കോഴിക്കോട്: വനം വകുപ്പിലെ അസിസ്റ്റന്റ് കൺസർവേറ്റർമാരുടെ സ്ഥലംമാറ്റ ഉത്തരവ് മന്ത്രി എകെ ശശീന്ദ്രൻ മരവിപ്പിച്ചത് ഉദ്യോഗസ്ഥർക്ക് താക്കീത് നൽകി. ആരോപണവിധേയരായ വനം ഉദ്യോഗസ്ഥരെ നിർണായക തസ്തികകളിൽ പ്രതിഷ്ഠിച്ചുകൊണ്ട് ഇറക്കിയ ഉത്തരവാണ് മന്ത്രി തടഞ്ഞത്. മുട്ടിൽ മരം മുറി അന്വേഷണം അട്ടിമറിക്കാനായിരുന്നു ശ്രമം. മുട്ടിൽ മരം മുറിയിലെ 'ധർമ്മടം' ഫാക്ടർ ഇപ്പോൾ വനം വകുപ്പിനെ സ്വാധീനിക്കുന്നതിന് തെളിവാണ് ഈ സംഭവം.

വനം മേധാവി നേരിട്ട് പ്രിൻസിപ്പൽ സെക്രട്ടറിക്ക് അയച്ച പട്ടിക ഉത്തരവ് ഇറങ്ങുന്നതിന് തലേന്നു മാത്രമാണ് മന്ത്രി കണ്ടത്. തന്നെയും വകുപ്പിനെയും കരി വാരി തേയ്ക്കാനുതകുന്ന വിധത്തിൽ പട്ടിക തയാറാക്കിയതിനെതിരെ കർശനമായ താക്കീതാണ് മന്ത്രി നൽകിയത്. മുട്ടിൽ മരംകൊള്ളക്കേസിലെ പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർ കൈക്കൂലി നൽകിയെന്ന് പരസ്യമായി ആരോപണം ഉന്നയിച്ച ഉദ്യോഗസ്ഥനെയും പടക്കം കടിച്ച് ആന ചരിഞ്ഞതുൾപ്പെടെ ഒട്ടേറെ സംഭവങ്ങളിൽ ആരോപണങ്ങൾ നേരിട്ട ഉദ്യോഗസ്ഥനെയും കോഴിക്കോട്ട് പ്രധാന തസ്തികകളിലേക്കു മാറ്റി.

സ്ഥലംമാറ്റം നടപ്പിലായാൽ മുട്ടിൽ കേസിന്റെ അന്വേഷണം ഇവരുടേതാകും. മരംമുറി പുറത്തുകൊണ്ടുവരികയും ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘത്തിൽ ഉൾപ്പെടുകയും ചെയ്ത ഡിഎഫ്ഒ പി.ധനേഷ് കുമാറിനെ കോഴിക്കോട്ടുനിന്നു മാറ്റുകയും ചെയ്തിരുന്നു. വനം മേധാവി നേരിട്ടു നൽകിയ ഉത്തരവ് ഇറക്കാവുന്നതാണോ എന്ന് പ്രിൻസിപ്പൽ സെക്രട്ടറി ചോദിച്ചപ്പോഴാണ് അന്തിമപട്ടിക മന്ത്രി കാണുന്നത്. അതു വരെ ഒന്നും മന്ത്രി അറിഞ്ഞിരുന്നില്ല. വനം വകുപ്പിലെ കാര്യങ്ങളിൽ മന്ത്രിക്ക് സ്വാധീനമില്ലെന്ന ആരോപണം ശക്തമാക്കുന്നതാണ് പുതിയ ഇടപെടലുകളും.

സംഭവം ശ്രദ്ധയിൽ പെട്ടതോടെ ഓരോ ഉദ്യോഗസ്ഥരുടെയും വിശ്വാസ്യതയെക്കുറിച്ച് മന്ത്രി വനം മേധാവിയോട് പ്രത്യേകം ആരാഞ്ഞിരുന്നു. കോഴിക്കോട്ട് എത്തുന്ന 2 പേരും 'ഭേദപ്പെട്ടവരും ആത്മാർഥത ഉള്ളവരും' എന്ന മറുപടിയാണ് ലഭിച്ചത്. 13ന് ഉത്തരവ് ഇറക്കിയതിനു പിന്നാലെ രൂക്ഷമായ ആരോപണങ്ങളാണ് ഉയർന്നത്. കൈക്കൂലി ആരോപണം നേരിടുന്ന ഉദ്യോഗസ്ഥനു സ്വന്തം നാട്ടിലേക്കു സ്ഥലംമാറ്റം നൽകിയതും മരംമുറി കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതും വകുപ്പിനു കളങ്കമായെന്ന് മന്ത്രി മറുപടി നൽകി.

കളങ്കിതരായ ഉദ്യോഗസ്ഥരിൽ ഒരാളെപ്പോലും സംരക്ഷിക്കേണ്ടതില്ല എന്ന കർശന നിർദ്ദേശത്തോടെയാണ് മന്ത്രി ഉത്തരവ് മരവിപ്പിച്ചത്. ഇത്തരത്തിലെ ഇടപെടൽ അംഗീകരിക്കില്ലെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.