കീവ്: റഷ്യയുടെ സൈനിക നടപടി തുടരുന്നതിനിടെ യുക്രൈനുവേണ്ടി ആയുധമെടുത്ത് പോരാടാൻ സേനയിൽ ചേർന്നത് 20,000 വിദേശികളെന്ന് റിപ്പോർട്ട്. യുക്രൈനിലെ ഇംഗ്ലിഷ് ദിനപത്രമായ 'ദ് കീവ് ഇൻഡിപെൻഡന്റാണ്' ഇക്കാര്യം പുറത്തുവിട്ടത്. മാർച്ച് ആറ് വരെയുള്ള കണക്കാണിതെന്നാണ് വിവരം.

വിദേശ പൗരന്മാർക്ക് ആവശ്യമെങ്കിൽ യുക്രൈൻ പൗരത്വത്തിനായി അപേക്ഷിക്കാമെന്നും യുക്രൈൻ ആഭ്യന്തര സഹമന്ത്രിയെ ഉദ്ധരിച്ച് പത്രം റിപ്പോർട്ട് ചെയ്തിരുന്നു. യുക്രെയ്‌നു വേണ്ടി പോരാടാൻ തയാറായുള്ള വിദേശികളെ ഉൾപ്പെടുത്തി 'രാജ്യാന്തരസേന' രൂപീകരിക്കുമെന്നു പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി ആഹ്വാനം ചെയ്തിരുന്നു.

അതിനിടെ, യുക്രെയ്‌നു യുദ്ധവിമാനങ്ങൾ നൽകാനുള്ള പോളണ്ടിന്റെ നീക്കം എതിർത്ത് അമേരിക്ക രംഗത്തെത്തി. പോളണ്ടിന്റെ തീരുമാനം ആശങ്കാജനകമാണ്. തീരുമാനം നാറ്റോ നയത്തിന് ചേർന്നതല്ലെന്നും പെന്റഗൺ വ്യക്തമാക്കി. റഷ്യൻ നിർമ്മിത മിഗ് 29 വിമാനങ്ങൾ യുക്രെയ്‌ന് നൽകുമെന്നായിരുന്നു പോളണ്ടിന്റെ പ്രഖ്യാപനം.

നാറ്റോ മേഖലയിൽനിന്ന് പോർവിമാനം യുദ്ധഭൂമിയിലേക്ക് പറക്കുന്നത് നാറ്റോ സഖ്യത്തിനാകെ കനത്ത ആശങ്കയ്ക്കിടയാക്കുമെന്നും പെന്റഗൺ അറിയിച്ചു. റഷ്യയുമായി നേരിട്ടുള്ള യുദ്ധത്തിനില്ലെന്നാണ് നാറ്റോയുടെ നിലപാട്. യുക്രൈൻ വ്യോമാതിർത്തി നോ ഫ്ളൈ സോൺ ആയി പ്രഖ്യാപിക്കണമെന്ന ആവശ്യവും നാറ്റോ തള്ളുകയായിരുന്നു. യുക്രൈനിലേക്ക് സൈനികരെ അയയ്ക്കേണ്ടതില്ലെന്ന് അമേരിക്കയും തീരുമാനിച്ചിരുന്നു.

ഇതിനിടെ അപ്രതീക്ഷിതമായാണ് യുക്രൈന് അനുകൂലമായി പോർവിമാനം നൽകാൻ പോളണ്ട് തീരുമാനിച്ചത്. ജർമനിയിലെ റാംസ്റ്റെയ്ൻ യുഎസ് വ്യോമതാവളത്തിലേക്ക് മിഗ്-29 പോർവിമാനം അയയ്ക്കാൻ തയാറാണെന്നാണ് പോളണ്ട് വിദേശകാര്യമന്ത്രാലയം അറിയിച്ചത്. മറ്റ് നാറ്റോ സഖ്യകക്ഷികളും അപ്രകാരം ചെയ്യണമെന്നും പോളണ്ട് ആവശ്യപ്പെട്ടു.

ഇതുസംബന്ധിച്ച് പോളണ്ടുമായും നാറ്റോ സഖ്യരാജ്യങ്ങളുമായും ചർച്ച നടത്തുമെന്ന് പെന്റഗൺ പ്രതികരിച്ചു. റഷ്യക്കെതിരായ ആക്രമണത്തിന് വ്യോമതാവളങ്ങൾ അനുവദിക്കുന്ന രാജ്യങ്ങൾ യുദ്ധത്തിന്റെ ഭാഗമായതായി കണക്കാക്കുമെന്ന് റഷ്യ കഴിഞ്ഞ ദിവസം മുന്നറിയിപ്പു നൽകിയിരുന്നു.

അതിനിടെ, യുക്രൈനിൽ സൈനിക നടപടിയുമായി മുന്നോട്ടുപോകുന്ന റഷ്യക്കെതിരെ ഉപരോധം കടുപ്പിച്ച് യുഎസ്. റഷ്യയിൽനിന്നുള്ള എണ്ണ, പ്രകൃതി വാതക ഇറക്കുമതി പൂർണമായി വിലക്കിയതായി പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു.