച്ചുവിടാനുള്ള ശിപാർശ മന്ത്രിസഭയുടെ മുന്നിലെത്തി. മന്ത്രിസഭക്ക് സമർപ്പിച്ച റിപ്പോർട്ട് അടുത്തയാഴ്ച ചർച്ച ചെയ്യുമെന്ന് തൊഴിൽ മന്ത്രി ഹിന്ദ് അസ്സബീഹ് അറിയിച്ചു

ആസൂത്രണ വകുപ്പ് തയാറാക്കിയ ജനസംഖ്യാനുപാതിക റിപ്പോർട്ടിലാണ് പ്രധാന നിർദേശമായി ഇക്കാര്യമുള്ളത്. ആഭ്യന്തര മന്ത്രാലയം, തൊഴിൽ മന്ത്രാലയം, മന്ത്രിസഭയുടെ ഉന്നതാധികാര സമിതി എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥർ ചേർന്നാണ് റിപ്പോർട്ട് തയാറാക്കിയത്.നിലവിൽ 12 ലക്ഷം സ്വദേശികളും 24 ലക്ഷം വിദേശികളുമാണ് രാജ്യത്തുള്ളത്. സ്വദേശി ജനസംഖ്യയുടെ രണ്ടിരട്ടി വരുന്ന വിദേശി സമൂഹത്തെ അധികകാലം രാജ്യത്തിന് ഉൾക്കൊള്ളാൻ സാധിക്കില്ല എന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടിൽ അടിയന്തര നടപടികളിലൂടെ ജനസംഖ്യാ സന്തുലനം സാധ്യമാക്കണമെന്ന് നിർദേശിക്കുന്നു.

ഇതിനുള്ള പ്രാരംഭ നടപടി എന്ന നിലക്കാണ് സർക്കാർ സ്ഥാപനങ്ങളിലെ 60 കഴിഞ്ഞ വിദേശികൾക്ക് സർവീസ് നീട്ടിനൽകരുതെന്ന് ശിപാർശ ചെയ്യുന്നത്. എന്നാൽ, വിദഗ്ധരായ വിദേശതൊഴിലാളികളെ സർക്കാർ സ്ഥാപനങ്ങളിൽനിന്നും പിരിച്ചുവിടുന്ന കാര്യത്തിൽ ഇളവ് അനുവദിക്കുമെങ്കിലും പ്രത്യേക തൊഴിൽ വൈദഗ്ധ്യം ഇല്ലാത്തവർക്ക് ഒരു പരിഗണനയും നൽകരുതെന്നാണ് നിർദ്ദേശം.