- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജൂനിയറിനെ സീനിയറാക്കാൻ അവധി എടുത്ത മേധാവി; വർമ്മയ്ക്ക് പ്രെമോഷൻ കിട്ടുന്നതിലൂടെ ലക്ഷ്യമിട്ടത് എല്ലാ മാസവും കൂടുതൽ പെൻഷൻ ഉറപ്പാക്കുക എന്ന തന്ത്രം; കള്ളി കണ്ടെത്തി അക്കൗണ്ടന്റ് ജനറൽ; വനസംരക്ഷണത്തിൽ പരിശീലനം ഇല്ലാത്തവർക്ക് നിയമന ഉത്തരവ് നൽകിയതും വിരമിച്ച ഉന്നതൻ; വനംവകുപ്പിൽ എന്തും നടക്കുമോ?
തിരുവനന്തപുരം: വനംവകുപ്പിൽ നടക്കുന്നതെല്ലാം അതിവിചിത്ര കാര്യങ്ങൾ. വനസംരക്ഷണത്തിൽ പരിശീലനം ലഭിക്കാത്ത 54 പേരെ റേഞ്ച് ഫോറസ്റ്റ് ഓഫിസർ തസ്തികയിൽ നേരിട്ടു നിയമിക്കാനുള്ള മുൻ വനം മേധാവിയുടെ കത്ത് ഇതിന് തെളിവാണ്. മുട്ടിൽ മരംമുറിക്ക് പിന്നാലെയാണ് ഈ വിവാദവും ചർച്ചകളിൽ എത്തുന്നത്. അതിനിടെ വനം മേധാവി (ഹെഡ് ഓഫ് ഫോറസ്റ്റ് ഫോഴ്‌സ്്) സ്ഥാനത്തേക്ക് സർക്കാർ അറിയാതെ ഉദ്യോഗസ്ഥർ നടത്തിയ നിയമനത്തിനു തിരിച്ചടിയും കിട്ടി. ഒരു മാസത്തേക്കു വനം മേധാവിയായി നിയമിക്കപ്പെട്ട ഡി.കെ. വർമയ്ക്ക് വകുപ്പിലെ ഏറ്റവും ഉയർന്ന ശമ്പളവും അതിന് അനുസൃതമായ പെൻഷനും നൽകാനുള്ള ശുപാർശ അക്കൗണ്ടന്റ് ജനറൽ തള്ളി. ഖജനാവ് കൊള്ളയടിക്കാനുള്ള സമർത്ഥമായ നീക്കമായിരുന്നു ഇത്.
അക്കൗണ്ടന്റെ ജനറൽ ഉത്തരവ് അടുത്തയാഴ്ച സർക്കാരിന് അയയ്ക്കും. നടപടിക്രമങ്ങൾ പാലിക്കാതെയുള്ള നിയമനം വ്യക്തിപരമായ നേട്ടങ്ങൾക്കു വേണ്ടി മാത്രമാണ് എന്ന നിഗമനത്തോടെയാണ് ജി1 സെക്ഷൻ ശുപാർശ തള്ളിയത്. അടുത്ത വർഷം മെയ് വരെ സർവീസുള്ള വനംവകുപ്പ് മേധാവിയായ ആയ പി.കെ. കേശവൻ, 29 ദിവസത്തെ അവധിയിൽ പ്രവേശിച്ച് താൽക്കാലികമായി സ്ഥാനമൊഴിഞ്ഞു കൊടുക്കുകയും താഴെയുള്ള വർമയെ മേധാവി ആക്കി സ്ഥാനക്കയറ്റം നൽകാൻ നിർദ്ദേശിക്കുകയുമാണ് ചെയ്തത്. പെൻഷനും ഗ്രേഡും ഉയർത്തുകയെന്ന ഗൂഢാലോചനയായിരുന്നു ഇതിന് പിന്നിൽ. ഇതാണ് എജി തടയുന്നത്.
പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഹെഡ് ഓഫ് ഫോറസ്റ്റ് ഫോഴ്‌സ് എന്നീ ചുമതലകൾ നൽകുന്നതിനൊപ്പം, മെയ് 31ന് വിരമിക്കാനിരിക്കുന്ന വർമയ്ക്ക് 2,25,000 രൂപയുടെ ഉയർന്ന ശമ്പളം അനുവദിക്കണമെന്നും ശുപാർശ ചെയ്തിരുന്നു. ഇത് അംഗീകരിച്ചാണ് അഡിഷനൽ സെക്രട്ടറി ഉത്തരവിറക്കിയത്. ഇതോടെ സർവീസിലെ അവസാന ദിനം കൈപ്പറ്റിയ ഉയർന്ന ശമ്പളത്തിന് ആനുപാതികമായ ഉയർന്ന പെൻഷനും ഇദ്ദേഹത്തിനു ലഭിക്കും. ഇത് ലക്ഷങ്ങളുടെ നഷ്ടം വരും വർഷങ്ങളിൽ സർക്കാരിന് ഓരോ വർഷവും ഉണ്ടാക്കുമായിരുന്നു. വനം മേധാവി സ്ഥാനത്തേക്കു നിയമനം നടത്താനുള്ള നടപടിക്രമങ്ങൾ ലംഘിച്ചു തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെയായിരുന്നു ഇത്. അവധിയെടുത്ത കേശവനും ചുമതലയേറ്റ വർമയ്ക്കും മെയ് മാസത്തിൽ 'വനംവകുപ്പ് മേധാവിയുടെ ഉയർന്ന ശമ്പളം നൽകേണ്ട സ്ഥിതിയായി. അക്കൗണ്ടന്റ് ജനറലിന് പരാതി കിട്ടി. ഹൈക്കോടതി ഇതു സംബന്ധിച്ച ഹർജി ഫയലിൽ സ്വീകരിക്കുകയും ചെയ്തു.
ഇതിനൊപ്പമാണ് വനസംരക്ഷണത്തിൽ പരിശീലനം ലഭിക്കാത്ത 54 പേരെ റേഞ്ച് ഫോറസ്റ്റ് ഓഫിസർ തസ്തികയിൽ നേരിട്ടു നിയമിക്കാനുള്ള മുൻ വനം മേധാവിയുടെ കത്തും വിവാദമാകുന്നത്. വനം മേധാവിയുടെ ചുമതല വഹിച്ചിരുന്ന പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (വനം വന്യജീവി വകുപ്പ്) ദേവേന്ദ്ര കുമാർ വർമയാണ് വിരമിക്കുന്നതിനു തൊട്ടു മുൻപ് വനം പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്തയച്ചത്. ചട്ടങ്ങൾ ലംഘിച്ചാണ് കത്തു നൽകിയതെന്നും ദുരൂഹതയുണ്ടെന്നുമാണ് ആരോപണം. കഴിഞ്ഞ മാസം 27 നാണു മുൻ വനം മേധാവി കത്തയച്ചത്. ഇദ്ദേഹം 31 നു വിരമിച്ചു. ചട്ട ലംഘനത്തിനെതിരെ വകുപ്പിലെ ഒരു വിഭാഗം ഉദ്യോഗസ്ഥർ മന്ത്രിക്കു പരാതി നൽകി. ഇതേ ഉദ്യോഗസ്ഥന്റെ ശമ്പളമാണ് എജി തടയുന്നതും.
വയനാട് മുട്ടിൽ മരം മുറിയുമായി ബന്ധപ്പെട്ട് ഇതേ ഉദ്യോഗസ്ഥനെതിരെയും ആരോപണം ഉയർന്നിരുന്നു. അതേസമയം, മുൻ വനം മേധാവിയുടെ ശുപാർശയെക്കുറിച്ച് അറിയില്ലെന്നും പരിശോധിക്കുമെന്നും വനം മന്ത്രിയുടെ ഓഫിസ് അറിയിച്ചു. കേരള ഫോറസ്റ്റ് സർവീസ് സ്‌പെഷൽ റൂൾ പ്രകാരം, തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾ കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഡയറക്ടറേറ്റ് ഓഫ് ഫോറസ്ട്രി എജ്യുക്കേഷൻ നിർദ്ദേശിക്കുന്ന ഫോറസ്ട്രി കോളജിൽ 18 മാസത്തെ പരിശീലനം നേടിയിരിക്കണം . ഇവരെ മാത്രമേ റേഞ്ച് ഓഫിസറായി നിയമിക്കുകയുള്ളൂ എന്നാണ് കേരള ഫോറസ്റ്റ് എൻട്രൻസ് ആൻഡ് ട്രെയിനിങ് റൂളിൽ പറയുന്നത്.
മറുനാടന് മലയാളി ബ്യൂറോ