- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പി എസ് സി നിയമനങ്ങൾ നടക്കുമ്പോൾ പുറത്താക്കുന്നത് താൽകാലിക്കക്കാരിലെ സീനിയർമാരെ; വനംവകുപ്പിൽ നിന്ന് സിപിഐക്കാരായ താൽകാലികക്കാരെ പുറത്താക്കാൻ നീക്കം തകൃതി; വനംവകുപ്പ് ആസ്ഥാനത്ത് പുതിയ വിവാദം
തിരുവനന്തപുരം: താൽകാലിക ജീവനക്കാരുടെ വേദന കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് പറഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയനാണ്. സിപിഎമ്മിന് വേണ്ടപ്പെട്ടവരെ എല്ലാം കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സ്ഥിരപ്പെടുത്തുകയും ചെയ്തു. എന്നാൽ മറ്റു പാർട്ടിയിൽ പെട്ട താൽകാലികക്കാരോട് സിപിഎമ്മിന് വിരോധമാണ്. ഈ വെട്ടിനിരത്തുകൾക്ക് തുടക്കമിടുകയാണ് വനംവകുപ്പിലൂടെ. ഒഴിവുള്ള തസ്തികയിൽ പി എസ് സിക്കാരെത്തുമ്പോൾ സീനിയറായ താൽകാലിക ജീവനക്കാരെയാണ് ഇടതു സർക്കാർ മാറ്റി നിർത്തുന്നത്.
വനംവകുപ്പ് ആസ്ഥാനത്ത് താൽകാലികക്കാരായ ഇരുപതിലേറെ ഡ്രൈവർമാരുണ്ട്. ഇതിൽ പലരും പത്ത് വർഷത്തിലേറെ സർവ്വീസുകള്ളവരാണ്. എന്നാൽ സർവ്വീസിലെ സീനിയോറിട്ടി നോക്കാതെ വണ്ടികൾ നിഷേധിക്കുകയാണ് ഫോറസ്റ്റ് വകുപ്പ്. വനംമന്ത്രി എകെ ശശീന്ദ്രനാണ്. എൻസിപിക്ക് വനംവകുപ്പ് കിട്ടിയതിന്റെ പ്രതിഫലനം കൂടിയാണ് ഇത്. കാലാകാലങ്ങളായി ഇടതുഭരണമുണ്ടാകുമ്പോൾ സിപിഐക്കായിരുന്നു വനം വകുപ്പ്. അതുകൊണ്ട് തന്നെ താൽകാലിക ജീവനക്കാരായി ഉണ്ടായിരുന്നവർ സിപിഎമ്മിന് താൽപ്പര്യമില്ലാത്തവർ കൂടിയാണ്. ഇതു മനസ്സിലാക്കിയാണ് പി എസ് സി നിയമനത്തിന്റെ മറവിൽ സീനിയർ താൽകാലികക്കാരെ പുറത്താക്കുന്നത്.
വർഷങ്ങളായി ജോലി ചെയ്യുന്നവരുടെ ഉപജീവനമാർഗ്ഗമാണ് ഇതോടെ അവസാനിക്കുന്നത്. സാധാരണ ഇത്തരം സന്ദർഭങ്ങളിൽ സീനിയോറിട്ടി നോക്കി ജീവനക്കാരെ നിലനിർത്തുകയും അവസാനം എത്തിയവരെ മാറ്റുകയുമാണ് പതിവ്. ഇതാണ് വനംവകുപ്പിൽ അട്ടിമറിക്കപ്പെടുന്നത്. ഫലത്തിൽ സീനിയോറിട്ടിയുള്ളവർക്ക് തൊഴിൽ നഷ്ടവുമുണ്ടാകും. പത്ത് വർഷത്തിലേറെ താൽകാലിക ജോലി ചെയ്തവരെ പിരിച്ചുവിടുന്നതിലെ മാനുഷിക വശങ്ങൾ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് സിപിഎമ്മും മുഖ്യമന്ത്രിയും ചർച്ചയാക്കിയിരുന്നു. എന്നാൽ ഇതിന് വിരുദ്ധമായ ഇടപെടലാണ് ഇപ്പോൾ നടക്കുന്നത്.
വനംവകുപ്പിൽ നിന്ന് സിപിഐക്കാരായ താൽകാലികക്കാരെ പുറത്താക്കാനാണ് ഇതെല്ലാമെന്ന ആരോപണവും ശക്തമാണ്. സിപിഐ മന്ത്രി വകുപ്പ് ഭരിക്കുമ്പോഴും വനംവകുപ്പ് ആസ്ഥാനത്ത് സിപിഎം അനുകൂല സംഘടനക്കാർ പിടിമുറുക്കാൻ ശ്രമിച്ചിരുന്നു. വനം വകുപ്പിൽ ശശീന്ദ്രൻ മന്ത്രിയായതോടെ കാര്യങ്ങളെല്ലാം സിപിഎം നിയന്ത്രണത്തിലുമായി. ഇതിന് പിന്നാലെയാണ് താൽകാലികക്കാരിലെ സീനയർമാരെ പുറത്താക്കുന്ന തന്ത്രവും നടപ്പാക്കുന്നതെന്നാണ് ആരോപണം.
മറുനാടന് മലയാളി ബ്യൂറോ