- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അഴിമതിക്കേസിൽ പ്രതിയായ വനം വകുപ്പ് ഉദ്യോഗസ്ഥയെ മേലുദ്യോഗസ്ഥർ പീഡിപ്പിച്ചു; ഇരയെ സസ്പെൻഡ് ചെയ്ത വകുപ്പ് മേധാവി പീഡകരെ സംരക്ഷിക്കുന്നുവെന്ന് പരാതി; കുടുക്കിലായത് ഐ എഫ് എസിന് പരിഗണിക്കപ്പെടുന്ന മേധാവിയുടെ വിശ്വസ്തൻ; വനംവകുപ്പിൽ പുതിയ വിവാദം
തിരുവനന്തപുരം: അഴിമതിക്കേസിൽ കുടുങ്ങിയ ഫോറസ്റ്റ് ഉദ്യോഗസ്ഥയെ ലൈംഗിക പീഡനത്തിന് ഇരയാക്കി മേലുദ്യോഗസ്ഥർ. അന്വേഷണ ഉദ്യോഗസ്ഥനായ ഫ്ളയിങ് സ്ക്വാഡ് ഡിഎഫ്ഒ ജസ്റ്റിൻ സ്റ്റാൻലിക്കും ഫോറസ്റ്റ് കൺട്രോൾ റൂം എസ്എഫ്ഒ ജി. ജയകുമാറിനും എതിരായുള്ള പരാതി ശരിയാണെന്നും ഇരുവർക്കുമെതിരെ നിലവിലുള്ള സർവീസ് ചട്ടങ്ങൾ പ്രകാരം നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് ഇന്റേണൽ കംപ്ലയ്ന്റ്സ് കമ്മിറ്റി പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്ക് റിപ്പോർട്ട് സമർപ്പിച്ചു.
ഓഗസ്റ്റ് 10 ന് സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് മറുനാടന് ലഭിച്ചു. എന്നാൽ ഫോറസ്റ്റ് മേധാവിയുടെ വിശ്വസ്തരായ പ്രതികളെ സംരക്ഷിക്കുന്നതിനായി സംഭവം രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ് വകുപ്പ്. അന്വേഷണ റിപ്പോർട്ട് പരാതി ശരിവച്ചിട്ട് ദിവസങ്ങളേറെ ആയെങ്കിലും സംഭവം പൊലീസിൽ റിപ്പോർട്ട് ചെയ്യാൻ വകുപ്പ് ഇതുവരെ തയ്യാറായിട്ടില്ല. മറ്റൊരു പരാതിയിൽ 'ഇര'യായ സ്ത്രീയെ മാത്രം സസ്പെൻഡ് ചെയ്യുകയും പ്രതികളെ മധ്യകേരളത്തിലേയ്ക്ക് മൺസൂൺ ട്രാൻസ്ഫറുകൾ നൽകി സംരക്ഷിക്കുകയും ചെയ്യുന്ന വനം വകുപ്പിന്റെ നിലപാടിനെതിരെ ജീവനക്കാർ തന്നെ രംഗത്തെത്തിയിട്ടുണ്ട്.
ലക്ഷങ്ങളുടെ തിരിമറി നടത്തി എന്ന ആരോപണത്തിലാണ് സ്ത്രീയ്ക്കെതിരെ വകുപ്പ്തല അന്വേഷണം ആരംഭിച്ചത്. എന്നാൽ അന്വേഷണത്തിനിടെ പ്രസ്തുത ഉദ്യോഗസ്ഥ അന്വേഷണ ഉദ്യോഗസ്ഥനായ ജസ്റ്റിൻ സ്റ്റാൻലിയാൽ പീഡിപ്പിക്കപ്പെടുകയായിരുന്നു. ഇത് സംബന്ധിച്ച് അവർ വനംവകുപ്പ് മേധാവിക്ക് പരാതി നൽകി.
തുടർന്ന് അന്വേഷണം ജസ്റ്റിൻ സ്റ്റാൻലിയിൽ നിന്നും മാറ്റി പുനലൂർ ഡിഎഫ്ഒയെ ഏൽപ്പിച്ചു. ജസ്റ്റിൻ സ്റ്റാൻലിക്കെതിരായ പരാതി അന്വേഷിക്കാൻ ഫോറസ്റ്റ് കൺസർവേറ്റർ നീതു ലക്ഷ്മി ഐഎഫ്എസിന്റെ നേതൃത്വത്തിലുള്ള ഇന്റേണൽ കംപ്ലയ്ന്റ്സ് കമ്മിറ്റിയെ ഏൽപ്പിക്കുകയും ചെയ്തു.
പുനലൂർ ഡിഎഫ്ഒ നടത്തിയ അന്വേഷണത്തിൽ അഴിമതിക്കേസിൽ ഉദ്യോഗസ്ഥ കുറ്റക്കാരിയെന്ന് തെളിയുകയും വനം വകുപ്പ് മേധാവി കേശവൻ ഐഎഫ്എസിന് സമർപ്പിക്കപ്പെട്ട റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.
സസ്പെൻഷനിലായ ഉദ്യോഗസ്ഥയ്ക്ക് മേലുണ്ടായ ലൈംഗികപീഡനത്തിന്മേൽ സമർപ്പിക്കപ്പെട്ട റിപ്പോർട്ടിൽ മറ്റൊരു ഞെട്ടിക്കുന്ന കണ്ടെത്തൽ കൂടിയുണ്ട്. ഉദ്യോഗസ്ഥ ജസ്റ്റിൻ സ്റ്റാൻലിയിൽ നിന്ന് മാത്രമല്ല, മറ്റൊരു ഫോറസ്റ്റ് ഓഫീസറായ ജി ജയകുമാറിനാലും പീഡിപ്പിക്കപ്പെട്ടു എന്ന് ഇന്റേണൽ കംപ്ലയ്ന്റ്സ് കമ്മിറ്റി കണ്ടെത്തി.
എന്നാൽ ഈ ഉദ്യോഗസ്ഥരെ ട്രാൻസ്ഫർ ചെയ്ത് കേസ് ഒതുക്കിത്തീർക്കാൻ വനം വകുപ്പ് മേധാവി കേശവൻ ഐഎഫ്എസ് ശ്രമിക്കുന്നുവെന്ന ആരോപണം ഉയർന്നിട്ടുണ്ട്. ഇരയുടേത് വകുപ്പിലെ ഏറ്റവും ജൂനിയർ പോസ്റ്റുകളിലൊന്നാണ്. താപ്പാനകൾ വേണ്ടുവോളമുള്ള വനം വകുപ്പിൽ ഇവരെ പോലെ ഒരു ജൂനിയർ ഉദ്യോഗസ്ഥ മാത്രം വിചാരിച്ചാൽ ലക്ഷങ്ങളുടെ വെട്ടും അഴിമതിയും നടത്താൻ കഴിയില്ലെന്ന് ജീവനക്കാർ തന്നെ പറയുന്നു.
ഇവർക്കൊപ്പം അഴിമതിയിൽ പങ്കാളികളായ സീനിയർ ഉദ്യോഗസ്ഥരെ സംരക്ഷിക്കാനാണ് വകുപ്പിലെ സീനിയർ ഉദ്യോഗസ്ഥർ ശ്രമിക്കുന്നതെന്ന പരാതിയുമുണ്ട്. അതിന്റെ ഭാഗമായാണ് അഴിമതിയിലെ മറ്റ് ഉദ്യോഗസ്ഥരിലേയ്ക്ക് അന്വേഷണം പോകാത്തതെന്നും ഒരു ഉദ്യോഗസ്ഥയ്ക്കെതിരെ മാത്രം അന്വേഷണം ഉണ്ടായതെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.
പ്രതികളെ സംരക്ഷിക്കുന്നതിനായി വകുപ്പ് ആസ്ഥാനം കേന്ദ്രമാക്കി ചില ഉന്നതഉദ്യോഗസ്ഥർ ചരടുവലികൾ നടത്തുന്നുണ്ട്. പ്രതിയായ ജസ്റ്റിൻ സ്റ്റാൻലി വകുപ്പ് മേധാവിയുടെ വിശ്വസ്തനായതുകൊണ്ടുതന്നെ ഐഎഫ്എസ് നൽകാൻ പരിഗണിക്കപ്പെടുവരിൽ മുൻപന്തിയിലുള്ളയാളാണ്. അതുകൊണ്ട്കൂടിയാണ് ഈ കേസ് ഇതുവരെയും പൊലീസിൽ റിപ്പോർട്ട് ചെയ്യാൻ വകുപ്പ് തയ്യാറാകാത്തതെന്ന ആക്ഷേപമുണ്ട്.
പീഡനക്കേസുകൾ നല്ല രീതിയിൽ തീർക്കാൻ അസാമാന്യ പാടവമുള്ള വനം വകുപ്പ് മന്ത്രിയുടെ വഴിയെയാണ് വകുപ്പിലെ ഉദ്യോഗസ്ഥരുമെന്ന് തെളിയിക്കുകയാണ് ഈ സംഭവം.